തനിക്കെതിരെയുള്ള വ്യാജവാർത്ത പിൻവലിച്ചില്ലെങ്കിൽ താൻ നിയമത്തിന്റെ വഴിതേടുമെന്ന് നടി മന്യ. ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയ്ക്ക് കമന്റ് ചെയ്താണ് മന്യയുടെ പ്രതികരണം. നടൻ ദിലീപിനെപ്പറ്റിയുള്ള മന്യയുടെ ഒരു പ്രസ്താവനയായിരുന്നു വാർത്തയായത്. ”എനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കിൽ വിവാഹം കഴിക്കുമെന്ന് ദിലീപ് പറയുമായിരുന്നു” എന്ന് മന്യ പറഞ്ഞു എന്നായിരുന്നു വാർത്ത.
ഈ വാർത്തയുടെ താഴെ മന്യ എഴുതിയ കമന്റിലാണ് വാർത്ത വ്യാജമാണെന്ന് മന്യ വ്യക്തമാക്കിയത്. ഇതിന്റെ സ്‌ക്രീൻഷോട്ടും മന്യ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചു.
”ഈ വാർത്ത വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നവയുമാണ്. ദിലീപ് അത് പറഞ്ഞിട്ടില്ല. ബഹുദൂർക്ക തമാശ പറയുമായിരുന്നു എന്നാണ് ഞാൻ അഭിമുഖത്തിൽ പറഞ്ഞത്. ഇത്തരത്തിൽ കള്ളങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമം നിരോധിക്കപ്പെടണം. ഈ വാർത്ത അറപ്പുളവാക്കുന്നതാണ്. ഈ വാർത്ത പിൻവലിക്കുകയോ തിരുത്തുകയോ വേണം അല്ലാത്തപക്ഷം കേസ് ഫയൽ ചെയ്യും. മന്യ പറഞ്ഞു.
”വീണ്ടും വ്യാജവാർത്തകൾ! ഞാൻ കമന്റിലൂടെ പ്രതികരിച്ചു, ഇനി എനിക്ക് എന്ത് ചെയ്യാനാകുമെന്ന് നോക്കും! ഇത്തരം നുണകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ നിരോധിക്കണം” എന്നാണ് സക്രീൻ ഷോട്ടുകൾ പങ്കുവെച്ച് മന്യ കുറിച്ചത്.