ബധിരയും മൂകയുമായ 15 വയസുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കണ്ണുകൾ കുത്തിപ്പൊട്ടിച്ചു. ബിഹാറിലാണ് സംഭവം. തങ്ങളെ തിരിച്ചറിയാതിരിക്കാനാണ് പീഡനത്തിന് ശേഷം പ്രതികൾ പെൺകുട്ടിയുടെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചത്.
സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ മധുബാനി ജില്ലയിലെ കൗവാഹ ബർഹി ഗ്രാമത്തിലാണ് മൃഗീയമായ സംഭവം അരങ്ങേറിയത്. കൂട്ടുകാർക്കൊപ്പം ആടുമേയ്ക്കാനായി പോയ മൂകയും ബധിരയുമായി പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയൽഗ്രാമത്തിലെ പാടത്ത് തളർന്നുകിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടത്. ഉടൻ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച പെൺകുട്ടിയെ പിന്നീട് മധുവാഹി സദർ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കാഴ്ച ശക്തി പൂർണമായി നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി എസ്.പി.സത്യപ്രകാശ് അറിയിച്ചു.