വടക്കേ അമേരിക്കയിൽ സ്പാനിഷ്ഭാഷ സംസാരിക്കുന്നവർക്കുവേണ്ടി അജപാലനസേവനം നടത്തുന്നവർക്കായി നടത്തിയ സമ്മേളനത്തിലേക്കയച്ച സന്ദേശത്തിൽ, ഇന്നത്തെ ലോകത്തിന് സമാധാനത്തിന്റെ അടയാളങ്ങളാണ് ആവശ്യമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
മാനവരാശി സമാധാനത്തിന്റേതായ പദ്ധതികൾ ഉപയോഗിക്കാതെ യുദ്ധത്തിന്റേതായ പദ്ധതികൾ ഉപയോഗിക്കുന്നത് സങ്കടകരമാണെന്ന്, ”പ്രവാചകശബ്ദം – പുതിയൊരു കാലത്തേക്കായി പാലങ്ങളാകുക” എന്ന വിഷയം അടിസ്ഥാനമാക്കി, ‘വേരുകളും ചിറകുകളും’ എന്ന പേരിൽ, ഏപ്രിൽ 26 മുതൽ 30 വരെ അമേരിക്കയിലെ വാഷിങ്ടണിൽ വച്ച് നടക്കുന്ന ‘സ്പാനിഷ് അജപാലനസേവന ദേശീയ കോൺഗ്രസിൽ’ പങ്കെടുക്കുന്നവർക്കായി സ്പാനിഷ്ഭാഷയിൽ അയച്ച വീഡിയോ സന്ദേശത്തിൽ, പാപ്പാ പറഞ്ഞു. ക്രൈസ്തവർ സമാധാനത്തിനുംവേണ്ടിയുള്ള പാലങ്ങൾ സൃഷ്ടിക്കുന്നവരാകണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഒരു വലിയ മഹാമാരിയുടെ അനുഭവത്തിലൂടെ കടന്നുപോകുന്ന നാം ഇപ്പോൾ ഒരു യുദ്ധം ഉണ്ടാക്കുന്ന ദുരിതങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയുമാണ് കടന്നുപോകുന്നത്. സമൂഹത്തിലാകട്ടെ, കുടുംബങ്ങളിലാകട്ടെ, ഓരോ വഴക്കും യുദ്ധവും ആരംഭിക്കുന്നത് ഒരു അനീതിയിൽനിന്നാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
പഴയനിയമത്തിലെ കായേന്റെ മനോഭാവത്തോടെയാണ് പലരും ചിന്തിക്കുന്നത്. എന്നാൽ സാഹോദര്യം എല്ലാവർക്കുംവേണ്ടിയുള്ളതാണെന്ന് പാപ്പാ എടുത്തുപറഞ്ഞു.
നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും തുടങ്ങി എല്ലാ തലങ്ങളിലും സമാധാനവും ഐക്യവും പ്രദാനം ചെയ്യാൻ കഴിയുന്ന രീതിയിൽ, സമൂഹത്തിന്റെ എല്ലാ മേഖലകളിലും പരസ്പരബന്ധത്തിന്റെ പാലങ്ങൾ സൃഷ്ടിക്കാൻ തക്കവിധത്തിൽ ചിന്തകളെ മാറ്റുവാൻ കഴിയുന്ന ക്രൈസ്തവർ ആയിരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് പാപ്പാ എല്ലാവരെയും ക്ഷണിച്ചു. സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാനും പ്രവൃത്തിക്കാനും, പാലങ്ങൾ സൃഷ്ടിക്കാനും, പാലങ്ങളാകാനും പാപ്പാ എല്ലാവരോടും ആവശ്യപ്പെട്ടു.