ഉക്രെയിനിലെ കീവിലേയ്ക്ക് ഉടൻ സന്ദർശനം നടത്താനുള്ള സാദ്ധ്യതയില്ലെന്നു ഫ്രാൻസിസ് പാപ്പ. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ഉക്രെനിയൻ തലസ്ഥാനം സന്ദർശിക്കാൻ താൻ സന്നദ്ധനാണെന്നു കഴിഞ്ഞ മാസം മാൾട്ടായിലേയ്ക്കു നടത്തിയ പര്യടനത്തിനിടെ മാർപാപ്പ പറഞ്ഞിരുന്നു. എന്നാൽ, പ്രയോജനകരമല്ലെങ്കിൽ അത്തരമൊരു സന്ദർശനം ഉടനെ നടത്തുന്നതിൽ കാര്യമില്ലെന്ന് ഒരു അർജന്റീനിയൻ പത്രത്തിനു നൽകിയ അഭിമുഖത്തിൽ പാപ്പ ചൂണ്ടിക്കാട്ടി.
യുദ്ധം അവസാനിപ്പിക്കുക, സമാധാന ഉടമ്പടി ഉണ്ടാക്കുക, അല്ലെങ്കിൽ ചുരുങ്ങിയത് ഒരു മാനവീക ഇടനാഴി സ്ഥാപിക്കുകയെങ്കിലും ചെയ്യുക എന്നതാണു അടിയന്തിരമായ ലക്ഷ്യങ്ങളെന്നും അതിനു വിഘാതമാകുന്നതൊന്നും ചെയ്യുകയില്ലെന്നും പാപ്പാ പറഞ്ഞു. പാപ്പാ കീവിൽ പോയി, പിറ്റേന്നു മുതൽ യുദ്ധം വീണ്ടും തുടരുകയാണെങ്കിൽ ആ സന്ദർശനം കൊണ്ട് എന്തു ഗുണമെന്നും പാപ്പാ ചോദിച്ചു.