മുഖ്യ ദൈവദൂതനായ മിഖായേലിനോടുള്ള ജപം

0
171

വിശുദ്ധ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയാണ്‌ കത്തോലിക്കാസഭയുടെ കാവല്‍ക്കാരനായി വിശുദ്ധ മിഖായേലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1884 ഒക്ടോബര്‍ 13-ന് ലിയോ പതിമൂന്നാമന്‍ പാപ്പായ്ക്ക് ഭീതിജനകമായ ഒരു ദര്‍ശനമുണ്ടായി. തന്റെ സ്വകാര്യ ചാപ്പലില്‍ ദിവ്യബലിക്കുശേഷം കര്‍ദ്ദിനാളന്മാരുമായി അദ്ദേഹം ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. പെട്ടന്ന് അള്‍ത്താരയുടെ ചുവട്ടില്‍ ബോധമറ്റവനെപ്പോലെ അദ്ദേഹം നിന്നു. അനേകം മിനിറ്റുകള്‍ വിളറിയ, ഭീതിനിറഞ്ഞ മുഖവുമായി, ചലനമറ്റവനായി അവിടെ അദ്ദേഹം ചിലവഴിച്ചു. ഒരു ചെറിയ ഇടവേളക്കുശേഷം പാപ്പ കണ്ണുകള്‍ ചലിപ്പിച്ചു. പരിഭ്രാന്തി നിറഞ്ഞ മുഖവുമായി അദ്ദേഹം ചുറ്റും നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു: “ഹൊ എന്തൊരു ഭീകര രംഗങ്ങളാണ് ഞാന്‍ കാണാനിടയായത്.” തനിക്ക് ആവശ്യമായ സമയവും അധികാരവും നല്‍കിയാല്‍ സഭയെ പൂര്‍ണ്ണമായും നശിപ്പിക്കുകയും ലോകത്തെ മുഴുവന്‍ നരകത്തിലേക്കു തള്ളിയിടുകയും ചെയ്യുമെന്ന് ദൈവത്തിന്റെ മുമ്പില്‍ ഔദ്ധത്യത്തോടെ സാത്താന്‍ വീമ്പടിക്കുന്നത് ആ ദര്‍ശന സമയത്ത് പാപ്പാ കേള്‍ക്കുകയുണ്ടായി.

75 നും 100 നും ഇടയ്ക്കുള്ള വര്‍ഷങ്ങള്‍ കൂടുതല്‍ ലൌകീക ആധിപത്യത്തിനുവേണ്ടി സാത്താന്‍ അനുവാദം ചോദിക്കുകയും ദൈവം അത് അനുവദിച്ചുകൊടുക്കുകയും ചെയ്തതായി ദര്‍ശനത്തില്‍ കണ്ടുവെന്നാണ് പൊതുവേ പറയപ്പെടുന്നത്. ദര്‍ശനം എന്തിനെക്കുറിച്ചായിരുന്നുവെങ്കിലും, അതു നാഡികളെ തളര്‍ത്താന്‍ മാത്രം ഭീകരമായിരുന്നു എന്നതു വാസ്തവമാണ്. ഈ ദര്‍ശനത്തിനുശേഷം പാപ്പാ തന്റെ ഓഫീസിലെത്തി അടിയന്തിരമായി രചിച്ചതാണ് വിശുദ്ധ മിഖായേലിനോടുള്ള ജപം!

പ്രാര്‍ത്ഥന

മുഖ്യ ദൂതനായ വിശുദ്ധ മിഖായേലേ,പോരാട്ടസമയത്ത് അങ്ങ് ഞങ്ങളുടെ തുണയും സഹായവുമായിരിക്കണമേ. പിശാചിന്‍െ ദുഷ്ടതയിലും കെണിയിലും നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കണമേ. ദൈവം അവനെ ശാസിക്കട്ടെയെന്ന് ഞങ്ങള്‍ എളിമയോടെ പ്രാര്‍ത്ഥിക്കുന്നു. ആത്മാക്കളെ നശിപ്പിക്കാന്‍ ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനേയും മറ്റെല്ലാ ദുഷ്ടാരൂപികളെയും അല്ലയോ സ്വര്‍ഗ്ഗീയ സൈന്യാധിപാ അങ്ങ് ദൈവത്തിന്റെ ശക്തിയാല്‍ നരകാഗ്‌നിയിലേക്ക് തള്ളുകയും ചെയ്യണമേ, ആമ്മേന്‍.

LEAVE A REPLY

Please enter your comment!
Please enter your name here