കത്തോലിക്കാ സഭ ഒക്ടോബര്‍ രണ്ടിന് കാവല്‍ മാലാഖമാരുടെ തിരുനാള്‍ ആഘോഷിക്കുന്നു. 1670ല്‍ ക്ലമന്റ് 10-ാമന്‍ പാപ്പയാണ് നമ്മെ അനുദിനം സംരക്ഷിക്കുന്ന കാവല്‍ മാലാഖമാര്‍ക്കുവേണ്ടി ഒരു തിരുനാള്‍ ആഗോളസഭയില്‍ ആരംഭിച്ചത്. ഈ ദിനം നമ്മുടെ സ്വന്തം കാവല്‍ മാലാഖമാര്‍ക്കാണ് പ്രത്യേക പ്രാധാന്യം നല്‍കുന്നത്. കത്തോലിക്കാ സഭയുടെ പാരമ്പര്യമനുസരിച്ച് എല്ലാ രാജ്യങ്ങള്‍ക്കും നഗരങ്ങള്‍ക്കും രൂപതകള്‍ക്കും ഇടവകകള്‍ക്കും സ്വന്തം കാവല്‍മാലാഖമാരുണ്ട്.
ദൈവത്തിന്റെ ആകര്‍ഷണീയമായ വലിയ രഹസ്യങ്ങളാല്‍ ആവൃതമായ ഒരു സൃഷ്ടിയാണ് മാലാഖമാര്‍. നമ്മുടെ അറിവുപോലും ഇല്ലാതെ നമ്മെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നമ്മുടെ കാവല്‍മാലാഖമാരോട് നാം വളരെയധികം കടപ്പെട്ടിരിക്കുന്നു. അവര്‍ ശാന്തമായി നമ്മുടെ കാര്യങ്ങളില്‍ ഇടപെടുന്നു, അവരുടെ ജോലി എളിയരിതീയില്‍ പൂര്‍ത്തീകരിക്കുന്നു.
- എല്ലാവര്ക്കും കാവല്‍ മാലാഖമാരുണ്ടോ?
ദൈവശാസ്ത്രജ്ഞന്മാര് വിശ്വസിക്കുകയും യുവജന മതബോധന ഗ്രന്ഥംസാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യമാണിത്. ‘ഓരോ വ്യക്തിയും ദൈവത്തില്‍നിന്ന് ഒരു കാവല്‍ മാലാഖയെ സ്വീകരിക്കുന്നു.’ (55). ഇത് വിശുദ്ധ ഗ്രന്ഥവുമായും വിശുദ്ധരായ സഭാപിതാക്കന്മാരായ ബേസില്‍, ജറോം, തോമസ് അക്വീനാസ് എന്നിവരുടെ പ~നങ്ങളുമായി ചേര്‍ന്നു പോകുന്നവയുമാണ്. കാവല്‍മാലാഖ രക്ഷിച്ച അനുഭവങ്ങള്‍ അക്രൈസ്തവര്‍ പോലും പങ്കുവെക്കാറുണ്ട്.
വിഖ്യാത ക്രിസ്ത്യന്‍ എഴുത്തകാരന് മൈക്ക് അക്വിലീന രചിച്ച ‘ദൈവത്തിന്റെ മാലാഖമാര്‍’ (Angels of God) എന്ന പുസ്തകത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തിനുണ്ടായ അനുഭവം പങ്കുവെച്ചിട്ടുണ്ട്. അത് ഇങ്ങനെ:
‘എന്റെ ഒരു സുഹൃത്ത് പ്രസിദ്ധനായ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പരിശീലനം നേടിയ തത്വചിന്തകന്‍, അവന് അവിശ്വസിയായ യുവാവായിരുന്നു. ഒരു ദിവസം അവന് കടലില്‍ നീന്തുകയായിരിന്നു. പൊടുന്നനെ വന്ന ഒരു തിര അവനെ കൊണ്ടുപോയി. സഹായിക്കാന്‍ ആരുമില്ലാതിരുന്ന അവന് മരണത്തിന്റെ വക്കിലെത്തി. പെട്ടെന്ന് വലിയ ഒരു കരം അവനെ പൊക്കിയെടുത്ത് തീരത്തേക്ക് എറിഞ്ഞു. അവന്റെ രക്ഷകന് ഉറച്ച പേശിബലുള്ള ശക്തനായിരുന്നു. വിറച്ചുകൊണ്ട് എന്റെ കൂട്ടുകാരന് അവനു നന്ദി പറയാന്‍ ശ്രമിച്ചപ്പോള്‍, അവനെ നോക്കി ചിരിച്ചുകൊണ്ട് രക്ഷകന് അദൃശ്യനായി. ഈ സംഭവം എന്റെ സുഹൃത്തിന്റെ മാനസാന്തരത്തിനു നിര്‍ണായ ഘടകമായി.’
- എപ്പോഴാണ് കാവല്‍ മാലാഖമാരെ ദൈവം നിയോഗിക്കുന്നത്?
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വിവരിക്കുന്നതുപോലെ, ‘ജീവിതത്തിന്റെ ആരംഭം മുതല്‍ മരണംവരെ മനഷ്യജീവിതം കാവല്‍ മാലാഖമാരുടെ മധ്യസ്ഥത്താലും ശ്രദ്ധാപൂര്‍വമായ സംരക്ഷണയാലും ചുറ്റപ്പെട്ടതാണ്,’ (336). അണ്ഡവും ബീജവുംഅമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒന്നിക്കുന്ന സമയം മുതല്‍ നമ്മുടെ കാവല്‍ക്കാരായി മാലാഖമാരെ ദൈവം നിയോഗിക്കുന്നു.ഗര്‍ഭണികളായ സ്ത്രീകള്‍ക്ക് രണ്ട് കാവല്‍ മാലാഖമാര്‍ സംരക്ഷിക്കാനുണ്ട് എന്നത് ഒരു പൊതു വിശ്വസമാണ്.
- കാവല്‍ മാലാഖമാര്‍ക്ക് പേരുണ്ടോ?
വിശുദ്ധഗ്രന്ഥത്തില്‍ പേരുകളുള്ള ഗബ്രിയേല്‍, മിഖായേല്‍, റഫായേല്‍ എന്നിവര്‍ക്ക് ഒഴികെ മാലാഖമാര്‍ക്ക് പേരുകള്‍ നല്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം എന്നതാണ് കത്തോലിക്കാ സഭയുടെ നിര്‍ദേശം. (Congregation of Divine Worship and the Sacraments, The Directory of Popular Pitey, n. 217, 2001).
നാമം എപ്പോഴും ഒരു പരിധി വരെ മറ്റു വ്യക്തികളുടെമേല്‍ ഒരു അധികാരം ഉള്‍ക്കൊള്ളുന്നതാണ്. ഉദാഹരണത്തിന് എനിക്ക് നിന്റെ പേരറിയാം, എനിക്ക് എന്തെങ്കിലും ആവശ്യം വരുമ്പോള്‍ ഞാന്‍ പേരെടുത്തു നിന്നെ വിളിച്ചാല്‍, അതില്‍ അധികാരത്തിന്റെ ഒരു അംശം ഒളിഞ്ഞുകിടപ്പുണ്ട്. നമുക്ക് നമ്മുടെ കാവല്‍ മാലാഖമാരുടെമേല് യാതൊരു അധികാരവുമില്ല. അവരുടെമേല്‍ അധികാരമുള്ള ഒരേ ഒരു കമാന്‍ഡര്‍ ദൈവം മാത്രമാണ്. നമുക്ക് അവരുടെ സഹായവും തുണയും അപേക്ഷിക്കാം, പക്ഷേ ഒരിക്കലും അവര്‍ നമ്മുടെ ആജ്ഞാനുവര്‍ത്തികളല്ല. അതിനാലാണ് കാവല്‍മാലാഖമാര്‍ക്ക് പേരിടുന്നത് സഭ നിരുത്സാഹപ്പെടുത്തുന്നു.
- മരണശേഷംനാം കാവല്‍മാലാഖമാര്‍ ആകുമോ?
മരണശേഷം നാം എല്ലാവരും മാലാഖമാരായി രൂപാന്തരപ്പെടും എന്ന ഒരു ബഹുജന വിശ്വാസമുണ്ട്. എന്നാല്‍ നാം മരിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍നിന്ന് നാം കുറച്ചുകാലത്തേക്ക് വേര്‍പിരിയും, അവസാന കാലത്ത് വീണ്ടും ഒന്നിക്കാനായി. ഈ കാത്തിരിപ്പു കാലത്ത് നാം മാലാഖമാര്‍ ആകുന്നില്ല. എല്ലാ കാവല്‍മാലാഖമാരും സൃഷ്ടിയുടെ ആരംഭത്തിലെ ഒരു നിമിഷത്തില്‍ സൃഷ്ടിക്കപ്പെട്ടവരാണ്.
‘മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്കുന്നതിനുമുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുമ്പുതന്നെ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു,’ എന്ന എന്ന ജെറമിയാ പ്രവാചകന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോള്‍ നമുക്കുവേണ്ടി ഒരു കാവല്‍ മാലാഖയെ അവന് മനസില്‍ കണ്ടിരുന്നു.
- എന്താണ് കാവല്‍ മാലാഖമാരുടെ പ്രഥമ ലക്ഷ്യം?
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം കാവല്‍ മാലാഖമാരെനമ്മെ സംരക്ഷിക്കുകയും നിത്യജീവിതത്തിലേക്ക് നയിക്കുകയും ചെയുന്ന ‘ഇടയന്മാരാ’യാണ് ചിത്രീകരിക്കുന്നത്. നമ്മെ സ്വര്‍ഗത്തിലെത്തിക്കുക എന്നതാണ് അവരുടെ പ്രഥമ ലക്ഷ്യം. അനുദിനം അവരുടെ സഹായത്തിനുവേണ്ടി പ്രാര്ത്ഥിക്കാന്സഭ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. പ്രായഭേദമന്യേ പ്രാര്‍ത്ഥിക്കാനായി സഭ നമുക്ക് ഒരു പ്രാര്‍ത്ഥന തന്നിട്ടുമുണ്ട്:
‘ദൈവത്തിന്റെ മാലാഖേ, ദൈവസ്നേഹം ഈ ലോകത്തില്‍ എന്നെ ഭരമേല്പ്പിച്ചിരിക്കുന്ന എന്റെ സംരക്ഷകാ, എന്നെ പ്രകാശിപ്പിക്കാനും സംരക്ഷിക്കാനും, നയിക്കാനും ഭരിക്കാനും എല്ലാ ദിവസവുംഎന്റെ കൂട്ടിനുണ്ടാവണമേ.
- എപ്പോഴാണ് കാവല്‍മാലാഖയെ ഒരു ആത്മാവിനു കൂട്ടായി നിയോഗിക്കുന്നത്?
ഇതിനെ സംബന്ധിച്ച് സഭയുടെ ഓദ്യോഗികമായ പഠനങ്ങളൊന്നും നിലവിലില്ലങ്കിലും പല ദൈവശാസ്ത്രജ്ഞരും ഇതേപ്പറ്റി പഠിപ്പിക്കുന്നുണ്ട്. ഒരു ആത്മാവ് ശരീരവുമായി ഒന്നിക്കുമ്പോള്‍ ദൈവം ഒരു മാലാഖയെ ചുമതലപ്പെടുത്തുന്നു എന്ന് വിശുദ്ധ ആന്‍സലം പഠിപ്പിക്കുന്നു.
‘ഓരോ വിശ്വാസിയുടെയും അരികില്‍ അവന്റെ സംരക്ഷകനും അവനെ ജീവനിലേക്ക് നയിക്കുന്ന ഇടയനുമായി ഒരു മാലാഖ നിലകൊള്ളുന്നുണ്ട്,’ മഹാനായ വിശുദ്ധ ബേസില്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍നിന്നെല്ലാം ജീവന്റെ ആരംഭത്തില്‍ത്തന്നെ കാവല്‍ മാലാഖയെ ചുമതലപ്പെടുത്തുന്നു എന്നു നമുക്കു മനസിലാക്കാം.
- അക്രൈസ്തവര്‍ക്കും കാവല്‍ മാലാഖമാരുണ്ടോ?
എല്ലാവര്ക്കും കാവല്‍ മാലാഖമാരുണ്ടെന്ന് വിശുദ്ധരായ ജറോമുംജോണ് ക്രിസോസ്തോമും പഠിപ്പിക്കുന്നു. നൂറ്റാണ്ടുകളായിഇവരുടെ പഠനത്തെ എല്ലാ ദൈവശാസ്ത്രജ്ഞന്മാരും പിന്തുടര്ന്നു പോന്നു. അക്രൈസ്തവരായപലരും ആപത്തില്‍നിന്നും മാലാഖമാരുടെ കരങ്ങളാല്‍ രക്ഷപ്പെട്ടു എന്ന് ജീവിതാനുഭവങ്ങള്‍ പഠിപ്പിക്കുന്നു.
- കാവല്‍ മാലാഖമാര്‍ക്ക് നമ്മുടെ രഹസ്യ ചിന്തകള്‍ അറിയാന്‍ സാധിക്കുമോ?
ഉത്തരം വളരെ ലളിതം, അറിവില്ല. നമ്മുടെ ചിന്തകളിലേക്ക് ഒരു പ്രവേശനം അവര്‍ക്ക് സാധ്യമല്ല. എന്നിരുന്നാലും നാം സ്വര്‍ഗത്തിലെ വിശുദ്ധന്മാരോടൊ, ഭൂമിയിലെ സുഹൃത്തുക്കളോടൊ സംസാരിക്കുന്നതുപോലെ, നമ്മുടെ രഹസ്യങ്ങളും ചിന്തകളും നമുക്ക് അവരുമായി പങ്കുവെക്കാന്‍ സാധിക്കുമെന്ന് പ്രശസ്ത ഗ്രന്ഥകാരന് പീറ്റര്‍ ക്രീഫ്റ്റ് എഴുതിയ മാലാഖമാരും പിശാചുക്കളും (Angels and Demons) എന്ന പുസ്തകത്തില്‍ പറയുന്നു.
കാവല്‍ മാലാഖമാര്ക്ക്നമ്മെക്കാള് വളരെ ബുദ്ധികൂര്‍മതയുള്ള മനസും, കാര്യങ്ങള്‍ അവലോകനം ചെയ്യാനുള്ള കഴിവുമുണ്ട്. നമ്മുടെ സമ്മതമില്ലാതെ നമ്മുടെ ചിന്തകളിലേക്ക് മാലാഖമാര്‍ക്ക് പ്രവേശനമില്ലങ്കിലും, അവര്‍ നമ്മെ നിരീക്ഷിക്കുകയും,കൂടെ ആയിരുന്നുകൊണ്ട് നമ്മുടെ ചിന്തകള്‍ ഗ്രഹിക്കാനുള്ള അതിമാനുഷിക കഴിവ് അവര്‍ക്കുണ്ട്. എന്നിരുന്നാലും നമ്മുടെ കാവല്‍ മാലാഖയെ എന്തെങ്കിലും അറിയിക്കണമെങ്കില്‍ പ്രാര്‍ത്ഥനയിലൂടെ നാം അത് വെളിപ്പെടുത്തണം.
- കാവല്‍ മാലാഖമാര്‍ക്ക് നമ്മുടെ ഭാവി അറിയാമോ?
ഈ ചോദ്യം ഇതിനു മുമ്പ് പ്രതിപാദിച്ച ചോദ്യമായി ബന്ധമുള്ളതാണ്. ഈ ചോദ്യത്തിനുള്ള ഉത്തരവും കാവല്‍ മാലാഖമാര്‍ക്ക് നമ്മുടെ ഭാവി അറിയില്ലഎന്നതാണ്. ദൈവം വെളിപ്പെടുത്തി കൊടുക്കാത്തിടത്തോളം കാലം, ഭാവി അവര്‍ക്ക് അപ്രാപ്യമാണ്. ദൈവത്തിനു മാത്രമേ നമ്മുടെ ഭാവി അറിയു, കാരണം അവന് സമയത്തിനും കാലത്തിനും അതീതനാണ്. ഒരു ക്ഷണം കൊണ്ട് എല്ലാ സമയങ്ങളും ദൈവം കാണുന്നു.
അതുപോലെ തന്നെ സാത്താനും ഭാവി അറിയാന്‍ കഴിവില്ല. മലാഖമാരെ പോലെ ഭാവി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ചില പ്രവചനങ്ങള്‍ നടത്താന്‍ അവര്‍ക്ക് സാധിക്കും (അധപതിച്ച മാലാഖമാരാണല്ലോ സാത്താന്) അതൊരിക്കും മറഞ്ഞിരിക്കുന്ന അറിവിന്റെ അടിസ്ഥാനത്തിലല്ല. കാര്യങ്ങള്‍ അവലോകനം ചെയ്യാനും അതുവഴി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഊഹിക്കാനും സാധിച്ചേക്കും.
അതുകൊണ്ടാണ് കൈനോട്ടക്കാരന്റെ അടുത്തു ചെല്ലുമ്പോള്‍ അയാള്‍ ഭാവി പ്രവചിക്കുന്നത്. അത് മറഞ്ഞിരിക്കുന്ന അറിവ് വെളിപ്പെടുന്നതുകൊണ്ടല്ല, മറിച്ച് അവരുടെ പിന്നിലുള്ള സാത്താനിക ശക്തിയാല്‍ പൊതുവായ ചില നിരീക്ഷണങ്ങള്‍ നടത്താനും പ്രവചിക്കാനും സാധിക്കുന്നതുകൊണ്ടാണ്.
- കാവല്‍ മാലാഖയ്ക്ക് എങ്ങനെ നമ്മെ സ്വാധീനിക്കാന്‍ കഴിയും?
കാവല്‍ മാലാഖമാര്‍ക്ക് നമ്മെ സ്വാധീനിക്കാന്‍ കഴിയുന്ന വഴികളെപ്പറ്റി പീറ്റര്‍ ക്രീഫ്റ്റ് ചുരുക്കി പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്:
ചിന്തയുടെ ഒരു വിഷയമെന്ന നിലയില്‍, കാവല്‍ മാലാഖമാര്‍ക്ക് നമ്മെ ആകര്‍ഷിക്കാനും, നമ്മുടെ ജിജ്ഞാസയും ആശ്ചര്യവും ഉത്തേജിപ്പിക്കാനും കഴിയും. ദൈവത്തില്‍നിന്നുള്ള സന്ദേശവാഹകര്‍ എന്ന നിലയില്‍ ദൈവത്തിന്റെ സന്ദേശങ്ങളും സത്വാര്ത്തകളും അവര്‍ നമ്മെ അറിയിക്കും. സഖറിയായിക്കുണ്ടായ ദര്‍ശനം, പരിശുദ്ധ കന്യാകാമറിയത്തിനു ലഭിച്ച മംഗളവാര്‍ത്ത, ആട്ടിടയന്മാര്ക്ക് ലഭിച്ച സന്ദേശം തുടങ്ങിയവ ഉദാഹരണങ്ങളാണ്.
തിന്മയുടെ അരൂപികള്‍ നമ്മെ പ്രലോഭിക്കുമ്പോള്‍ അവര്‍ക്കെതിരെ യുദ്ധം ചെയ്യാനും അത്ഭുതകരമായി ശാരീരിക ഉപദ്രവങ്ങളില്‍നിന്ന് സംരക്ഷിക്കാനും കാവല്‍ മാലാഖമാര്‍ക്ക് കഴിയുന്നു. ‘നിന്റെ വഴികളില്‍ നിന്നെ കാത്തു പാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്മാരോട് കല്‍പ്പിക്കും. നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ വഹിച്ചുകൊള്ളും.’ ( സങ്കീ: 91: 11-12). അപൂര്‍വമായി മലാഖമാര്‍ക്ക് നമ്മുടെ ഭാവനയും വിചാരങ്ങളും സ്വാധീനിക്കാന്‍ കഴിയും.
ചുരുക്കത്തില്‍, നമ്മുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും, നമ്മെ നയിക്കുകയും, സംരക്ഷിക്കുകയും, ആവശ്യനേരത്ത് തിരുത്തുകയും ചെയ്യുന്ന ഒരു നല്ല ഇടയന്റെ ചിത്രമാണ് കാവല്‍മാലാഖമാര്‍ തരുന്നത്. പാപ്പാ എമരിത്തൂസ് ബനഡിക്ട് 16-ാമന്‍ മാലാഖയെക്കുറിച്ച് ഇപ്രകാരം എഴുതി: ‘ദൈവം എന്നിലേക്കു തിരിയുന്ന വ്യക്തിപരമായ ചിന്തയാണ് മാലാഖ’.
നല്ല ചിന്തകളും ഭാവനകളും നല്കി നമ്മുടെ പ്രവര്‍ത്തികളെ സ്വാധീനിക്കുമെങ്കിലും, ഒരിക്കലുംസ്വതന്ത്രമായനമ്മുടെ ഇച്ഛാശക്തിയെ മറികടന്ന് ഒരു കാര്യത്തിനും നമ്മെ നിര്‍ബന്ധിക്കുകയോ ഭയപ്പെടുത്തുകയോ ഇല്ല. കാവല്‍ മാലാഖമാര്‍ക്ക് നമ്മെ സഹായിക്കാം, അതിനായി അവരെ നാം അനുവദിക്കണം. തുടര്‍ച്ചയായി അവരുടെ നിര്‍ദേശങ്ങളും പ്രചോദനങ്ങളും അവഗണിച്ചാല്‍ പാപകരമായ സാഹചര്യങ്ങളില്‍നിന്ന് കാവല്‍ മാലാഖമാര്‍ക്ക് നമ്മെ രക്ഷിക്കാന്‍ കഴിയില്ല. അതിനാല്കാവല് മാലാഖമാരുടെ കാവലിനായി നമുക്കും തുറവിയുള്ളവരാകാം.