തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊന്നു. തമിഴൻ ടിവിയിലെ റിപ്പോർട്ടർ മോസസ് ആണ് കൊല്ലപ്പെട്ടത്. റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് എതിരായ വാർത്താ പരമ്പരക്ക് പിന്നാലെയാണ് മാധ്യമപ്രവർത്തകന് വെട്ടേറ്റത്.
ഇന്നലെ അർധരാത്രിയോടെ കാഞ്ചീപുരത്തെ വീടിന് മുന്നിൽ വച്ചായിരുന്നു മോസസിന് നേരെ ആക്രമണമുണ്ടായത്. റിപ്പോർട്ടിങ് കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന മോസസിനെ മൂന്ന് ബൈക്കുകളിലായെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു.
കാഞ്ചീപുരത്തെ ഭൂമാഫിയകളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളുടെ അനധികൃത പങ്കിനെ കുറിച്ചും മോസസ് തമിഴൻ ടി.വിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. രാഷ്ട്രീയ ഗുണ്ടാസംഘമാണ് മോസസിനെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു.
നടപടി ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു.