പത്തുവയസുകാരൻ കഴുത്തിൽ തോർത്ത് മുറുകി മരിച്ച നിലയിൽ

0
554

കായംകുളം: പത്തുവയസുകാരൻ കഴുത്തിൽ തോർത്ത് മുറുകി മരിച്ച നിലയിൽ. പത്തിയൂർ കിഴക്ക് ചെറിയ പത്തിയൂർ അശ്വതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുൽഫത്ത് (ശാലിനി) – മുഹമ്മദ് അനസ് ദമ്പതികളുടെ മകനായ മുഹമ്മദ് അൻസിലിനെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു ദാരുണസംഭവമുണ്ടായത്. അൻസിലിനെയും അനുജൻ മുഹമ്മദ് അജിനെയും (5) വീട്ടിലാക്കി വാതിൽ പുറത്തുനിന്ന് പൂട്ടി സുൽഫത്ത് ഇന്നലെ രാവിലെ തൃശൂരിലെ സ്വന്തം വീട്ടിലേക്കു പോയിരുന്നു.

വീട്ടിൽ പാകം ചെയ്തിരുന്ന ഭക്ഷണം ഉച്ചയ്ക്ക് കുട്ടികൾ കഴിക്കുകയും അജിൻ ഉറങ്ങുകയും ചെയ്തു. അജിൻ എഴുന്നേറ്റപ്പോൾ ചലനമറ്റ് കിടക്കുന്ന ചേട്ടനെയാണ് കണ്ടത്. കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ അൻസിലിനെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വീട്ടിൽ ഉപയോഗിച്ചിരുന്ന തോർത്താണ് അൻസിലിന്റെ കഴുത്തിലുണ്ടായിരുന്നത്. സുൽഫത്തും ഭർത്താവും തമ്മിലുള്ള വിവാഹമോചന കേസ് കോടതിയിൽ നടക്കവെയാണ് ദാരുണസംഭവമുണ്ടായത്. കരീലക്കുളങ്ങര സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.