പരിശുദ്ധയമ്മ മുലയൂട്ടിയ വിശുദ്ധൻ

0
315

കത്തോലിക്കാ സഭയുടെ വേദപാരംഗതനായ വിശുദ്ധനാണ് വി. ബർണാഡ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാകമാനം തന്റെ എഴുത്തുകൊണ്ടും പ്രസംഗങ്ങൾ കൊണ്ടും സ്വാധീനം ചെലുത്താൻ മരിയഭക്തനായ വി. ബർണാർഡിനായി.

വി. ബർണാർഡ് എഴുതിയതായി വിശ്വസിക്കുന്ന ”എത്രയും ദയയുള്ള മാതാവേ ‘ എന്ന ജപം ലോക പ്രസിദ്ധമാണ്. തന്റെ കാലത്ത് യുറോപ്പിൽ ശക്തമായ സ്വാധീനം ബർണാഡിനുണ്ടായിരുന്നു. മാർപാപ്പമാരും രാജാക്കന്മാരും ഉപദേശങ്ങൾക്കു വേണ്ടി ബർണാഡിനെ സമീപിച്ചിരുന്നു. 1153 മരണമടഞ്ഞ അദേഹത്തെ മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം 1174 ൽ വിശുദ്ധനായി പ്രഖ്യാപിച്ചു. മറിയത്തിന്റെ മധ്യസ്ഥത, വിശുദ്ധ ബെർണാഡിന്റെ രചനകളിൽ വളരെ പ്രകടമാണ് മറിയത്തെ കൃപയുടെ മധ്യസ്ഥതയ്ക്കുള്ള ഏറ്റവും നല്ല ഉപാധിയായി ബർണാഡ് കാണുന്നു . മാതാവിന്റെ ജനനത്തെക്കുറിച്ചുള്ള ഒരു പ്രഭാഷണത്തിൽ, ബെർണാഡ് മറിയയെ ഭൂമിയെ കൃപയാൽ നിറയ്ക്കുന്ന ഒരു നീർച്ചാലായി താരതമ്യപ്പെടുത്തുന്നു.

മറ്റൊരവസരത്തിൽ , ”മറിയത്തിന്റെ കൈകളിലൂടെ കടന്നുപോകാതെ ഒന്നും നമുക്ക് ഉണ്ടാകരുതെന്ന് ദൈവം ആഗ്രഹിക്കുന്നതായി ബർണാഡ് പഠിപ്പിക്കുന്നു. വിശുദ്ധന്റെ മരിയൻ വിജ്ഞാനത്തിൽ യേശുവുമായി ബന്ധപ്പെടുത്തി മറിയത്തിനു കൃപ വിതരണത്തിലുള്ള പ്രാധാന്യത്തിനു ഊന്നൽ നൽകുന്നു.

മറിയത്തിന്റെ അത്ഭുകരമായ മുലയൂട്ടൽ

ഒരിക്കൽ ബർണാർഡ് മുട്ടുകുത്തി മറിയത്തിന്റെ തിരുസ്വരൂപത്തിനു മുമ്പിൽ ”ഒരു അമ്മയായി നിന്നെത്തന്നെ എനിക്കു കാണിച്ചു തരിക” എന്നു പ്രാർത്ഥിച്ചു. ഉടനെ പ്രതിമ ജീവസുറ്റതായി, ഒരു കൈയ്യിൽ ഉണ്ണിയേശുവിനെ കൈകളിലേന്തിയ പരിശുദ്ധ കന്യകാമറിയം മറ്റേകരം കൊണ്ട് ബർണാഡിനു മുലപ്പാൽ ചുരത്തി നൽകി എന്നാണ് ഐതീഹ്യം. മറ്റൊരു വ്യാഖ്യാനമനുസരിച്ച് പരിശുദ്ധ കന്യകാമറിയം ബർണാഡിനു മുലപ്പാൽ നൽകുന്നത് മറിയത്തിനു ബർണാഡിനോടുള്ള മാതൃസഹജമായ കരുതലിന്റെയും സംരക്ഷണത്തിന്റെയും തെളിവാണ്.