ന്യൂയോർക്ക്: ദിവ്യകാരുണ്യത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ഡോക്യുമെന്ററി ചിത്രം ‘എലൈവ്’ അമേരിക്കയിൽ വൻ ഹിറ്റ്.
അമേരിക്കൻ ബോക്‌സോഫീസിലെ ആദ്യ 10 ചിത്രങ്ങളുടെ പട്ടികയിലാണ് എലൈവ് സ്ഥാനം പിടിച്ചത്. പ്രദർശനത്തിന്റെ ആദ്യദിവസമായ ഏപ്രിൽ 25 ന് തന്നെ ചിത്രം കാണാൻ ആളുകളുടെ തിരക്കായിരുന്നു. ഹിറ്റായ മറ്റ് പല ഹോളിവുഡ് ചിത്രങ്ങളെയും പിന്നിലാക്കി പട്ടികയിൽ ആറാം സ്ഥാനമാണ് എലൈവ് നേടിയത്.
ദിവ്യകാരുണ്യം മൂലം ജീവിതം മാറിമറിഞ്ഞവരുടെ അനുഭവ സാക്ഷ്യമാണ് ചിത്രം പറയുന്നത്. ജോർജ്ജ് പരീജ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് ജെയ്മി പിനേഡയാണ്.
ഹക്കുന ഫിലിംസാണ് നിർമ്മിച്ചിരിക്കുന്ന ചിത്രം ബോസ്‌കോ ഫിലിംസിനാണ് വിതരണം ചെയ്യുന്നത്. അമേരിക്കയിൽ എത്തുന്നതിന് മുമ്പേ തന്നെ ഒരു ലക്ഷത്തോളം ആളുകൾ മറ്റു രാജ്യങ്ങളിൽ ചിത്രം കണ്ടതായി ബോസ്‌കോ ഫിലിംസ് അധികൃതർ വ്യക്തമാക്കി. മെക്‌സിക്കോയിലും, സ്‌പെയിനിലും ആദ്യ ആഴ്ചയിൽ മറ്റ് പല ഹിറ്റ് ചിത്രങ്ങളെയും പിന്നിലാക്കി വൻ വിജയമാണ് ചിത്രം നേടിയത്. ആളുകൾക്ക് ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യം മനസിലാക്കിക്കൊടുക്കാനാണ് ചിത്രം നിർമിച്ചതെന്ന് ജോർജ്ജ് പരീജ വ്യക്തമാക്കിയിരുന്നു. 742 തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്.