മരിയ ഡിവൈൻ മേഴ്സിക്ക് പിതാവായ ദൈവവും, ഈശോയും, പരിശുദ്ധ ദൈവമാതാവും വഴി ലഭിച്ച സന്ദേശങ്ങളാണ് ബുക് ഓഫ് ട്രൂത്ത് എന്ന ഗ്രന്ഥത്തിലടങ്ങിയിരിക്കുന്നത്. യേശുവിന്റെ രണ്ടാം വരവിനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെകുറിച്ചും മരിയ ഡിവൈൻ മേഴ്സിക്ക് ദർശനം ലഭിച്ചിരുന്നു
പരിശുദ്ധ കുർബ്ബാന പൂർണ്ണമായും നിർത്തലാക്കി കഴിയുമ്പോൾ എതിർക്രിസ്തു എൻറെ സഭയിൽ പ്രവേശിക്കും.
എൻറെ പ്രിയ മകളേ, വിശ്വാസത്യാഗം സഭയിൽ ആഞ്ഞടിക്കുമ്പോൾ എന്നെ ശുശ്രൂഷിക്കുന്നവർക്ക് ഏറ്റവും വലിയ പരീക്ഷണങ്ങൾ നേരിടേണ്ടി വരുന്നത് സഭയുടെ അകത്തളങ്ങളിൽ നിന്നു തന്നെയായിരിക്കും. ഭൂമിയിലെ എൻറെ സഭയിലെ പ്രതിസന്ധികൾ കാരണം അനേകം വൈദികർ ഒരു ഭയാനകമായ വിഷമഘട്ടത്തിലാകും. അവരിൽ വളരെപ്പേരുടെ വിശ്വാസത്തിന് ഇതിനോടകം തന്നെ ഇളക്കം തട്ടിക്കഴിഞ്ഞിരിക്കും. അവർക്ക് യഥാർത്ഥ വിശ്വാസത്തിൽ ഉറച്ചുനിൽക്കണമോ, അതോ അതിന് പകരമായി കൊണ്ടുവന്നിട്ടുള്ള വ്യാജസിദ്ധാന്തങ്ങളെ സ്വീകരിക്കണമോ എന്ന് തീരുമാനമെടുക്കേണ്ടിവരും. അവരിൽ ഏറ്റവും ഭക്തനായവൻപോലും സഭയിലെ കപടവേഷധാരികളുടെ ആക്രോശങ്ങളിൽ മുങ്ങിപ്പോകുകയും ഇന്നത്തെ ലോകത്തിൽ എൻറെ പ്രബോധനങ്ങളുടെ പ്രസക്തിയെ ചോദ്യം ചെയ്യുകയും ചെയ്യും. കാരണം പാപം എന്നതിന് പ്രത്യേകിച്ച് സാംഗത്യമൊന്നും ഇല്ലെന്ന് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുമല്ലോ. ഈ മാറ്റത്തിൻറെ വിത്ത് വിതയ്ക്കാനാവശ്യമായ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. സാത്താൻറെ പുത്രൻ പുതിയ വ്യാജസഭയെ ആശ്ലേഷിക്കാനും ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
എൻറെ സഭ ഭയാനകമായ അന്ധകാരത്തിൻറെ ഒരു കാലഘട്ടം അനുഭവിക്കേണ്ടിവരും. എന്നോട് വിശ്വസ്തരായിരിക്കുന്നവർ എല്ലാവരും എൻറെ കുരിശുമരണത്തിൻറെ വേദനയിലൂടെ കടന്നുപോകേണ്ടതായും വരും. എൻറെ പരിശുദ്ധ നാമത്തിനെ നിന്ദിക്കുന്ന എല്ലാ കാര്യങ്ങളും സഭയ്ക്കകത്ത് സ്വീകാര്യമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള വിപ്ലവകരമായ പ്രസ്താവനകളായിരിക്കും എൻറെ ശത്രുക്കൾ നടത്തുക. ഭീരുത്വം എന്ന പാപം മൂലം വളരെക്കുറച്ചു വൈദികർ മാത്രമേ സഭയിലെ ഈ അശുദ്ധമാക്കലിനെതിരെ പോരാടുകയുള്ളു. എങ്കിലും ഇത് അറിഞ്ഞിരിക്കുക. അവർ വ്യാജ ബലികളിലും വ്യാജ കൂദാശകളിലും അബദ്ധപ്രബോധനങ്ങളിലും പങ്കെടുക്കുകയും, അവയെ എൻറെ വിശ്വസ്ത അനുയായികളുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുകയാണെങ്കിൽ അവരെ എൻറെ മുമ്പിൽ നിൽക്കാൻ യോഗ്യതയില്ലാത്തവരായി ഞാൻ തള്ളിക്കളയും.
തെറ്റായ വഴികളിലൂടെ എൻറെ സഭയിൽ കടന്നുകയറുന്നവരുടെ കരങ്ങളിലൂടെയായിരിക്കും സാധാരണ മനുഷ്യർക്ക് അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങൾ ഏറെയും സംഭവിക്കുക. എൻറെ ശരീരം എന്നത് എൻറെ യഥാർത്ഥ ഭൗതികശരീരമല്ല എന്നും മറ്റെന്തോ ആണ് എന്നും അവർ പറയുമ്പോൾ നിങ്ങൾ സ്വീകരിക്കുന്ന ദിവ്യകാരുണ്യം എൻറേതല്ല എന്ന് അറിഞ്ഞുകൊള്ളുക. പരിശുദ്ധ ദിവ്യകാരുണ്യത്തിൻറെ അർത്ഥം മാറ്റാൻ നിങ്ങൾ അവരെ ഒരിക്കലും അനുവദിക്കരുത്. പരിശുദ്ധ കുർബ്ബാന പൂർണ്ണമായും നിർത്തലാക്കുമ്പോഴായിരിക്കും എതിർക്രിസ്തു എൻറെ സഭയിൽ പ്രവേശിക്കുകയും അതിൻറെ നിയന്ത്രണം കൈയടക്കുകയും ചെയ്യുന്നത്. ഈ ദിവസത്തിലായിരിക്കും രാഷ്ട്രീയ ലോകം ക്രിസ്തീയസഭകളുമായി ഒന്നായിച്ചേരുന്നത്. അന്നുമുതൽ ഞാൻ അവിടെ സന്നിഹിതനായിരിക്കില്ല എന്നും നിങ്ങൾ അറിഞ്ഞിരിക്കണം. എങ്കിലും എൻറെ സഭ മരിക്കില്ല. എൻറെ ശിഷ്ട സൈന്യം എൻറെ പ്രകാശത്തെയും എൻറെ സാന്നിദ്ധ്യത്തെയും ലോകത്തിൽ നിലനിർത്തും. അനേകർക്ക് രഹസ്യസങ്കേതങ്ങളിൽ ആരാധന നടത്തേണ്ടിവരും. അവിടെ ദൈവകൃപയാൽ എൻറെ വിശുദ്ധ വൈദികർ സഭയെ നേരാംവണ്ണം കാത്തുപരിപാലിക്കും.
എതിർക്രിസ്തു എന്ന സാത്താൻറെ സന്തതി ഉഗ്രരൂപിയായോ ഏകാധിപതിയായോ ആയിട്ടായിരിക്കും പ്രത്യക്ഷപ്പെടുക എന്ന് ഒരിക്കലും കരുതരുതേ. അവൻറെ ശൈലി അതല്ല. അവന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരിക്കും. ഗവൺമെൻറുകളും സഭയിലെ എൻറെ ശത്രുക്കളും അവൻറെ ഓരോ നീക്കത്തെയും ഉച്ചത്തിൽ പുകഴ്ത്തുകയും അവസാനം അവന് എൻറെ സഭയിൽ ഒരു ഓണററി സ്ഥാനം നൽകുകയും ചെയ്യും. കർദ്ദിനാൾമാരും ബിഷപ്പുമാരും സഭയിലെ മറ്റ് അംഗങ്ങളും അവനെക്കുറിച്ച് വാതോരാതെ ദൈവാലയ പ്രസംഗങ്ങളിൽ സംസാരിക്കും. അവൻറെ വശീകരണശക്തി മാസ്മരികമായിരിക്കും. സാത്താൻറെ അസാധാരണ ശക്തി ഉപയോഗിച്ച് അവൻ എൻറെ സഭയിൽ തീരുമാനങ്ങളെടുക്കേണ്ട എല്ലാവരെയും തന്നിലേക്ക് ആകർഷിക്കുകയും അങ്ങനെ അവസാനം അവരെല്ലാം എതിർക്രിസ്തുവാണ് ഞാൻ എന്ന തരത്തിൽ അവൻറെ മുമ്പിൽ കുമ്പിടുകയും ചെയ്യും.
വിശ്വാസത്തിൽ നിന്നു വീണുപോയവരെങ്കിലും തിരുപ്പട്ടത്തിനാൽ അനുഗ്രഹിക്കപ്പെട്ടവരും എന്നാൽ അധികാരമോഹികളുമായ പുരോഹിതരിലൂടെയാണ് എതിർക്രിസ്തു അധികശക്തി നേടുന്നത്. എൻറെ ശുശ്രൂഷകരുടെയിടയിൽ നിന്ന് വഴിതെറ്റിപ്പോയ ഈ പാവം ചതിയന്മാരിലൂടെ അവൻ സഭയ്ക്കുള്ളിലെ അധികാരത്തിൻറെ അവസാനത്തെ കണികവരെ തൻറെ നിയന്ത്രണത്തിലാക്കും. അങ്ങനെ ആ സഭയുടെ തലവനായി തനിക്ക് കടന്നുവരാനുള്ളതെല്ലാം അവൻ ഒരു ക്കും .
അന്ധകാരത്തിൻറെ ഈ കാലയളവിലെല്ലാം സൗമ്യവും വശീകരണശക്തിയുള്ളതുമായ പെരുമാറ്റത്തിലൂടെ എൻറെ ശത്രുക്കൾ നുണയെ സത്യമായി അവതരിപ്പിക്കാനുള്ള വലിയ കഴിവ് പ്രകടിപ്പിക്കും. സംരക്ഷണത്തിനുവേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നവരും തങ്ങളെ പഠിപ്പിച്ചിട്ടുള്ള രീതിയിലെല്ലാം സാത്താനെ ഉപേക്ഷിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ എതിർക്രിസ്തുവിൻറെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയുള്ളൂ.