കത്തോലിക്കാ സഭയിൽ രോഗങ്ങൾ മാറുന്നതിനായി മാധ്യസ്ഥം അപേക്ഷിച്ച് പ്രാർഥിക്കുന്ന വിശുദ്ധരുണ്ട്. വിശുദ്ധരായ അവർ ദൈവസന്നിധിയിൽ തങ്ങളുടെ പക്കൽ വന്നു പ്രാർഥിക്കുന്നവർക്കായി അപേക്ഷിക്കുമ്പോൾ പലർക്കും അത്ഭുത രോഗശാന്തി ലഭിക്കാറുണ്ട്.
വി. ജോർജ്
കേരളത്തിൽ ഗീവർഗീസ് എന്ന് അറിയപ്പെടുന്ന വിശുദ്ധൻ നാലാം നൂറ്റാണ്ടിൽ റോമ ചക്രവർത്തിയായ ഡയക്ലീഷ്യന്റെ കാലത്ത് രക്തസാക്ഷിത്വം വഹിച്ച വിശുദ്ധനാണ്. ഡയക്ലീഷ്യന്റെ സൈന്യത്തിലെ ഒരു അംഗമായിരുന്ന ജോർജ് ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്യാനും വിജാതീയ ദേവന്മാരെ ആരാധിക്കാനും വിസമ്മതിച്ചു. അതിനുള്ള ശിക്ഷയായി അദ്ദേഹം കൊല്ലപ്പെട്ടു. ത്വക് രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ അദ്ദേഹത്തിന്റെ മാധ്യസ്ഥം തേടുന്നു.
വി. വിത്തൂസ്
ഡയക്ലീഷ്യൻ ചക്രവർത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വഹിച്ച മറ്റൊരു വിശുദ്ധനാണ് വി. വിത്തൂസ്. സിസിലിയിലെ ഒരു സെനറ്ററുടെ മകനായി ജനിച്ച വിത്തൂസ് ക്രിസ്ത്യാനിയായ ശേഷം അനേകരെ മാനസാന്തരപ്പെടുത്തുകയും അനേകം അത്ഭുതപ്രവർത്തികൾ ചെയ്യുകയും ചെയ്തു. പല തവണ മരണത്തെ അതിജീവിച്ച അദ്ദേഹം അവസാനം രക്തസാക്ഷിത്വം വരിച്ചു. ചുഴലിരോഗം, തളർവാതം, ഞരമ്പുസംബന്ധമായ രോഗങ്ങൾ എന്നിവയിൽ വിശുദ്ധന്റെ മാധ്യസ്ഥം തേടുന്നു.
വി. അക്കേഷ്യസ്
നാലാം നൂറ്റാണ്ടിൽ രക്തസാക്ഷിത്വം വഹിച്ച അക്കേഷ്യസ് റോമൻ സൈന്യത്തിൽ ക്യാപ്റ്റനായിരുന്നു. ഒരു ദൈവിക അശരീരി കേട്ടിട്ടാണ് അദ്ദേഹം ക്രിസ്ത്യാനിയായി ക്രിസ്ത്യാനികളുടെ സഹായത്തിനായി ഇറങ്ങിത്തിരിച്ചത്. ഏഡി 311 ൽ അദ്ദേഹം ശിരച്ഛേദം ചെയ്യപ്പെട്ടു. തലവേദന അലട്ടുമ്പോൾ വി. അക്കേഷ്യസിന്റെ മാധ്യസ്ഥം തേടാറുണ്ട്.
അന്ത്യോക്യയിലെ വി. മാർഗരറ്റ്
തന്റെ പരിചാരികയുടെ സ്വാധീനം വഴി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത വിശുദ്ധയാണ് മാർഗരറ്റ്. ഒരു റോമാക്കാരന്റെ വിവാഹാലോചന നിരസിച്ചിതിനാൽ അവൾ റോമാ കോടതി മുമ്പാകെ ഹാജരാക്കപ്പെട്ടു. വിശ്വാസം ഉപേക്ഷിക്കുക, അല്ലെങ്കിൽ മരിക്കുക എന്നൊരാജ്ഞയ്ക്കു മുന്നിൽ അവൾ മരിക്കാൻ സന്നദ്ധയായി. തീയിലെറഞ്ഞെങ്കിലും അവൾ മരിച്ചില്ല. അവസാനം അവൾ ശിരച്ഛേദം ചെയ്യപ്പെട്ടു. ഗർഭിണികളുടെയും വൃക്കരോഗികളുടെയും മധ്യസ്ഥയാണ് മാർഗരറ്റ്.