സി.അഭയ കൊലക്കേസ്, പ്രതികൾ കൃത്യം ചെയ്‌തെന്ന് എസ്പി, തെളിവില്ലാതാക്കാൻ ശിരോവസ്ത്രവും ചെരിപ്പും നശിപ്പിച്ചു

0
573

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതികൾ കൃത്യം ചെയ്തുവെന്ന പൂർണ്ണ ബോധ്യത്തിലുമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് സിബിഐ എസ്പി. തിരുവനന്തപുരം സിബിഐ കോടതിയിൽ സാക്ഷിമൊഴി നൽകി.

കേസ് അന്വേഷിച്ച സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പി. നന്ദകുമാർ നായരാണ് പ്രോസിക്യൂഷന്റെ ഭാഗം നാൽപത്തിയൊമ്പതാം സാക്ഷിയായി മൊഴി നൽകിയത്.

കേസിലെ അതിപ്രധാനമായ തൊണ്ടിമുതലുകൾ ഇല്ലാതാക്കിയത് ക്രൈംബ്രാഞ്ചാണെന്ന് മുമ്പേ സിബിഐ ഡിവൈഎസ്പി ദേവരാജൻ സിബിഐ കോടതിയിൽ സാക്ഷിമൊഴി നൽകിയിരുന്നു. അഭയയെ പ്രതികൾ കിണറ്റിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകവേ വാതിലിനിടയിൽ കുടുങ്ങിയ അഭയയുടെ ശിരോവസ്ത്രം, ചെരുപ്പുകൾ എന്നിവയടക്കമുള്ള തൊണ്ടിമുതലുകൾ കോട്ടയം ആർ ഡി ഒ കോടതിയിൽ നിന്നും വാങ്ങിയ ശേഷം ക്രൈംബ്രാഞ്ച് എസ്പി. സാമുവൽ അവ മടക്കി നൽകിയില്ലെന്നും ഡിവൈഎസ്പി ദേവരാജൻ മൊഴി നൽകിയിരുന്നു.

1992 മാർച്ച് 27 നാണ് പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹസാഹചര്യത്തിൽ സി.അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവരാണ് ഇപ്പോൾ വിചാരണ നേരിടുന്ന പ്രതികൾ.

LEAVE A REPLY

Please enter your comment!
Please enter your name here