ജപമാലയുടെ അത്ഭുതഫലങ്ങള്‍

0
181

ജപമാല ദിനവും ചൊല്ലുന്നവര്‍ക്ക് എണ്ണമറ്റ അനുഗ്രഹങ്ങളും വിവരിക്കാനാവാത്ത കൃപകളുമാണു ലഭിക്കുക. നമുക്കു മുമ്പേ കടന്നു പോയ വിശുദ്ധര്‍ ഈ മഹത്തായ പ്രാര്‍ത്ഥനയുടെ എട്ടു ഫലങ്ങള്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു.
ജപമാല പ്രാര്‍ത്ഥന ശ്രദ്ധയോടെ ചൊല്ലുമ്പോള്‍ താഴെപ്പറയുന്ന ഫലങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നു.

1) ജീവിതത്തില്‍ ധാരാളം സമാധാനം അനുഭവിക്കുന്നു.

”നിങ്ങളുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും രാജ്യത്തും സമാധാനം പുലരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എല്ലാ വൈകുന്നേരങ്ങളിലും ഒന്നിച്ചുകൂടി ജപമാല ചൊല്ലുക.” – പതിനൊന്നാം പീയൂസ് പാപ്പ

2) പ്രാര്‍ത്ഥനാ സമയം കൂടുതല്‍ സാന്ദ്രമാകുന്നു.

”പ്രാര്‍ത്ഥിക്കാനുള്ള ഏറ്റവും മഹത്തരമായ മാര്‍ഗ്ഗം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കകയാണ്.” – വിശുദ്ധ ഫ്രാന്‍സീസ് ദി സാലസ്

3 ) ജപമാലയിലെ രഹസ്യങ്ങളും പ്രാര്‍ത്ഥനകളും ദൈവവചനത്തോടു നമ്മളെ കൂടുതല്‍ അടുപ്പിക്കുന്നു .

”ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!” ലൂക്കാ 1:28

4) ശിഷ്യത്വത്തില്‍ വളര്‍ത്തും

ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥനാ രീതിയും, നിത്യജീവന്‍ നേടുന്നതിനു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗവുമാണ് ജപമാല. നമ്മുടെ എല്ലാ തിന്മകള്‍ക്കുമുള്ള ഒരു പരിഹാരമാണത്. ഒപ്പം എല്ലാ അനുഗ്രഹങ്ങളുടേയും ഉറവിടവും. ഇതിലും ശ്രേഷ്ഠമായ മറ്റൊരു പ്രാര്‍ത്ഥനാ മാര്‍ഗ്ഗവും ഇല്ല.” (ലിയോ പതിമൂന്നാമന്‍ പാപ്പ) ഈ പ്രാര്‍ത്ഥന ശരിക്കു ക്രിസ്തു ശിഷ്യത്യത്തില്‍ നമ്മളെ വളര്‍ത്തും.

5) ക്രിസ്തുവിന്റെ ശരീരമായ സഭയോടും സ്വര്‍ഗ്ഗത്തോടും നമ്മെ കൂടുതല്‍ ബന്ധിപ്പിക്കുന്നു.

”സ്വര്‍ഗ്ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന ഒരു വലിയ ചങ്ങലയാണ് പരിശുദ്ധ ജപമാല. അതിന്റെ ഒരു വശത്തു നമ്മുടെ കരങ്ങളും മറുവശത്തു പരിശുദ്ധ കന്യകാമറിയത്തിന്റെ കരങ്ങളും … ജപമാല പ്രാര്‍ത്ഥന പരിമിള ധൂപം പോലെ അത്യുന്നതന്റെ പാദാന്തികത്തിലേക്കു പറന്നുയരുന്നു. .” – ലിസ്യുവിലെ വി. കൊച്ചുത്രേസ്യാ

6) ജീവിത ലാളിത്യത്തില്‍ വളര്‍ത്തും

”ജപമാല എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രാര്‍ത്ഥന. വിശിഷ്ടമായ ഒരു പ്രാര്‍ത്ഥന ! ലാളിത്യം കൊണ്ടും ആഴമേറിയ ആദ്ധ്യാത്മികതകൊണ്ടും വിശിഷ്ടം.” – വി. ജോണ്‍ പോള്‍ രണ്ടാമന്‍

7 ) മക്കളെ മറിയ ഹൃദയത്തില്‍ സൂക്ഷിക്കും

”മാതാപിതാക്കള്‍ ജപമാല ചൊല്ലുമ്പോള്‍, ജപമാല മുകളിലേക്കു പിടിച്ചു മറിയത്തോടു പറയണം, ‘ ഈ കൊന്ത മണികളാല്‍ എന്റെ കുഞ്ഞുങ്ങളെ നിന്റെ അമലോത്ഭവ ഹൃദയത്തില്‍ ബന്ധിപ്പിക്കണമേ, ‘ അപ്പോള്‍ മറിയം അവരുടെ ആത്മാക്കളെ ശ്രദ്ധിച്ചു കൊള്ളും. വി. ലൂയിസേ ഡേ മാരിലാക്

8) ഇന്നത്തെ തിന്മകള്‍ക്കെതിരെ ശക്തമായ സംരക്ഷണം തീര്‍ക്കും

”ലോകത്തിലെ ഇന്നത്തെ തിന്മകള്‍ക്കെതിരായുള്ള ആയുധമാണ്പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല. ദൈവം നല്‍കുന്ന എല്ലാ കൃപകളും പരിശുദ്ധ അമ്മ അനുഭവിച്ചിരുന്നു. ‘ – വി. പാദേ പീയേ.

അനുദിനം ജപമാല ജപിച്ചാല്‍ ലഭിക്കുന്ന ചില ഫലങ്ങള്‍ മാത്രമാണിവ മനുഷ്യബുദ്ധിക്കതീതമായ നിരവധി ഫലങ്ങളും കൃപകളും മറിയത്തിന്റെ ജപമാല വഴി ഈശോ നമുക്കു നല്‍കുന്നു.