പരിശുദ്ധ അമ്മ ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ചില്ലിൽ പതിഞ്ഞ അമ്മയുടെ ചിത്രത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
ഓസ്ട്രിയയിലെ ഇൻസ്ബ്രുക്കിലുള്ള അബ്സാമിലാണ് സംഭവം. ഇവിടെയുള്ള മരിയൻ കപ്പേള പ്രശസ്തമാണ്.ചില്ലിൽ നിർമ്മിച്ചിട്ടുള്ള ലോകത്തിലെ ഏക മരിയൻ കപ്പേളയാണിത്. പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന സംഭവമാണ് ഇവിടത്തെ മരിയഭക്തിക്ക് നിദാനം. 1797 ലെ ഒരു മഞ്ഞുകാലദിനത്തിൽ റോസിന ബുക്കർ എന്ന ഒരു പെൺകുട്ടി അബ്സാമിലുള്ള തന്റെ ഫാംഹൗസിൽ തുന്നൽപണി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. സമയം ഏതാണ്ട് ഉച്ചതിരിഞ്ഞ് മൂന്നോ നാലോ മണി. പകൽവെളിച്ചം മങ്ങിത്തുടങ്ങിയ സമയം. പെട്ടെന്ന് റോസിന മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ട കാഴ്ച അവളെ അത്ഭുതപ്പെടുത്തി. ജനാലയിലെ ഗ്ലാസിൽ ഒരു സ്ത്രീയുടെ മുഖം! അവൾ അതിന്റെ അടുത്തു ചെന്ന് നോക്കി. ഉറപ്പു വരുത്താനായി അമ്മയെ വിളിച്ചു കൊണ്ടു വന്നു കാണിച്ചു കൊടുത്തു.
രണ്ടു പേരും കൂടി വിവരം വികാരിയച്ചനെ അറിയിച്ചു. കണ്ടവരെല്ലാവരും ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു: അത് വ്യാകുലമാതാവിന്റെ മുഖം തന്നെ! അൽപം ചരിഞ്ഞ രീതിയിലായിരുന്നു മുഖം. മുഖത്ത് അസാധാരണമായൊരു ഭാവവും.അനേകം കണ്ണാടിച്ചില്ലുകൾ ചേർത്ത് നിർമിച്ചതായിരുന്നു, ആ ജനാല. അവർ മാതാവിന്റെ ചിത്രം പതിഞ്ഞ ചില്ല് അടർത്തിയെടുത്ത് പരിശോധിച്ചു. തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി പെയിന്റിംഗ്, ഗ്ലാസുപണി വിദഗ്ധരുടെ അടുത്തേക്ക് ചിത്രം അയച്ചു. അവർ ഒരു കാര്യം ശ്രദ്ധിച്ചു. ഗ്ലാസിൽ വെള്ളം ഒഴിക്കുമ്പോൾ ചിത്രം അപ്രത്യക്ഷമാകുന്നു. ഉണങ്ങിക്കഴിയുമ്പോൾ വീണ്ടും തെളിയുന്നു. അവർ രാസപദാർത്ഥങ്ങളുടെ സഹായത്തോടെ അത് പരിശോധിച്ചുവെങ്കിലും ആ ചിത്രത്തിന്റെ രഹസ്യം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.അത് ഒരു ദുശകുനമാണെന്നാണ് റോസിനയുടെ അമ്മയ്ക്ക് തോന്നിയത്. എന്നാൽ അത് പരിശുദ്ധ കന്യകയുടെ അനുഗ്രഹത്തിന്റെ അടയാളമാണെന്ന് ഇടവക വികാരി അഭിപ്രായപ്പെട്ടു.
ആ ചിത്രം ഇന്ന് അബ്സാമിലെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നു. വളരെ വേഗത്തിൽ ഈ ചിത്രവും മാതൃഭക്തിയും പ്രശസ്തമായി. ഓസ്ട്രിയൻ സംസ്ഥാനമായ ടൈറോളിലെ ഏറ്റവും സുപ്രധാനമായ മരിയൻ തീർത്ഥാടന കേന്ദ്രമായി അബ്സാമിലെ മരിയൻ കപ്പേള മാറി.
നിരവധി അത്ഭുതങ്ങൾ ഇവിടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആ ദേവാലയം 2000 ഏഡിയിൽ വി. ജോൺ പോൾ
രണ്ടാമൻ മാർപാപ്പാ മൈനർ ബസിലിക്കായായി ഉയർത്തി. അബ്സാമിലെ ആർദ്രതയുടെ മാതാവ് എന്നാണ് ആ രൂപം അറിയപ്പെടുന്നത്. ചിത്രം ആദ്യം കണ്ട ദിവസത്തെ അനുസ്മരിപ്പിച്ച് ജനുവരി 17നാണ് തിരുനാൾ ആഘോഷിക്കുന്നത്. എല്ലാ വർഷവും ആ ദിനം ഇവിടെ വിശേഷമായി ആഘോഷിച്ചു പോരുന്നു.