‘സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും. സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍. എല്ലാ ദിവസവും അവന്‍ ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. രാത്രിയില്‍ അവന്‍ പട്ടണത്തിനു പുറത്തുപോയി ഒലിവുമലയില്‍ വിശ്രമിച്ചു.38 അവന്റെ വാക്കു കേള്‍ക്കാന്‍വേണ്ടി ജനം മുഴുവന്‍ അതിരാവിലെ ദേവാലയത്തില്‍ അവന്റെ അടുത്തുവന്നിരുന്നു” (ലൂക്ക34: 38)
ലളിതമായി ചിന്തിച്ചാല്‍ യേശുക്രിസ്തുവിന് ശേഷമുള്ള കാലത്തെയാണ് ബൈബിള്‍ ‘അന്ത്യനാളുകള്‍’ എന്ന് വിശേഷിപ്പിക്കുന്നത്, അത് ഒന്നാം നൂറ്റാണ്ടുമുതല്‍ തുടങ്ങിയിരുന്നു. അപ്പൊസ്തല പ്രവൃത്തികള്‍ 2-ല്‍, പെന്തക്കോസ്തു ദിനത്തില്‍ പൂര്‍ത്തിയാകുന്നത് ജോയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ ഉള്ള അന്ത്യ നാളുകളിലെ പ്രവചനങ്ങള്‍ ആണ് എന്ന് പത്രോസ് ജനത്തോട് പറയുന്നു. അങ്ങനെയാണെങ്കില്‍ ശെരിയായി പറഞ്ഞാല്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന ‘അന്ത്യകാലം’ എന്ന വാക്ക്, അന്ത്യനാളുകളിലെ അന്ത്യ സമയങ്ങളെ ആണ് കുറിക്കുന്നത്. എന്നാല്‍ ലേഖനം ലളിതം ആകുവാന്‍ വേണ്ടി സാധാരണ ഉപയോഗിക്കുന്ന രീതിയില്‍ തന്നെയാണ് ‘അന്ത്യകാലം’ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്.
പല അന്ത്യകാല പ്രവചനങ്ങള്‍ എടുത്തുനോക്കിയാല്‍ ചിലതിന് പണ്ട് നടന്നതും ഇപ്പോള്‍ നടക്കുന്നതുമായ കാര്യങ്ങളോട് സാമ്യമുണ്ട്. ഒലിവുമല ചര്‍ച്ചകള്‍ (മത്തായി 24: 3 – 25:26, മര്‍ക്കൊസ് 13, ലൂക്ക 21) അങ്ങനെയുള്ള പ്രവചനങ്ങളില്‍ ഒന്നാണ്. ഈ അധ്യായത്തിന് പലതരം വ്യാഖ്യാനങ്ങള്‍ ഉണ്ട്, അതുകൊണ്ട് ഒരു വിശാല പഠനത്തിന് മാത്രമേ ഈ പ്രവചനങ്ങളുടെ ശരിയായ അര്‍ത്ഥം മനസ്സിലാക്കിത്തരികയുള്ളൂ. എന്നാല്‍ ഈ ലേഖനത്തില്‍ ചില വാക്യങ്ങള്‍ മാത്രമേ എടുത്തു പഠിക്കുന്നുള്ളൂ.
യേശുവിന്റെ മടങ്ങി വരവിനെ കുറിച്ചും അന്ത്യകാലത്തെ കുറിച്ചും ഉള്ള അടയാളങ്ങള്‍ യേശുക്രിസ്തുവിനോട് തന്റെ ശിഷ്യന്മാര്‍ ചോദിച്ചപ്പോള്‍, ആദ്യമായി യേശുക്രിസ്തു പറയുന്നത് എന്തെല്ലാം അടയാളങ്ങള്‍ അല്ല എന്നാണ്.
”അതിനു യേശു ഉത്തരം പറഞ്ഞത്: യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. പലരും എന്റെ നാമത്തില്‍ വന്ന്, ഞാന്‍ ക്രിസ്തുവാണ് എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും. നിങ്ങള്‍യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്ഥരാകരുത്. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല. ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്. അവര്‍ നിങ്ങളെ പീഡനത്തിന് ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമം നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും. അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും. അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്‌നേഹം തണുത്തുപോകും. എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും. എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും. (മത്തായി 24: 4-6)
അതായത് യേശുക്രിസ്തുവിനെ വാക്കുകളില്‍ പലരെയും വഞ്ചിക്കുന്ന കള്ള ക്രിസ്തുക്കളുടെയും കള്ള പ്രവാചകന്മാരുടെയും വരവ് അന്ത്യകാലത്തെ കുറിക്കുന്നതല്ല. അത്രയുമല്ല ലോകത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം നടക്കുന്ന യുദ്ധങ്ങള്‍, അന്ത്യകാലം തൊട്ട് അടുത്തിരിക്കുന്നു എന്ന് പറയുന്ന അടയാളങ്ങള്‍ അല്ല, കാരണം യേശുക്രിസ്തു ആ വാക്യത്തില്‍ പറയുന്നത് ”എന്നാല്‍ അത് അവസാനമല്ല” എന്നാണ്. എങ്കില്‍ എന്താണ് അന്ത്യകാല അടയാളങ്ങള്‍ എന്ന ചോദ്യം ഇത് ഉയര്‍ത്തുന്നു. ഈ ചോദ്യത്തിന് ഉത്തരം യേശുക്രിസ്തു തുടര്‍ ഭാഗങ്ങളില്‍ പറയുന്നു.
”ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ് ” (മത്തായി 24: 7-8)
ഇവിടെ യേശുക്രിസ്തു വ്യക്തമായി പറയുന്നു ഈ സംഭവങ്ങളാണ് ആരംഭം എന്ന്. പല രാജ്യങ്ങള്‍ തമ്മില്‍ ശത്രുതയും യുദ്ധങ്ങളും, ഭൂമിയുടെ പല ഭാഗങ്ങളില്‍ ഭൂകമ്പങ്ങളും ക്ഷാമങ്ങളും എന്നാണ് ഇത് വായിക്കുമ്പോള്‍ കിട്ടുന്ന ലളിതമായ അര്‍ത്ഥം. ഇതൊക്കെ മനുഷ്യന്റെ ചരിത്രത്തിലുടനീളം ഉണ്ടായിരുന്നെങ്കിലും, വളരെ കൂടുതലായി സംഭവിച്ച ഒരു കാലഘട്ടം ഉണ്ട്.
അത് ഇരുപതാം നൂറ്റാണ്ട് (1900 – 2000 ഏ. ഡി.) ആയിരുന്നു. ചരിത്രത്തില്‍ ആദ്യമായി ലോകത്തിലെ എല്ലാ രാജ്യങ്ങളും തമ്മില്‍ യുദ്ധങ്ങള്‍ നടത്തിയതിന് ഒന്നാം ലോകമഹായുദ്ധം (1914 – 1918), രണ്ടാം ലോകമഹായുദ്ധം (1939 – 1945) നടന്ന കാലഘട്ടങ്ങള്‍ സാക്ഷ്യംവഹിച്ചു. അതുകൊണ്ടാണ് ഇതിനെ ‘ലോകമഹായുദ്ധം’ എന്ന് വിളിക്കുന്നത്.
ക്ഷാമങ്ങളും മഹാവ്യാധികളും മനുഷ്യന്റെ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ തന്നെയും അത് ലോക യുദ്ധത്തോട് കൂടെ സംഭവിക്കുമ്പോള്‍ അതിന് ഒരു പ്രവാചക അര്‍ത്ഥമുണ്ട്. അതെ, ഇരുപതാം നൂറ്റാണ്ടില്‍ ലോകമഹായുദ്ധങ്ങളും ക്ഷാമങ്ങളും പകര്‍ച്ചവ്യാധികളും പല സ്ഥലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന്റെ പരിണിതഫലം ആയി 1921-ല്‍ റഷ്യന്‍ ക്ഷാമവും, ഗവണ്‍മെന്റ് പോളിസികളുടെ പരിണിതഫലമായി 1951-ല്‍ ഉണ്ടായ വലിയ ചൈനീസ് ക്ഷാമവും ഇരുപതാം നൂറ്റാണ്ടിലെ വലിയ ക്ഷാമങ്ങള്‍ ആയിരുന്നു.
പകര്‍ച്ചവ്യാധികളുടെ കാര്യമെടുക്കുകയാണെങ്കില്‍, ലോക ചരിത്രത്തില്‍ തന്നെ ഏറ്റവും വിനാശം വിതച്ച സ്പാനിഷ് ഫ്‌ലൂ 1918-ല്‍ ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞാണ് ഉണ്ടായത്. മറ്റൊരു കാര്യം, വേള്‍ഡ് അറ്റ്‌ലസ് പ്രകാരം ലോകചരിത്രത്തിലെ ഏറ്റവും മരണ നിരക്കുള്ള ആദ്യ പത്ത് പകര്‍ച്ചവ്യാധികളില്‍ എട്ട് എണ്ണം സംഭവിച്ചത് 1880 തൊട്ടുള്ള സമയത്താണ് . ഉറപ്പായും പകര്‍ച്ചവ്യാധികള്‍ ഉണ്ടായ വര്‍ദ്ധനവ് അന്താരാഷ്ട്ര യാത്രകള്‍ കൊണ്ടും ബന്ധങ്ങള്‍ കൊണ്ടും ആണ്, പക്ഷേ ഇവയെല്ലാം സംഭവിച്ചു. അത്രയുമല്ല, സ്പാനിഷ് ഫ്‌ലൂവിന് ഏകദേശം 100 വര്‍ഷം കഴിഞ്ഞിട്ട്, 2019-ല്‍, കോവിഡ്-19 ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ബാധിച്ച മഹാമാരിയായി മാറി.
ഭൂകമ്പങ്ങളുടെ കാര്യം ഇതിലും അത്ഭുതകരമാണ്. ഗ്ലോബല്‍ ഹിസ്റ്റോറിക്കല്‍ എര്‍ത്ത് ക്വവെക് ആര്‍കൈവില്‍ റിച്ചര്‍ സ്‌ക്കെല്‍ 7 മുകളിലോട്ട് ഉള്ള (അതായത്, എല്ലാവരും അറിയുന്ന തീവ്രത കൂടിയ) ഭൂകമ്പങ്ങളില്‍ ഏ. ഡി. 1000 തൊട്ട് 1903 വരെ (ഏകദേശം 900 വര്‍ഷ ഇടവേളയില്‍) കണക്കില്‍ ഉള്ളത് വെറും 994 ഭൂകമ്പങ്ങള്‍ മാത്രമാണ് . പക്ഷെ ഇതിന് ഘടക വിപരീതമായി, ഏകദേശം 100 വര്‍ഷ ഇടവേളയില്‍ 1098 ഭൂകമ്പങ്ങള്‍ സംഭവിച്ചു 1903 തൊട്ട് 2000 വരെ ഉള്ള കാലഘട്ടത്തില്‍.
ഇന്റര്‍നാഷണല്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ കണക്കുകളില്‍ അനുസരിച്ച് 1900 തൊട്ട് 1979 വരെ 970 ഭൂകമ്പങ്ങള്‍ ആണ് ഉണ്ടായിട്ടുള്ളത് . മറ്റൊരു വിധത്തില്‍, ഇരുപതാം നൂറ്റാണ്ടില്‍ ഭൂകമ്പങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്. ലോക ചരിത്രത്തില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ 20 ഭൂകമ്പങ്ങള്‍ ഇരുപതാം നൂറ്റാണ്ടില്‍ ആയിരുന്നു എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേയും രേഖപ്പെടുത്തുന്നു . ഭൂമിയുടെ ചലനങ്ങള്‍ ക്രമാതീതമായി ഇരുപതാം നൂറ്റാണ്ടില്‍ ഉയര്‍ന്നിട്ടുണ്ട്, 2020 തൊട്ട് 2021 വരെ 312 എണ്ണം കൊണ്ട് അത് ഇപ്പോഴും തുടരുകയാണ്. അവസാനമായി ഇന്ന് മാധ്യമങ്ങളിലൂടെയും ഓണ്‍ലൈനിലൂടെയും കണ്ണിമയ്ക്കുന്ന വേഗത്തില്‍ ടെക്‌നോളജിയുടെ സഹായത്തോടെ ലോകം മുഴുവന്‍ സുവിശേഷം പ്രസംഗിക്കപ്പെടുകയാണ്. സുവിശേഷം കേള്‍ക്കുന്നതില്‍ ഒരു ജനതകള്‍ക്കും ഒഴികഴിവില്ലാതിരിക്കാനാണ് ഇങ്ങനെ സംഭവിക്കുന്നത്. ജനതകള്‍ വിശ്വസിക്കാന്‍ വേണ്ടിയല്ല, അവരുടെ സാക്ഷ്യത്തിനായെന്ന് ഈശോ വ്യക്തമായി പറയുന്നു.
ലോകത്തില്‍ ഒരു അനര്‍ത്ഥം വരുമ്പോള്‍ മനുഷ്യര്‍ എന്ന നിലയില്‍ വിഷമം തോന്നും. പക്ഷെ, ഇതെല്ലാം കാണിക്കുന്നത് യേശുക്രിസ്തു പറഞ്ഞ ഒലിവുമല ചര്‍ച്ചകളുടെ വ്യാപ്തിയാണ്, ഇതെല്ലാം നമ്മെ വിരല്‍ചൂണ്ടി കാണിക്കുന്നത് യേശുക്രിസ്തുവിലേക്കും, യേശുക്രിസ്തുവിന്റെ മടങ്ങി വരവിലേക്കുമാണ്, എന്തെന്നാല്‍ നമ്മുടെ വീണ്ടെടുപ്പ് അടുത്തുകൊണ്ടിരിക്കുന്നു.