ഉത്തർപ്രദേശിലെ ഗുണ്ടാതലവൻ വികാസ് ദുബെയെ പോലീസ് വെടിവെച്ച് കൊന്നു. അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടപ്പോൾ ഓടാൻ ശ്രമിച്ചതിനാണ് ദുബെയെ വെടിവെച്ചതെന്ന്. മധ്യപ്രദേശിൽ നിന്ന് കാൺപൂരിലേക്ക് ദുബെയെ കൊണ്ടുവരും വഴിയാണ് പൊലീസ് ജീപ്പ് അപകടത്തിൽ പെട്ടത്. ഉത്തർപ്രദേശിൽ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയതിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മധ്യപ്രദേശിലെ ഉജ്ജയിനിയിൽ വച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഉജ്ജയിനിയിലെ മഹാകൽ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന വികാസിനെ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.
കൊലപാതകം, വധശ്രമം ഉൾപ്പെടെ അറുപതോളം കേസുകളിൽ ദുബെ പ്രതിയാണ്. ദുബെയെ പിടികൂടാനായി വീട് റെയ്ഡ് ചെയ്ത ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെ 8 പോലീസുകാരെയാണ് ദുബെയുടെ സംഘം വെടിവെച്ച് കൊന്നത്.