മായക്കൊട്ടാരം എന്ന സിനിമ ഫിറോസ് കുന്നംപറമ്പിലിനെ അപമാനിക്കാനാണ് എന്ന് പ്രചരിപ്പിക്കുന്നവർക്ക് മറുപടിയുമായി സംവിധായകൻ കെ.എൻ ബൈജു.
ഫെയ്‌സ്ബുക്കിലൂടെയാണ് സംവിധായകൻ പ്രതികരിച്ചിരിക്കുന്നത്.
ഞാൻ ഒരു പ്രത്യേക വ്യക്തിയെ ഉന്നം വെച്ച് ചെയ്തതല്ല. എന്റെ സിനിമയിലെ ഒരു കഥാപാത്രമാണ് സുരേഷ് കോടാലിപ്പറമ്പൻ. അദ്ദേഹം ചാരിറ്റിയുമായി നടക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളും രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അല്ലാതെ ഒരു വ്യക്തിയെ ട്രോളുക, മനസ്സ് വിഷമിപ്പിക്കുക എന്ന ഉദ്ദേശമൊന്നും എനിക്കില്ല. ഒരോരുത്തരും അവരവരുടെ ഭാവന അനുസരിച്ച് പല കഥകളും മെനഞ്ഞ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ് ചെയ്തത്.
മിസ്റ്റർ ഫിറോസ് കുന്നംപറമ്പിലിന്റെ പ്രതികരണം ഞാൻ കണ്ടു. അദ്ദേഹം പറയുന്നത് അദ്ദേഹത്തെ തേജോവധം ചെയ്യാൻ ഒരു കൂട്ടം സിനിമാക്കാർ ഗൂഢ സംഘങ്ങളായി മറ്റുള്ളവരുടെ കൈയിൽ നിന്ന് പൈസ വാങ്ങിച്ച് സിനിമ ചെയ്യുകയാണെന്ന്. അതിന്റെ ആവശ്യം ഞങ്ങൾക്കില്ല. ദേവ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. കഥാപാത്രത്തിന്റെ പേര് അബദ്ധവശാൽ സുരേഷ് കോടാലിപ്പറമ്പൻ എന്നായിപ്പോയി മാത്രം. ഞാനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. എനിക്കറിയാം എന്ത് ചെയ്യണമെന്ന്. ഇവിടെ ആവിഷ്‌കാര സ്വാതന്ത്ര്യമില്ലേ?
ഞാൻ ആരെയും അപമാനിക്കുന്നില്ല. സിനിമ കണ്ടിട്ട് സംസാരിക്കൂ. കൊറോണക്കാലം കഴിഞ്ഞാൽ ആളുകൾക്ക് ആസ്വദിക്കാൻ ഒരു തമാശ സിനിമ ഒരുക്കയാണ് എന്റെ ലക്ഷ്യം. ചിലർ പറയുന്നത് കേട്ടു ഞാൻ നിലംപരിശായ രണ്ടു മലയാള ചിത്രങ്ങളുടെ സംവിധായകനാണെന്ന്. ഞാൻ ഒരു മലയാള സിനിമ പോലും സംവിധാനം ചെയ്തിട്ടില്ല. തമിഴിലാണ് ആകെ ഒരു സിനിമ ചെയ്തത്. അതും രജനികാന്തിന്റെ ലിം?ഗയ്‌ക്കൊപ്പം റിലീസ് ചെയ്ത ഒരു സിനിമ. രജനികാന്തിന്റെ സിനിമയോട് മത്സരിക്കാൻ 125 തിയേറ്ററുകളിൽ ആ ചിത്രം റിലീസ് ചെയ്തു. അത് പരാജയപ്പെട്ട സിനിമയായിരുന്നില്ല.
അതുകൊണ്ടു ഞാൻ ഒരിക്കൽ കൂടി പറയുന്നു. ഞാൻ ആരെയും പരിഹസിക്കുന്നില്ല. പാവങ്ങളെ സഹായിക്കുന്ന ഒരാളെ അങ്ങനെ പറയേണ്ട ആവശ്യം എനിക്കില്ല- കെ.എൻ ബൈജു പറഞ്ഞു.