കായലിൽ ചാടി കുഞ്ഞിനൊപ്പം ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവും തൂങ്ങിമരിച്ചു

0
687

കൊല്ലം: കുണ്ടറ വെള്ളിമണ്ണിൽ മൂന്നുവയസുള്ള കുഞ്ഞുമായി കായലിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ ഭർത്താവും ആത്മഹത്യ ചെയ്തു. പെരിനാട് സ്വദേശി രാഖിയുടെ ഭർത്താവ് സിജു ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലെത്തിയ രാഖി ഞായറാഴ്ച വൈകിട്ടാണ് മൂന്നു വയസ്സുള്ള മകൻ ആദിയേയും എടുത്ത് അഷ്ടമുടിക്കായലിൽ ചാടിയത്. കുടുംബവഴക്ക് മൂലമാണ് രാഖി ആത്മഹത്യ ചെയ്തതെന്ന പരാമർശമുണ്ടായിരുന്നു.

കൈതകോടി പാലക്കടവ് ജയന്തികോളനിക്ക് സമീപമുള്ള കായലിൽ നിന്നും കുണ്ടറ പോലീസും ഫയർഫോഴ്‌സ് യൂണിറ്റും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഈ സമയം സിജു വീട്ടിലുണ്ടായിരുന്നില്ല. ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇന്നു പുലർച്ചെ ആറു മണിയോടെ വീട്ടിലെത്തിയ സിജു വളരെ സമയത്തിനുശേഷവും പുറത്തിറങ്ങാതെ വന്നതോടെ സംശയം തോന്നിയ അയൽക്കാർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് സിജുവിനെ കയറിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്.

സിജുവും രാഖിയും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നെന്ന് അയൽക്കാർ പറയുന്നു. കഴിഞ്ഞ ദിവസം വഴക്കിട്ട് വീട്ടിലേക്ക് പോയ രാഖി അയൽവീട്ടിലെ കുട്ടികൾക്കൊപ്പമാണ് കായൽതീരത്തേക്ക് പോയത്. സന്ധ്യയായതോടെ കുട്ടികൾ മടങ്ങിയെങ്കിലും താൻ കുറച്ചുസമയത്തിന് ശേഷമേ മടങ്ങുന്നുള്ളൂവെന്ന് രാഖി പറഞ്ഞു. ഏറെനേരം കഴിഞ്ഞിട്ടും രാഖിയെ കാണാതെ വന്നതോടെ അന്വേഷിച്ചെത്തിയവർ രാഖിയുടെയും കുഞ്ഞിന്റെയും ചെരുപ്പ് കരയിൽ കണ്ടെത്തി.