ക്രൈസ്തവര്‍ പ്രാര്‍ഥിക്കേണ്ടതെങ്ങനെ? എങ്ങനെ പ്രാര്‍ഥിച്ചാല്‍ ആവശ്യങ്ങള്‍ സഫലമാകും

0
246

വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനൊന്നാം അദ്ധ്യായം ഒന്നുമുതല്‍ പതിമൂന്ന് വരെയുള്ള തിരുവചനങ്ങളില്‍ എപ്രകാരമാണ് ഒരു വ്യക്തി പ്രാര്‍ത്ഥിക്കേണ്ടത്, പ്രത്യേകിച്ച് ക്രൈസ്തവര്‍ എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ദൈവികമായ ഒരു കാഴ്ചപ്പാടാണ് സുവിശേഷം നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

സ്വര്‍ഗ്ഗസ്ഥനായ പിതാവ്

യേശു പഠിപ്പിച്ച, സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന് തുടങ്ങുന്ന മനോഹരമായ പ്രാര്‍ത്ഥനയാണ് ലൂക്കയുടെ സുവിശേഷം പതിനൊന്നാം അദ്ധ്യായത്തിന്റെ ആദ്യ നാലു വചനങ്ങളില്‍ നാം കണ്ടുമുട്ടുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍, മലമുകളിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന പഠിപ്പിക്കുന്ന യേശുവിനെ നാം കാണുന്നത് (Mt 6:9-15). എന്നാല്‍ വിശുദ്ധ ലൂക്കാ വിവരിക്കുന്നത് ഇതേ പ്രാര്‍ത്ഥനയുടെ ഒരു ചെറിയ രൂപമാണ്. ഇവിടെ തന്റെ ശിഷ്യന്മാരുടെ ആവശ്യപ്രകാരമാണ് യേശു സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന പഠിപ്പിക്കുന്നത്. യേശു തന്റെ ശിഷ്യന്മാരെ ഈ പ്രാര്‍ത്ഥന പഠിപ്പിക്കുന്ന പശ്ചാത്തലം നമ്മുടെ പ്രയോഗികജീവിതവുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള ഒന്നാണ്. ഒന്നാം വാക്യത്തില്‍ ലൂക്കാശ്ലീഹാ ഇങ്ങനെയാണ് സാക്ഷ്യപ്പെടുത്തുക ‘അവന്‍ ഒരിടത്ത് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക’. രണ്ടു കാര്യങ്ങള്‍ ഇവിടെ ശ്രദ്ധേയമാണ്. ഒന്ന് യേശുവിന് മുന്നോടിയായി വന്ന യോഹന്നാന്‍ തന്റെ ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചതിനെക്കുറിച്ച്, അവന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യേശുവിന്റെ ശിഷ്യന്മാര്‍ക്ക്, അതുപോലെ തന്നെ അന്നത്തെ സമൂഹത്തിന് ഏറെക്കുറെ ഒരു അവബോധമുണ്ട്. രണ്ടാമത്തെ ഒരു കാര്യം, യേശു തന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുന്നത്, ശിഷ്യന്മാര്‍ക്ക് മാതൃകയാകുന്നുണ്ട് എന്നതാണ്. അതായത്, പ്രാര്‍ത്ഥനയിലൂടെ പിതാവായ ദൈവവുമായി അവന്‍ ബന്ധപ്പെടുന്നത് ക്രിസ്തുശിഷ്യര്‍ക്ക് ഒരു സാക്ഷ്യമായി മാറുന്നുണ്ട്. ക്രിസ്തുവിന്റെ ജീവിതം പോലെ ഓരോ ക്രൈസ്തവന്റെയും പ്രാര്‍ത്ഥനയും വിശ്വാസജീവിതവും ലോകത്തിന് സാക്ഷ്യമായി മാറേണ്ടതുണ്ട്. നമ്മുടെ ജീവിതം, നമ്മുടെ പ്രാര്‍ത്ഥനാജീവിതം നമ്മുടെ കൂടെയുള്ള, സഹോദരങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും, ലോകത്തിനും ഒക്കെ മാതൃകയാകുന്നുണ്ടോ എന്ന ഒരു ചോദ്യം ഇവിടെ തിരുവചനം ഉയര്‍ത്തുന്നുണ്ട്. ദൈവത്തിന്റെ പിതൃത്വത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നു എന്നതും, തങ്ങളുടെ അനുദിനജീവിതത്തില്‍ ഓരോ ക്രൈസ്തവനും ദൈവപിതാവിനോട് കടപ്പെട്ടിരിക്കുന്നു എന്ന ബോധ്യം നല്‍കുന്നു എന്നതും ഈ മനോഹരമായ പ്രാര്‍ത്ഥനയുടെ മറ്റു പ്രത്യേകതകളാണ്. നമ്മുടെ അസംഖ്യം പാപങ്ങള്‍ പശ്ചാത്താപത്തോടെ ഏറ്റുപറയുമ്പോള്‍ നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും ക്ഷമയുടെയും അനുഭവത്തിനും, ജീവിതത്തിന്റെ അനേകം പരീക്ഷണയിടങ്ങളില്‍ നമ്മെ സംരക്ഷണമേകി ചേര്‍ത്തുനിറുത്തുന്നതിനും നാം കടപ്പെട്ടിരിക്കുന്നത് ഇതേ പിതാവായ ദൈവത്തോടാണ്. ക്ഷമിക്കുന്ന, സ്‌നേഹിക്കുന്ന, കരുതലുള്ള ഒരു ദൈവമാണ് ദൈവപുത്രനായ ക്രിസ്തു നമുക്ക് കാണിച്ചുതരുന്ന പിതാവായ ദൈവം.

സ്ഥിരോത്സാഹത്തോടെയുള്ള പ്രാര്‍ത്ഥന

പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട ഇന്നത്തെ സുവിശേഷഭാഗത്തിന്റെ രണ്ടാമത്തെ ഭാഗം പ്രാര്‍ത്ഥനയില്‍ നമുക്കുണ്ടാകേണ്ട സ്ഥിരോത്സാഹവുമായി ബന്ധപ്പെട്ടതാണ്. ഇന്നത്തെ സുവിശേഷഭാഗത്തിന്റെ അഞ്ചുമുതല്‍ എട്ടു വരെയുള്ള ഭാഗത്ത് ഈയൊരു കാര്യമാണ് യേശു ഉദാഹരണസഹിതം തന്റെ ശിഷ്യര്‍ക്ക് പറഞ്ഞു കൊടുക്കുന്നത്. ഒരുവന്റെ അടുത്ത് അര്‍ധരാത്രിയില്‍ മൂന്ന് അപ്പത്തിനായി ചെല്ലുന്ന ഒരു സുഹൃത്തിന്റെ കാര്യമാണ് ഇവിടെ യേശു പറയുക. ന്യായമായ തടസങ്ങളാണ് ആ മനുഷ്യന്, അപ്പം അന്വേഷിച്ചുവന്ന സുഹൃത്തിനോട് പറയുവാനുള്ളത്. അര്‍ദ്ധരാത്രിയായി, കുഞ്ഞുങ്ങളുടെ കൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാന്‍ സാധിക്കുകയില്ല’. എന്നിട്ട് യേശു പറഞ്ഞുവയ്ക്കുന്നു, ‘സ്‌നേഹിതനാണ് എന്നതിന്റെ പേരില്‍ അവന് ഒന്നും കൊടുക്കുകയില്ലെങ്കില്‍ത്തന്നെ, നിര്‍ബന്ധം നിമിത്തം എഴുന്നേറ്റ് അവന് വേണ്ടത് നല്‍കും’.

യേശുവിന്റെ വാക്കുകളാണ് നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉറപ്പു നല്‍കുന്നത് ‘ചോദിക്കുവിന്‍, നിങ്ങള്‍ക്ക് ലഭിക്കും. അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍, നിങ്ങള്‍ക്ക് തുറന്നുകിട്ടും’. നമ്മുടെ ആവശ്യങ്ങളിലും ബുദ്ധിമുട്ടുകളിലും, ദൈവത്തിന്റെ സന്നിധിയില്‍ മറുപടി ലഭിക്കുമെന്ന പ്രതീക്ഷയോടെ അന്വേഷിക്കുവാനും അപേക്ഷിക്കുവാനും തക്ക ഒരു വിശ്വാസം നമുക്കുണ്ടോ? അതോ അനേകം വാതിലുകള്‍ മുട്ടുന്നതില്‍ ഒരു വാതില്‍ മാത്രമായി ക്രിസ്തുവും പിതാവായ ദൈവവും പരിശുദ്ധാത്മാവുമൊക്കെ മാറുന്നുണ്ടോ?

സഫലമാകുന്ന പ്രാര്‍ത്ഥനകള്‍

ഇന്നത്തെ സുവിശേഷഭാഗത്തിന്റെ മൂന്നാമത്തെ ഒരു ചിന്ത നമ്മുടെ പ്രാര്‍ത്ഥനകള്‍ നന്മയ്ക്കുവേണ്ടിയുള്ളവയും ദൈവഹിതത്തോട് ചേര്‍ന്ന് പോകുന്നവയുമാണെങ്കില്‍ അവ സാഫല്യമടയുമെന്നതിനെക്കുറിച്ചാണ്. ഒരു ശിശുവിന് തുല്യമായ വിശ്വാസത്തോടെ, തന്റെ പ്രാര്‍ത്ഥനകള്‍ പിതാവായ ദൈവം തള്ളിക്കളയില്ല എന്ന ഉറച്ച ബോധ്യത്തോടെയാണ് പ്രാര്‍ത്ഥക്കേണ്ടതെന്ന് സുവിശേഷവചനങ്ങള്‍ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. തന്റെ മക്കള്‍ക്ക് നല്ലതു മാത്രം നല്‍കുവാന്‍ ആഗ്രഹിക്കുന്ന ഒരു പിതാവിനെപ്പോലെയാണ് ദൈവമെന്ന് യേശു നമ്മോട് ഇന്നത്തെ സുവിശേഷത്തില്‍ പറയുന്നുണ്ട്. സ്വര്‍ഗ്ഗോന്മുഖമായ ഒരു ജീവിതമായിരിക്കണം ക്രൈസ്തവന്റെത്. അങ്ങനെ സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാന്‍ വേണ്ട കാര്യങ്ങള്‍ക്കുവേണ്ടിയുള്ള അപേക്ഷകള്‍ ദൈവം തള്ളിക്കളയില്ല എന്ന് വചനത്തിലൂടെ ക്രിസ്തു നമ്മോട് പറഞ്ഞു വയ്ക്കുകയാണ്. സ്വര്‍ഗ്ഗസ്ഥനായ പിതാവിനോട് അപേക്ഷിക്കേണ്ടതെന്തെന്ന് യേശു കൃത്യമായി പറയുന്നുമുണ്ട്. പരിശുദ്ധാത്മാവിനെ, അതെ, വിശ്വാസജീവിതത്തില്‍ നമ്മുടെ കാല്‍പ്പാടുകളെയും, നമ്മുടെ തീരുമാനങ്ങളെയും, തിരഞ്ഞെടുപ്പുകളെയും നേരായ വഴിയേ നയിക്കാന്‍ കഴിവുള്ള പരിശുദ്ധാതമാവിനെയാണ് പിതാവിനോട് നാം അപേക്ഷിക്കേണ്ടത്. കാരണം, ദൈവഹിതമനുസരിച്ചാണ് നമ്മുടെ ജീവിതമെങ്കില്‍, നമ്മുടെ ജീവിതത്തിനാവശ്യമുള്ളത് ദൈവം തന്നെ നല്‍കും. തന്റെ മക്കള്‍ക്ക് ആവശ്യമുള്ള നല്ല ദാനങ്ങള്‍ നല്‍കാന്‍ സ്‌നേഹപിതാവായ ദൈവത്തിനറിയാം. സ്ഥിരതയോടെ ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും, അവന്റെ വാതിലില്‍ മുട്ടുകയും, ദൈവത്തെ അന്വേഷിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുക. സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തുന്ന ആഗ്രഹങ്ങളും ആവശ്യങ്ങളും എന്നതിനേക്കാള്‍, ദൈവസന്നിധിയില്‍ തള്ളിക്കളയാനാകാത്തവിധം ഉറച്ച ബോധ്യത്തോടെ, ശരണത്തോടെ ഉള്ള പ്രാര്‍ത്ഥനകളാണ് നമ്മില്‍നിന്നുയരേണ്ടത്.

നമ്മുടെ അനുദിനജീവിതം

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,

ഇന്നത്തെ സുവിശേഷചിന്തകള്‍ ചുരുക്കുമ്പോള്‍, പിതാവായ ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തില്‍ വളര്‍ന്നുവരുവാന്‍ നമുക്ക് പരിശ്രമിക്കാം. മനുഷ്യരായ നമ്മില്‍ നന്മയുണ്ടെങ്കില്‍, നമ്മുടെ സഹോദരങ്ങള്‍ക്കും, മക്കള്‍ക്കും, സ്‌നേഹിതര്‍ക്കും നന്മയുണ്ടാകുവാന്‍ നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നമ്മെ മക്കളായി സ്‌നേഹിച്ച്, നമ്മുടെ രക്ഷയ്ക്കായി സ്വപുത്രനെ ബലിയായി നല്‍കിയ പിതാവായ ദൈവം നമ്മെക്കാളേറെ നമ്മുടെ നന്മ ആഗ്രഹിക്കുന്നുണ്ടെന്ന ബോധ്യത്തില്‍ നമുക്ക് ജീവിക്കാം. ദൈവമേകുന്ന അനുഗ്രഹങ്ങളെ ഹൃദയത്തിലും ജീവിതത്തിലും സ്വീകരിക്കുവാന്‍ നമ്മെത്തന്നെ ദൈവത്തിന് മുന്‍പില്‍ തുറന്ന ജീവിതങ്ങളാക്കി സമര്‍പ്പിക്കാം. അവിടുന്ന് നമുക്ക് നല്‍കുന്ന പരിശുദ്ധാത്മാവ് കാണിച്ചുതരുന്ന വഴികളിലൂടെ സ്വര്‍ഗ്ഗോന്മുഖരായി സഞ്ചരിക്കുകയും ദൈവത്തോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുകയും ചെയ്യാം. ക്രിസ്തുവിന്റെ ജീവിതവും പ്രാര്‍ത്ഥനയും പ്രവര്‍ത്തികളും അവന്റെ ശിഷ്യര്‍ക്കും അനേക ലക്ഷം ജനങ്ങള്‍ക്കും തലമുറകള്‍ക്കും മാതൃകയായതുപോലെ, മാതൃകാപരമായ ഒരു ക്രൈസ്തവജീവിതവും വിശ്വാസസാക്ഷ്യവുമായി നമ്മുടെ അനുദിനജീവിതവും പ്രവൃത്തികളും, വാക്കുകളും മാതൃകയും സാക്ഷ്യവുമായി മാറട്ടെ. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യത്തില്‍ നമ്മുടെ അനുദിനജീവിതം ദൈവത്തിന് കൂടുതല്‍ പ്രീതികരമാകട്ടെ, സ്വീകാര്യമാകട്ടെ. ദൈവപിതാവിന്റെ അനുഗ്രഹങ്ങള്‍ ധാരാളമായി നമ്മിലുണ്ടാകട്ടെ. ആമ്മേന്‍.