കൊച്ചി: കളമശേരി ആശുപത്രിയിൽ വച്ച് അമ്മയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന് മകൾ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ആലുവ സ്വദേശി രാധാമണിയുടെ ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്.
ആഭരണങ്ങൾ നഷ്ടമായതായി ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. രാധാമണിയുടെ മരണത്തെക്കുറിച്ചും ആഭരണങ്ങൾ നഷ്ടമായതിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് കുടുംബം പറയുന്നു.
ജൂലായ് ഇരുപതിനാണ് പനിയും കഫക്കെട്ടും മൂലം രാധാമണിയെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കൊവിഡല്ലെന്ന് പരിശോധനയിലൂടെ വ്യക്തമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞതോടെ രാധാമണിയുടെ നില ഗുരുതരമായി. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചപ്പോഴാണ് രാധാമണി മരിച്ചതെന്ന്
ബന്ധുക്കൾ പറഞ്ഞു. കൊവിഡല്ലെങ്കിലും സംസ്‌കാരം കൊവിഡ് മാനദണ്ഡ പ്രകാരം നടത്തണമെന്ന് അധികൃതർ നിർദേശിച്ചതായും മക്കൾ വ്യക്തമാക്കി.