പരിശുദ്ധ അമ്മ കണ്ണാടിയിൽ പ്രത്യക്ഷപ്പെട്ടു

0
200

തന്റെ സൗന്ദര്യത്തിൽ മതിമറന്ന ഒരു പെൺകുട്ടിക്ക് അവളുടെ ആത്മീയ സൗന്ദര്യം കാണിച്ചുകൊടുക്കാനായി മാതാവ് പ്രത്യക്ഷപ്പെട്ട സംഭവമുണ്ട്. അവൾ പിന്നീട് സന്ന്യാസ സഭ സ്ഥാപിക്കുകയും വിശുദ്ധയായിത്തീരുകയും ചെയ്തു. അറിയാം മരിയ ഡി മത്തിയാസിന്റെ ജീവിതകഥ.

റോമിലെ പട്ടണമായ വല്ലേകോർസയിൽ 1805 ഫെബ്രുവരി 4 നാണ് മരിയ ഡി മത്തിയാസ് ജനിച്ചത്. ധനിക കുടുംബാംഗമായ ജിയോവനി ഡി മത്തിയാസ് ആയിരുന്നു അവളുടെ പിതാവ്. മരിയ ജനിച്ച കാലത്ത് വല്ലേകോർസയിലെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമായിരുന്നു. ആ പരിസരത്തുള്ള യുവാക്കൾ പലരും ഗുണ്ടാസംഘത്തിലെ അംഗങ്ങളായിരുന്നു. അവർ വീടുകൾ കൊള്ളയടിക്കുകയും ഗ്രാമവാസികളെ ഉപദ്രവിക്കുകയും ചെയ്തിരുന്നു.കുട്ടികളെ തട്ടിക്കൊണ്ടു പോയി മാതാപിതാക്കളിൽ നിന്ന് പണം വാങ്ങുക ഈ ഗുണ്ടകളുടെ പതിവായിരുന്നു. ധനിക കുടുംബത്തിലെ കുട്ടിയായിരുന്നതിനാൽ മരിയയെ അവർ തട്ടിക്കൊണ്ടു പോയേക്കാം എന്നൊരു ഭയം നിലനിന്നിരുന്നു. അതിനാൽ പിതാവിനോടൊപ്പമല്ലാതെ അവൾ വീടിന് പുറത്തിറങ്ങിയിരുന്നില്ല.

തന്റെ സൗന്ദര്യത്തിൽ അഭിമാനിച്ചിരുന്ന മരിയ പലപ്പോഴും കണ്ണാടിയുടെ മുന്നിൽ തന്റെ സ്വർണത്തലമുടി മിനുക്കി കൊണ്ട് സമയം ചെലവഴിച്ചിരുന്നു. എന്നാൽ അവൾക്ക് പതിനാറ് വയസ്സുണ്ടായിരുന്നപ്പോൾ സംഭവിച്ച ഒരു കാര്യം മരിയയുടെ ജീവിതം പാടെ മാറ്റി മറിച്ചു.
ഒരു ദിവസം പതിവു പോലെ സ്വന്തം മുടി മിനുക്കി കൊണ്ട് നിൽക്കേ മരിയ പരിശുദ്ധ മാതാവിന്റെ രൂപം കണ്ണാടിയിൽ കണ്ടു. അപ്രതീക്ഷിതമായ ആ ദർശനം കണ്ട് മരിയ ഞെട്ടിപ്പോയി. മാതാവ് മരിയയോട് പറഞ്ഞു: എന്റെ കൂടെ വരൂ!

മരിയ മാതാവിനോട് സംസാരിക്കാൻ തുടങ്ങി. അവൾ മാതാവിന്റെ സഹായം അഭ്യർത്ഥിച്ചു. അവൾക്ക് എഴുത്തും വായനയും പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതൊന്നും തന്റെ മക്കൾക്ക് ആവശ്യമുണ്ടെന്ന് അവളുടെ പിതാവ് വിശ്വസിച്ചിരുന്നില്ല. മാതാവ് അവളെ സഹായിക്കാമെന്നേറ്റു. മാതാവിന്റെ അനുഗ്രഹത്താൽ മരിയ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചു.
വൈകാതെ അവൾ വീട്ടിലുണ്ടായിരുന്ന ആധ്യാത്മിക പുസ്തകങ്ങൾ എടുത്ത് വായിക്കാൻ ആരംഭിച്ചു. താൻ പരിശുദ്ധ മാതാവാണെന്ന് മാതാവ് അവൾക്ക് വെളിപ്പെടുത്തി കൊടുത്തു. തന്റെ ജീവിതം ദൈവത്തിന് സമർപ്പിക്കണം എന്നാണ് ദൈവഹിതം എന്ന് അവൾ മനസ്സിലാക്കി.
ഏഡി 1822 ലെ നോമ്പുകാലത്ത്, മിഷണറീസ് ഓഫ് പ്രഷ്യസ് ബ്ലഡ് സ്ഥാപകനായ ഗാസ്പർ ഡെൽ ബുഫലോ അവരുടെ പട്ടണത്തിൽ വന്നു പ്രസംഗിച്ചു. യേശുവിനെ അനുകരിച്ച് ജീവിക്കാനും അപരനിൽ ദൈവത്തെ കാണുവാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നത് മരിയ കേൾക്കാനിടയായി. മരിയയുടെ ഹൃദയം മറ്റുള്ളവരോടുള്ള സ്നേഹത്താൽ നിറഞ്ഞു.

രണ്ടു വർഷം കഴിഞ്ഞു. ഗാസ്പറിന്റെ സഹായിയയാ ജോൺ മെർലിനി വല്ലേകോർസയിൽ പ്രസംഗിക്കാനനെത്തി. അവർ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും പുരുഷന്മാരുടെയും വൈദികരുടെയും സംഘടനകൾ സ്ഥാപിക്കുവാൻ ആരംഭിച്ചു.
ഒരു ദിവസം മരിയ മെർലിനിയെ സമീപിച്ചു. അദ്ദേഹം അവളെ പെൺകുട്ടികളുടെ സംഘടനയായ ഡോട്ടേഴ്സ് ഓഫ് മേരിയുടെ ചുമതല ഏൽപിച്ചു. അനേകം പെൺകുട്ടികൾ സംഘടനയിൽ അംഗമാകാൻ എത്തി. അവർ ഒരുമിച്ച് പ്രാർത്ഥിക്കുകയും പഠിക്കുകയും സംഭാഷണം നടത്തുകയും ചെയ്തു. വൈകാതെ പ്രായമായ സ്ത്രീകളും അവരോടൊപ്പം കൂടി.

1834 മാർച്ച് 4 ന് മരിയക്ക് 29 വയസ്സുളളപ്പോൾ ജോൺ മെർലിനിയുടെ സഹായത്താൽ മരിയ സിസ്റ്റേഴ്സ് ഓഫ് അഡോറേഴ്സ് ഓഫ് ദ ബ്ലഡ് ഓഫ് ക്രൈസ്റ്റ് എന്ന സഭ സ്ഥാപിച്ചു. അധ്യാപനം നടത്തുക എന്നതായിരുന്നു ആ സംഘടനയുടെ പ്രാഥമിക ലക്ഷ്യം. മരിയ കന്യാവ്രതം സ്വീകരിച്ചു. മൂന്ന് തുള്ളി രക്തം പതിപ്പിച്ച ഒരു സ്വർണ ഹൃദയം ജോൺ മെർലിനി അവൾക്കു സമ്മാനിച്ചു. ഇത് അവൾ സ്ഥാപിച്ച സഭയുടെ ചിഹ്നമായി. 1855 ൽ പിയൂസ് ഒൻപതാമൻ പാപ്പാ ഈ സഭയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകി. 2003 മെയ് 18 ാം തീയതി മരിയ ഡീ മത്തിയാസിനെ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ചു.