നരകമില്ല എന്നവർ പ്രഖ്യാപിക്കും: യേശുവിന്റെ അന്ത്യകാല സന്ദേശം

0
130

മരിയ ഡിവൈൻ മെഴ്സിക്കു കിട്ടിയ യുഗാന്തകാല സന്ദേശങ്ങൾ കത്തോലിക്കാ സഭയുടെ യുഗാന്തകാല പ്രബോധനങ്ങളുടെയും സമകാലിക സംഭവങ്ങളുടെയും വെളിച്ചത്തിൽ വിലയിരുത്തുമ്പോൾ അവ പരസ്പര പൂരകങ്ങളാണെന്നു അത്ഭുതത്തോടെ നാം തിരിച്ചറിയുന്നു. ക്രിസ്തീയ സഭകളിൽ വിശ്വാസം നഷ്ടം വ്യാപകമാവുകയും, വ്യാജ ആത്മീയതയും സാത്തനിക ആരാധനയും തഴച്ചുവളരുകയും സമാധാനത്തിന്റെ പരിവേഷത്തോടെ എതിർക്രിസ്തു ആഗോളഭരണാധികാരിയായി രംഗ പ്രവേശം ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കെ ഈ പ്രവചനങ്ങൾ വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചാൽ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും എന്നുള്ളത്
യാഥാർഥ്യം മാത്രം.

എൻറെ പ്രിയ മകളെ, യേശുവാ മിശിഹായായ ഞാൻ ഇപ്പോൾ ലോകത്തോട് സംസാരിച്ചിരുന്നില്ലെങ്കിൽ അനേകം ആത്മാക്കൾ ഒരിക്കലും പറുദീസയുടെ പടിവാതിലുകൾ കടക്കില്ലായിരുന്നു. നന്ദിഹീനരായ അനേകം ആത്മാക്കൾ എൻറെ പ്രമാണങ്ങളെ അനുസരിക്കുന്നില്ല. പകരം എന്നെ വെറുപ്പിക്കുന്ന പുതിയ വ്യാഖ്യാനങ്ങൾ സ്വയം ചമയ്ക്കുന്നു. ആത്മരക്ഷ എന്ന അവകാശം കരസ്ഥമാക്കുന്നതിനുള്ള മാർഗ്ഗമായി സത്യത്തെക്കുറിച്ചുള്ള നിയമങ്ങൾ മനുഷ്യന് ദാനമായി നൽകപ്പെട്ടിരുന്നു. ദൈവികനിയമങ്ങളുടെ സ്വയം ചമയ്ക്കുന്ന വ്യാഖ്യാനങ്ങൾ അനുസരിച്ചാൽ ഒരിക്കലും പറുദീസയിൽ എത്താൻ കഴിയില്ല എന്ന് നിങ്ങൾക്കറിയാമല്ലോ? മനുഷ്യൻറെ അഹന്ത അവൻറെ എളിമയെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. മനുഷ്യരാരും ഇപ്പോൾ ദൈവത്തെ ശുശ്രൂഷിക്കേണ്ട രീതിയിൽ ശുശ്രൂഷിക്കുന്നില്ല. അതിനുപകരം അവൻ സ്വന്തം ഭാവനാശക്തി കൊണ്ട് മറ്റൊരു സ്വർഗ്ഗം വിഭാവനം ചെയ്യുന്നു. ഇപ്പോൾ എൻറെ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന എൻറെ ദാസർ ഒരിക്കലും നരകം എന്നൊന്നുണ്ടെന്ന് പറയുന്നില്ല. സാത്താൻറെ കെണിയിലകപ്പെട്ട മതനിരപേക്ഷ സമൂഹത്തിൻറെ പരിഹാസം ഭയന്ന് നരകം എന്ന വാക്ക് ഉച്ചരിക്കുന്നതുപോലും എൻറെ വൈദികർക്ക് ബുദ്ധിമുട്ടാണ്. നരകം എന്നത് പാവം ആത്മാക്കൾ ആയിരിക്കുന്ന ഒരിടമാണ്. അങ്ങനെയൊരിടമുണ്ടെന്ന സംശയമേയില്ലാതെ ജീവിച്ച ശേഷം ഭീകരതയുടെ ഈ അഗാധഗർത്തത്തിലേക്ക് തൻറെ മരണനിമിഷത്തിൽതന്നെ എറിയപ്പെടുന്ന ആത്മാക്കളെ ഓർത്ത് ഞാൻ എത്രയധികം വേദനിക്കുന്നു.

സത്യത്തിനു നേരെ കണ്ണടച്ചിരിക്കുന്ന ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത് അത്യാവശ്യമാണെന്ന് ദൈവമക്കളോട് പറഞ്ഞു കൊടുക്കണം. ഇതാ ഉടനെ തന്നെ നരകം എന്നൊരു സ്ഥലം ഇല്ലെന്ന് അവർ പ്രഖ്യാപിക്കാൻ പോകുന്നു. വലിയ കുഴപ്പമൊന്നുമില്ലാതെ മാന്യമായി ജീവിക്കുന്ന ഏതൊരാളും അവർ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിത്യജീവിതത്തിലേക്ക് നയിക്കപ്പെടും എന്ന് അവർ ദൈവമക്കളോട് പറയും. എന്നാൽ ഇത് നുണയതേ. നരകത്തിൽ നിന്ന് മടക്കയാത്രയില്ല. അത് നിത്യകാലത്തേയ്ക്കുള്ളതാണ്.

പരസ്യമായും രഹസ്യമായും എന്നെ തള്ളിപ്പറഞ്ഞ അനേകം ആത്മാക്കൾ നരകത്തിൽ പീഢയനുഭവിക്കുന്നു. സാത്താൻറെ വെറുപ്പും, അനുഭവിക്കുന്ന വേദനാജനകമായ പീഢനങ്ങളും അവരുടെ നിരാശ വർദ്ധിപ്പിക്കുന്നു. ഒരാത്മാവ് നരകത്തിൽ എത്തിക്കഴിഞ്ഞാൽ സാത്താൻ അവൻറെ തനിനിറം പുറത്തെടുക്കുന്നു. അവരോടുള്ള വെറുപ്പും തൻറെ ദുഷ്ടതയും കൗടില്യവും ഓരോ നിമിഷവും അവൻ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ജീവിതകാലം മുഴുവൻ തങ്ങൾ ആരെ ആരാധിച്ചുവോ, ആർക്ക് ശുശ്രൂഷ ചെയ്തുവോ അതേ സാത്താനോട് ഇപ്പോൾ തങ്ങൾക്ക് തോന്നുന്ന കഠിനമായ വെറുപ്പാണ് അവരുടെ
വേദനയുടെ ഒരു കാരണം. എങ്കിലും എന്നിൽ നിന്ന് വേർപെട്ടിരിക്കുന്ന അവസ്ഥയും അവരനുഭവിക്കുന്ന അന്ധകാരത്തിൻറെ വേദനയുമാണ് അവരെ ഏറ്റവുമധികം വിഷമിപ്പിക്കുന്നത്. ആരെങ്കിലും എൻറെ നാമത്തിൽ നരകം എന്നൊരിടം ഇല്ലാ എന്ന് നിങ്ങളോട് പറഞ്ഞാൽ അതിൻറെ അർത്ഥം അയാൾക്ക് നിങ്ങളുടെ ആത്മരക്ഷയുടെ കാര്യത്തിൽ ഒരു താല്പര്യവും ഇല്ലാ എന്നാണ്.

നരകം ഇല്ല എന്നു നിങ്ങൾ വിശ്വസിച്ചുകഴിഞ്ഞാൽ പാപം എന്നത് അപ്രസക്തമാകുന്നു. പാപം എന്നൊന്നില്ല എന്ന് കരുതുന്ന ഒരാൾക്ക് എന്നെ സേവിക്കാനും കഴിയില്ല. സ്വന്തം പാപങ്ങൾക്ക് എൻറെ അടുക്കൽ മാപ്പ് ചോദിക്കാതെ ഒരാൾക്കും എൻറെ രാജ്യത്തിലെ മഹത്വപൂർണ്ണമായ നിത്യജീവൻ ലഭിക്കില്ല. ഇത്തരത്തിൽ നരകമില്ല എന്നും പാപമില്ല എന്നുമുള്ള പുത്തൻ സിദ്ധാന്തങ്ങളായിരിക്കും ഉടനെ തന്നെ പുറത്തുവരാനിരിക്കുന്ന സംവിധാനത്തിൻറെ കേന്ദ്രബിന്ദു. നിങ്ങളെ വീണ്ടെടുക്കാനായി ഞാൻ വീണ്ടും വരുന്ന കർത്താവിൻറെ മഹാദിനത്തിനായി ഒരുങ്ങണം എന്ന കാര്യം അവഗണിക്കാൻ ഇതു വഴിയായി നിങ്ങൾ പ്രേരിപ്പിക്കപ്പെടും.

ഞാനിത് പറയുന്നത് നിങ്ങളെ ഭയപ്പെടുത്താനല്ല. മറിച്ച്, മുന്നറിയിപ്പ് നൽകാനാണ്. പാപം ജീവിതത്തിൻറെ ഭാഗമാണെന്ന് അംഗീകരിക്കാൻ ഞാൻ നിങ്ങളോടപേക്ഷിക്കുന്നു. ഏഴ് മൂലപാപങ്ങളിൽ നിന്ന് എപ്പോഴും ഒഴിഞ്ഞുനിൽക്കുക. അപ്പോൾ നിങ്ങൾ എൻറെ കൃപയിൻകീഴിലായിരിക്കും. എപ്പോഴും കുമ്പസാരത്തിനണയുക. അത് അനുദിനം ചെയ്യുക. എന്നോട് സംസാരിക്കുകയും പാപമോചനം നേടുകയും ചെയ്യുക. അന്യമതങ്ങളിലും വിശ്വാസങ്ങളിലും പെട്ടവരും കുമ്പസാരമെന്ന കൂദാശ സ്വീകരിക്കാൻ അർഹതയില്ലാത്തവരുമായവർ ഞാൻ നൽകുന്ന പൂർണ്ണ ദണ്ഡവിമോചനം എന്ന സമ്മാനം സ്വീകരിക്കട്ടെ.