വിവാഹജീവിതം എല്ലാവര്‍ക്കും വര്‍ക്കാവില്ല: നടന്‍ ഷൈന്‍ ടോം ചാക്കോ

0
240

തന്റെ വിവാഹജീവിതത്തെയും പ്രണയത്തെയും കുറിച്ച് മനസ്സുതുറന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. 1000 ആരോസ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് താരം മനസ് തുറന്നത്.

‘ആരുമായിട്ടും ഞാനങ്ങനെ വഴക്ക് കൂടാറില്ല. ചില ബന്ധങ്ങളില്‍ ആയിരിക്കുമ്പോള്‍ ഉണ്ടായിട്ടുണ്ട്. ലവ് റിലേഷന്‍സ് എനിക്ക് തീരെ വര്‍ക്കാവില്ല. വിവാഹജീവിതം എല്ലാവര്‍ക്കും വര്‍ക്കാവില്ല. ക്രിസ്ത്യന്‍സില്‍ ദൈവവിളി കിട്ടി അച്ചനും കന്യാസ്ത്രീമാരും ആവുന്നത് പോലെയാണ് വിവാഹവും. എല്ലാവര്‍ക്കും ആ വിളി കിട്ടണമെന്നില്ല.

എനിക്ക് പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ രണ്ട് പേരും ഒരുമിച്ചിട്ടുള്ള അധിക പ്രണയം ഇല്ലായിരുന്നു. ചില സമയങ്ങളില്‍ പ്രണയിച്ചിട്ടുണ്ട്. അത് എവിടെയോ മുറിഞ്ഞ് പോകും. പിന്നെ അങ്ങനെ സീരിയസായി കണ്ടിട്ടില്ല. റിലേഷനിലെ പ്രധാന ഘടകം നമ്മുടെ വിഷമം മറ്റേ ആളുടെ അടുത്ത് പറയണം. അതെനിക്ക് വിശദീകരിക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ടാണ് പ്രണയമൊന്നും മുന്നോട്ട് പോവാത്തത്.

ഇനി ലവ് പരിപാടി വിട്ടിട്ട് ഡേറ്റിങ് പരിപാടിയിലേക്ക് തിരിയുന്നതാണ് കുറച്ച് കൂടി സൗകര്യം. അതില്‍ ബാധ്യതയുണ്ടാവില്ല. വര്‍ക്കാവില്ലെന്ന് തോന്നുന്ന സമയത്ത് നല്ല കൂട്ടുകാരായി തുടരാം എന്ന് പറയാം. പ്രണയത്തിലാവുമ്പോള്‍ അത് നടക്കില്ല. കൂട്ടുകാരായി ഇരിക്കുന്നവര്‍ക്ക് അതുപോലും ഇല്ലാതെയാവും.

പ്രണയിക്കാത്തത് കൊണ്ട് തന്നെ ഞാന്‍ അറേഞ്ച് മ്യാരേജാണ് ചെയ്തത്. അതും ഒരുപാട് കാരണങ്ങള്‍കൊണ്ട് വര്‍ക്കായില്ല. കുറച്ച് കാലം എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. അവരെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു. അവരുടെ ഭാഗത്ത് നിന്നും ഞാന്‍ സന്തുഷ്ടനായിരുന്നു. പക്ഷേ എന്റെ ഭാഗത്ത് നിന്ന് അവര്‍ സന്തുഷ്ടയായിരുന്നില്ല. അതെന്റെ പ്രശ്നമാണെന്ന് ഈ രണ്ട് ബന്ധങ്ങളില്‍ നിന്നും മനസ്സിലായി.

അതുകൊണ്ടാണ് വേറൊരാളുടെ ചിന്താമണ്ഡലങ്ങള്‍ ഭരിക്കുന്ന പ്രണയബന്ധങ്ങളിലാവാന്‍ താല്‍പര്യമില്ലാത്തത്. ഒരു തരത്തിലും അത് വര്‍ക്കാകില്ലെന്ന തോന്നലുണ്ട്. എനിക്ക് വിവാഹം ശരിയാവില്ലെന്ന് ഒത്തിരിപേര്‍ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ എല്ലാവരെയും വിവാഹം കഴിപ്പിക്കുക എന്നതാണ് ഇവിടുത്തെ രീതി. നാളെ പിള്ളേരെ കൊണ്ട് ചെയ്യിപ്പിക്കാന്‍ പോവുന്നതും അതൊക്കെ തന്നെയാണ്.
ഒരു റിലേഷന്‍ ബ്രേക്കപ്പ് ആവുമ്പോള്‍ ഒരുപാട് കാലം ദുഃഖിച്ചിരിക്കുന്നത് പെണ്‍കുട്ടികളാണ്. എന്തിനാണ് ഇത്രയധികം ദുഃഖിക്കുന്നത്. അങ്ങനൊരാള്‍ ഒഴിഞ്ഞ് പോയി എന്നല്ലേ ചിന്തിക്കേണ്ടതെന്ന്’- ഷൈന്‍ ടോം പറയുന്നു.