വിജയ് ബാബുവിനെ കണ്ടെത്താൻ ഇന്റർപോളും, ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

0
182

ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താൻ പുറപ്പെടുവിച്ച ബ്ലൂ കോർണർ നോട്ടീസ് ഫലം കാണുമെന്ന് പൊലീസ്. ദുബായിൽ ഒളിവിൽ കഴിയുന്നു എന്ന് കരുതുന്ന വിജയ് ബാബുവിനെ കണ്ടെത്തുന്നതിനായി കഴിഞ്ഞ ദിവസം അന്വേഷണസംഘം ഇന്റർപോളിന്റെ സഹായം തേടിയിരുന്നു.

ദുബായിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇമെയിൽ വഴി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ബിസിനസ്സ് പരമായ ടൂറിലാണെന്നും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ സാവകാശം വേണമെന്നുമാണ് നൽകിയ മറുപടി. വിജയ്ബാബു ഒളിവിൽ കഴിയുന്നസ്ഥലം കണ്ടെത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം.

അതേസമയം ഹാജരാകാൻ സാവകാശം വേണമെന്ന നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ ആവശ്യം അംഗീകരിക്കേണ്ടെന്ന് കൊച്ചി സിറ്റി പോലീസ് നേരത്തെ തീരുമാനിച്ചിരുന്നു. മെയ് 18ന് നടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സാവകാശം തേടിയത്. ഹർജി വേനലവധിക്ക് ശേഷം പരിഗണിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മെയ് 16 വരെയാണ് വേനലവധി.