കോളേജിലെ പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ ഒളിക്യാമറ, വിദ്യാര്‍ഥി അറസ്റ്റില്‍

0
228

ബെംഗളൂരു: കോളേജിലെ പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് 1200 ലേറെ പെണ്‍കുട്ടികളുടെ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥി അറസ്റ്റില്‍. ബെംഗളൂരു ഹൊസക്കറഹള്ളിയിലെ സ്വകാര്യ കോളേജില്‍ ബി.ബി.എ. വിദ്യാര്‍ഥിയായ ശുഭം എം.ആസാദാണ് പിടിയിലായത്.

കോളേജിലെ ‘ലേഡീസ് റെസ്റ്റ്റൂമില്‍ രഹസ്യമായി ക്യാമറ സ്ഥാപിക്കുന്നതിനിടെ യുവാവിനെ കണ്ട പെണ്‍കുട്ടികള്‍ ബഹളംവെച്ചു. ഇതോടെ ഇയാള്‍ കോളേജില്‍നിന്ന് ഓടിരക്ഷപ്പെട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

അറസ്റ്റിലായ ശുഭം ആസാദില്‍നിന്ന് പെണ്‍കുട്ടികളുടെ 1200ലേറെ സ്വകാര്യചിത്രങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കോളേജിലെ പെണ്‍കുട്ടികളുടേതും സുഹൃത്തുക്കളുടേതും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ മറ്റുദൃശ്യങ്ങളും ഫോണിലുണ്ടായിരുന്നു. തന്റെ സുഹൃത്തുക്കള്‍ തമ്മില്‍ അടുത്തിടപഴകുന്ന പലദൃശ്യങ്ങളും ഇയാള്‍ ഫോണില്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്നതായും പോലീസ് പറഞ്ഞു.
പെണ്‍കുട്ടികളുടെ വീടുകളില്‍ രഹസ്യമായി ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഇയാളുടെ പതിവാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഈ സംഭവങ്ങളില്‍ പിടിക്കപ്പെട്ടപ്പോള്‍ മാപ്പ് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. പ്രതി മറ്റൊരു മൊബൈല്‍ ഫോണ്‍ കൂടി ഉപയോഗിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.