ആയിരം വർഷത്തെ പുതിയ പറുദീസ, മരണമോ രോഗമോ ഉണ്ടാകില്ല, യേശുവിന്റെ സന്ദേശം

0
219

മരിയ യ ഡിവൈൻ മെഴ്സിക്കു കിട്ടിയ യുഗാന്തകാല സന്ദേശങ്ങൾ കത്തോലിക്കാ സഭയുടെ യുഗാന്തകാല പ്രബോധനങ്ങളുടെയും സമകാലിക സംഭവങ്ങളുടെയും വെളിച്ചത്തിൽ വിലയിരുത്തുമ്പോൾ അവ പരസ്പര പൂരകങ്ങളാണെന്നു അത്ഭുതത്തോടെ നാം തിരിച്ചറിയുന്നു. ക്രിസ്തീയ സഭകളിൽ വിശ്വാസം നഷ്ടം വ്യാപകമാവുകയും, വ്യാജ ആത്മീയതയും സാത്തനിക ആരാധനയും തഴച്ചുവളരുകയും സമാധാനത്തിന്റെ പരിവേഷത്തോടെ എതിർക്രിസ്തു ആഗോളഭരണാധികാരിയായി രംഗ പ്രവേശം ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കെ ഈ പ്രവചനങ്ങൾ വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചാൽ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും എന്നുള്ളത്
യാഥാർഥ്യം മാത്രം.

സന്ദേശം
എൻറെ പ്രിയ മകളേ, മനുഷ്യ വംശത്തിനുള്ള എൻറെ കർശനമായ മുന്നറിയിപ്പ് ഉണ്ടായിരിക്കേ തന്നെ എൻറെ ഹൃദയത്തിൽ എൻറെ എല്ലാ മക്കളോടും ഒരു പ്രത്യേകസ്‌നേഹം ഉണ്ടെന്ന കാര്യം ഒരിക്കലും മറക്കരുത്. ഞാൻ തിരിച്ചുവരുമ്പോൾ എൻറെ പാദം വയ്ക്കുവാൻ യോഗ്യമാകണമെങ്കിൽ ഭൂമിക്ക് ഒരു ശുദ്ധീകരണം ആവശ്യമാണ്.

മനുഷ്യരാശിയുടെ ശുദ്ധീകരണം പൂർത്തിയാകുമ്പോൾ എന്നെയും എൻറെ നിത്യപിതാവിനെയും സ്‌നേഹിക്കുന്നവർ മാത്രമേ ലോകത്തിൽ അവശേഷിക്കുകയുള്ളൂ. എൻറെ തിരഞ്ഞെടുക്കപ്പെട്ട തലമുറ എന്നോടൊപ്പം നിത്യകാലം വസിക്കും. പറുദീസ ആയിരം വർഷത്തെ സമാധാനവും സ്‌നേഹവും ലയവും പ്രദാനംചെയ്യും. അതിനുശേഷം മൃതരായവരുടെ രണ്ടാമത്തെ പുനരുത്ഥാനം സംഭവിക്കും. അപ്പോൾ മാത്രമേ ദൈവത്തിൻറെ പ്രകാശം തങ്ങളിലൂടെ കടന്നുപോകുന്ന ആ നിത്യജീവൻ എല്ലാവർക്കും ലഭിക്കുകയുള്ളൂ. എൻറെ മകളേ, ഇതൊക്കെ പ്രവചിക്കപ്പെട്ടിട്ടുള്ളതല്ലേ? പിന്നെന്തിന് നിങ്ങൾ മറുതലിക്കുന്നു? ആരും സംശയിക്കാതിരിക്കട്ടെ; നിങ്ങൾക്ക്, ഈ തലമുറയുടെ മക്കൾക്ക്, ആദത്തിനും ഹവ്വയ്ക്കും വേണ്ടി തയ്യാറാക്കിയതിലും മനോഹരമായ പറുദീസയിൽ ജീവിക്കാനുള്ള വരം ലഭിക്കും.

പ്രായം ഒരു പ്രശ്‌നമായിരിക്കില്ല. മനുഷ്യൻ അനേക തലമുറകളിലെ കുടുബാംഗങ്ങളോടൊത്ത് സമാധാനത്തിൽ വസിക്കും. എത്രയോ വലിയ സ്‌നേഹവും ആഹ്ലാദവും ആയിരിക്കും അന്ന് എല്ലാ ദിവസവും. അവസാനമായി നിങ്ങളുടെ ആത്മാക്കൾക്ക് യാഥാർത്ഥമായതും നിലനിൽക്കുന്നതുമായ സമാധാനം ലഭിക്കും. ഇതെന്തുകൊണ്ട് സംഭവിക്കാതിരിക്കണം? ഇതാണ് എൻറെ പിതാവ് പ്ലാൻ ചെയ്തഭൂമി. അങ്ങനെ അവിടുത്തെ തിരുച്ചിത്തം, അവസാനം, സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകും. നിങ്ങളെല്ലാവരും ആഹ്ലാദിച്ചുല്ലസിക്കുവിൻ. ആവേശത്തോടും പ്രതീക്ഷയോടും കൂടി പുതിയ പറുദീസയെ സ്വാഗതം ചെയ്യണം. അവിടെ മരണമോ രോഗമോ പാപമോ ഉണ്ടായിരിക്കില്ല. അവിടെ നിങ്ങൾക്ക് സനാതനമായ പരമാനന്ദ സുഖം ലഭിക്കും.

എൻറെ നിത്യപിതാവ് അനാദിയിലേ ഒരുക്കിവച്ചിരുന്നതും തങ്ങൾക്കവകാശപ്പെട്ടതുമായ ആ പൈതൃകാവകാശം പാപംകൊണ്ടും അനുസരണക്കേട് കൊണ്ടും വേണ്ടെന്നു വയ്ക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക.

നിൻറെ പ്രിയ യേശു