സച്ചിയുടെ ഓർമ്മയിൽ പൃഥ്വിരാജ്, വാട്‌സ് ആപ്പ് ചാറ്റ് പങ്കുവെച്ച് താരം

0
1342

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ഓർമ്മകൾ പങ്കുവച്ച് നടൻ പൃഥ്വിരാജ്. സച്ചിയുമായുള്ള വാട്സ്ആപ്പ് ചാറ്റാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ‘തൂവാനത്തുമ്പികൾ’ ചിത്രത്തിലെ ക്ലാര എന്ന കഥാപാത്രത്തിന്റെ വാക്കുകളാണ് സന്ദേശത്തിൽ.

”എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാകുവാ, ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ്” എന്ന ചിത്ര സന്ദേശവും പിന്നാലെ തംസപ്പും താരം നൽകിയിട്ടുണ്ട്.

സച്ചി പൃഥ്വിരാജിന്റെ ഉറ്റസുഹൃത്തായിരുന്നു. 23 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു ജൂണിൽ അച്ഛൻ സുകുമാരന്റെ വിയോഗത്തിൽ മനംനൊന്ത് വിറങ്ങലിച്ചു നിന്ന അതേ വികാരമാണ് സച്ചിയുടെ ജീവനറ്റ ശരീരത്തിനു മുൻപിൽ നിൽക്കുമ്പോൾ തനിക്കു തോന്നുന്നതെന്ന് പൃഥ്വി അന്ന് പറഞ്ഞത്.

പറയാത്ത നിരവധി കഥകൾ, പൂർത്തീകരിക്കാത്ത നിരവധി സ്വപ്നങ്ങൾ. വാട്‌സാപ്പ് ശബ്ദ സന്ദേശങ്ങളിൽ രാത്രി ഏറെ വൈകിയുള്ള നിരവധി വിവരണങ്ങൾ. വളരെയധികം ഫോൺ കോളുകൾ. നമ്മൾ വലിയൊരു പദ്ധതി തയ്യാറാക്കിയിരുന്നു. ഇനിയുള്ള വർഷങ്ങളിലേക്ക്. നിങ്ങളും ഞാനും. എന്നിട്ട് നിങ്ങൾ പോയി എന്നാണ് പൃഥ്വിരാജ് സച്ചിയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കുറിച്ചത്. പൃഥ്വിരാജ് അഭിനയിച്ച അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം.