ഭാര്യയേയും മക്കളെയും ഓട്ടോയിലിട്ട് തീകൊളുത്തി, മൂന്ന് പേർ മരിച്ചു

0
138

മലപ്പുറം: പെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോയിലുണ്ടായ സ്ഫോടനം ആസൂത്രിതമെന്ന് പൊലീസ്. ഓട്ടോ ഉടമ മുഹമ്മദ് ആത്മഹത്യാശ്രമം നടത്തിയെന്ന നിഗമനത്തിലാണ് പൊലീസ്. ഭാര്യയേയും കുട്ടികളേയും വാഹനത്തിലേക്ക് വിളിച്ചുവരുത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വാഹനം പുറത്ത് നിന്നും പൂട്ടിയ ശേഷമാണ് മുഹമ്മദ് കൃത്യം നടത്തിയത്. പൊള്ളലേറ്റ മുഹമ്മദ് കഴുത്തിൽ കയറിട്ട് കിണറ്റിലേക്ക് ചാടുകയായിരുന്നു. മൂവരുടേയും ജീവൻ നഷ്ടപ്പെട്ടു.

അഞ്ചു വയസ്സുകാരിയായ രണ്ടാമത്തെ മകൾ പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുഡ്സ് ഓട്ടോയിലുണ്ടായിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു പ്രാഥമിക വിവരം. പെരുന്നാൾ പ്രമാണിച്ച് കഴിഞ്ഞ ദിവസം ഭാര്യ ജാസ്മിന്റെ വീട്ടിലെത്തിയതായിരുന്നു കുടുംബം. മുഹമ്മദിന്റെ ഗുഡ്സ് ഓട്ടോയിലായിരുന്നു വന്നത്. ഈ വാഹനത്തിൽ ഇന്ന് തിരിച്ചു പോകവെയാണ് അപകടമുണ്ടായത്. ഗുഡ്സ് ഓട്ടോയിൽ നിന്ന് രണ്ട് പേരുടെ മൃതദേഹവും സമീപത്തെ കിണറ്റിൽ നിന്ന് ഒരു മൃതദേഹവും കണ്ടെത്തി.