കുര്‍ബാനയില്‍ പങ്കെടുക്കാനായില്ലേ, വിഷമിക്കേണ്ട നിങ്ങള്‍ക്കും ദിവ്യകാരുണ്യം സ്വീകരിക്കാം

0
121

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1324 ഇപ്രകാരം പഠിപ്പിക്കുന്നു, ”വിശുദ്ധ കുര്‍ബാന ക്രൈസ്തവ ജീവിതത്തിന്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമാണ്. മറ്റ് കൂദാശകളും സഭാപരമായ എല്ലാ ശുശ്രൂഷകളും പ്രേഷിത ദൌത്യ പ്രവര്‍ത്തികളും കുര്‍ബാനയോട് ബന്ധപ്പെട്ടിരിക്കുന്നു; അതിലേക്കു തിരിഞ്ഞിരിക്കുകയും ചെയ്യുന്നു. എന്തെന്നാല്‍ സഭയുടെ ആദ്ധ്യാത്മിക സമ്പത്തു മുഴുവനും, അതായത് നമ്മുടെ പെസഹയായ ക്രിസ്തു, കുര്‍ബാനയില്‍ അടങ്ങിയിരിക്കുന്നു”.

ദിവസവും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാനും ദിവ്യകാരുണ്യം സ്വീകരിക്കുവാനുമാണ് സഭ ഉദ്‌ബോധിപ്പിക്കുന്നതെങ്കിലും കൊറോണ പോലെ അടിയന്തര സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോള്‍ നമുക്ക് വിശുദ്ധ കുര്‍ബാനയില്‍ നേരിട്ട് സംബന്ധിക്കുവാന്‍ കഴിയാതെ വരികയാണെങ്കില്‍- യേശു ക്രിസ്തുവുമായുള്ള ആത്മീയ സംവാദത്തിലൂടെ അരൂപിയിലൂടെ പരിശുദ്ധ കുര്‍ബാന ആത്മനാ സ്വീകരിക്കുവാന്‍ നമ്മുക്ക് അവസരമുണ്ട്.. ഇതുവഴി ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യത്തിലുള്ള നമ്മുടെ വിശ്വാസത്തെ സ്ഥിരീകരിക്കുകയും നവീകരിക്കുകയും ചെയ്യാം. ഇത്തരത്തിലുള്ള വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് ‘അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം’ എന്നാണ് വിളിക്കുന്നത്.

ഇതിനായി റിഡംപ്റ്ററിസ്റ്റ് സഭയുടെ സ്ഥാപകനും ദൈവശാസ്ത്രജ്ഞന്മാരുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി തയാറാക്കിയ പ്രാര്‍ത്ഥന ആഴമേറിയ ബോധ്യത്തോടെ പ്രാര്‍ത്ഥിക്കുക എന്നതാണ്. (പ്രാര്‍ത്ഥന ഈ ലേഖനത്തിന്റെ അവസാന ഭാഗത്തു നല്‍കുന്നു).

ദിവ്യകാരുണ്യം സ്വീകരിക്കുവാന്‍ കഴിയാതിരിക്കുമ്പോഴോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുമ്പോഴോ അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം (ആത്മനാ ഉള്ള ദിവ്യകാരുണ്യ സ്വീകരണം) ഏറെ ഫലപ്രദമാണെന്നും അതുവഴി ദൈവസ്‌നേഹം നമ്മെ വളരെയധികം സ്വാധീനിക്കപ്പെടുമെന്നും ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യ എഴുതിയിട്ടുണ്ട്. വിശുദ്ധ പാദ്രെ പിയോ, വിശുദ്ധ ജോസ്മരിയ എസ്‌ക്രിവ തുടങ്ങിയവര്‍ ദൈവവുമായി ഏറ്റവും അടുത്ത രീതിയില്‍ ആത്മീയമായി ഐക്യപ്പെട്ടിരിക്കുവാന്‍ വിശ്വാസികളെ ഇത്തരത്തില്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

ഒരു മാസത്തിനുള്ളില്‍ ദിവസവും പലപ്രാവശ്യം ദൈവവുമായി ആത്മീയ സംവാദത്തിലൂടെയുള്ള ഐക്യപ്പെടല്‍ അനുഷ്ടിക്കുകയാണെങ്കില്‍ നിങ്ങളുടെ ഹൃദയം പരിപൂര്‍ണ്ണമായും മാറും എന്നാണ് ആഗോള തലത്തില്‍ പ്രമുഖനായ കത്തോലിക്ക എഴുത്തുകാരന്‍ വിന്നി ഫ്‌ലിന്‍ ‘ദിവ്യബലിയുടെ 7 രഹസ്യങ്ങള്‍’ എന്ന തന്റെ ഗ്രന്ഥത്തിലൂടെ പറഞ്ഞിരിക്കുന്നത്. വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ് ഓരോ 15 മിനിറ്റിലും അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വിവരിച്ചിട്ടുണ്ട്.

അള്‍ത്താരക്ക് മുന്നില്‍ വിശുദ്ധ കുര്‍ബാനയിലൂടെ യേശുവുമായുള്ള ഒരു ആത്മീയ സംവാദം തന്നെയാണ് യേശുവുമായി ഐക്യപ്പെടുവാനുള്ള ഏറ്റവും അടിസ്ഥാനപരമായ മാര്‍ഗ്ഗം. എന്നാല്‍ ‘ഇത് പ്രായോഗികമല്ലാത്ത അവസരങ്ങളില്‍ മാത്രം’ വ്യക്തിപരമായ പ്രാര്‍ത്ഥനകളും, ടെലിവിഷന്‍, ഓണ്‍ലൈന്‍ തുടങ്ങിയവയിലൂടെയുള്ള വിശുദ്ധ കുര്‍ബാന വഴി നമുക്ക് ദൈവുമായി ഐക്യപ്പെടാവുന്നതാണ്. ഇത്തരത്തില്‍ പരിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുമ്പോള്‍ ദിവ്യകാരുണ്യം ആത്മനാ സ്വീകരിക്കുവാനുള്ള അവസരം വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ പ്രാര്‍ത്ഥനയിലൂടെ നമ്മുക്ക് ഏറ്റെടുക്കാം.

പ്രാര്‍ത്ഥന

എന്റെ യേശുവേ, അങ്ങ് ഈ ദിവ്യകൂദാശയില്‍ സന്നിഹിതനാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളെയുംക്കാള്‍ ഞാന്‍ അങ്ങയെ സ്‌നേഹിക്കുകയും എന്റെ ആത്മാവിലങ്ങയെ സ്വീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യകൂദാശയില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഇപ്പോള്‍ എനിക്കു സാധ്യമല്ലാത്തതിനാല്‍ അരൂപിയില്‍ എന്റെ ഹൃദയത്തിലേക്ക് അങ്ങ് എഴുന്നള്ളി വരേണമേ. അങ്ങ് എന്നില്‍ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാനങ്ങയെ ആശ്ലേഷിക്കുകയും എന്നെ അങ്ങയോട് പൂര്‍ണ്ണമായി ഐക്യപ്പെടുത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിയ്ക്കലും അങ്ങയില്‍ നിന്നു അകലുവാന്‍ എന്നെ അനുവദിക്കരുതേ, ആമ്മേന്‍.