പതിനാറുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചു,22 കാരൻ അറസ്റ്റിൽ

0
55

പത്തനംതിട്ട : പതിനാറുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കികൊണ്ട് പോയി ലോഡ്ജിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പുളിമാത്ത് കൊടുവഴന്നൂർ ചേനവിള നിന്നും ചിറ്റാർ സീതത്തോട് മുണ്ടൻപാറ ഗുരുനാഥൻമണ്ണിൽ താമസിക്കുന്ന സനൽ സുരേഷ് (22) ആണ് പിടിയിലായത്.

തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പോക്‌സോ വകുപ്പുകൾ പ്രകാരം കോയിപ്രം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. വ്യാഴം രാവിലെ 10.30 ന് വീട്ടിൽ നിന്നും സുഹൃത്തിനെ കാണാണെന്ന് പറഞ്ഞിറങ്ങിയ പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടു പോയി എന്നാണ് കേസ്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയെ കാണാതായതിന് പോലീസ് കേസെടുത്തത്.

മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തി നടത്തിയ അന്വേഷണത്തെ തുടർന്ന് കൊട്ടാരക്കര ബസ് സ്റ്റാന്റിൽ നിന്ന് കഴിഞ്ഞ ദിവസം വൈകിട്ട് ഇയാളെ പിടികൂടുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം രണ്ടുവർഷമായി വാട്‌സാപ്പ് വഴിയും മറ്റും ഇയാൾ പെൺകുട്ടിയുമായി ബന്ധം തുടരുകയായിരുന്നു. വീട്ടിൽ നിന്നും പെൺകുട്ടിയെ ഇറക്കികൊണ്ട് പോയി തിരുവല്ല എസ് സി സ്‌കൂളിന് സമീപമുള്ള ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയാണുണ്ടായത് എന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.

പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ, എസ് ഐ മാരായ അനൂപ്, താഹാകുഞ്ഞ്, എ എസ് ഐ മാരായ വിനോദ്, സുധീഷ്, സി പി ഓമാരായ പരശുറാം, ജോബിൻ ജോൺ എന്നിവരുടെ സംഘമാണ് കേസ് അന്വേഷിച്ചത്.