പരിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നതെന്ത്?

0
140

പരി. കുര്‍ബാനയെ വത്തിക്കാന്‍ കൗണ്‍സില്‍ ‘സ്‌നേഹത്തിന്റെ കൂദാശയും ഐക്യത്തിന്റെ പ്രതീകവും ഉപവിയുടെ ഉടമ്പടിയും’ (SC 47) എന്നാണു വിശേഷിപ്പിക്കുക. കുര്‍ബാന കൂദാശയാണ്. കൂദാശയാകയാല്‍ അതു പ്രതീകമാണ്. അത് ഉടമ്പടിയാണ്. പഴയനിയമത്തില്‍ കല്പനകള്‍ വഴി ദൈവം ഇസ്രായേല്‍ ജനതയുമായി ഉടമ്പടി ചെയ്തു. സ്‌നേഹത്തിന്റെ കല്പന സജീവമാക്കുന്ന കുര്‍ബാന പുതിയ നിയമത്തിലെ ഉടമ്പടിയായിത്തീര്‍ന്നു. സ്‌നേഹം, ഐക്യം, ഉപവി ഇവയെല്ലാം ഒരേ ഭാവമാണു നമ്മില്‍ ജനിപ്പിക്കുക. എന്നാല്‍ സ്‌നേഹമാണ് ഐക്യത്തിനു നിദാനം. ഐക്യമാണ് ഉപവിയുടെ പ്രവര്‍ത്തനതലത്തിലേക്കു നമ്മെ നയിക്കുന്നത്. വ്യക്തികേന്ദ്രീകൃതവും സമൂഹാത്മകവും പ്രവര്‍ത്തനപരവുമാണു വി. കുര്‍ബാനയുടെ ഫലങ്ങള്‍.

 1. ഈശോയോടുള്ള ഐക്യം
  പ്രഥമവും പ്രധാനവുമായി വി. കുര്‍ബാന വഴി അന്യാദൃശ്യമാംവിധം മിശിഹായുമായുള്ള ഐക്യം സാദ്ധ്യമാകുന്നു. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് എന്നിലും ഞാന്‍ അവനിലും വസിക്കുന്നു’ (യോഹ. 6:56). ഈശോയിലുള്ള ജീവിതത്തിനു വി. കുര്‍ബാന അടിസ്ഥാനമാകുന്നു. ‘ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു, ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോല എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും’ (യേഹ. 6:57).

മുന്തിരിച്ചെടിയാകുന്ന ഈശോയില്‍ നിന്നുള്ള ജീവരസം ശാഖകളാകുന്ന ആരാധനാസമൂഹത്തിലേക്കു പരി. കുര്‍ബാനയിലൂടെ ഒഴുകിയെത്തുന്നു. വി. കുര്‍ബാന സ്ഥാപനത്തിനുമുമ്പു ശിഷ്യരുടെ പാദങ്ങള്‍ കഴുകി അവരെ തന്റെ പങ്കാളിത്തത്തിലേക്ക് ഈശോ നയിച്ചു. അതു പരിപൂര്‍ണമാക്കപ്പെടുന്നതു കുര്‍ബാന സ്വീകരണത്തിലൂടെയാണ്.

 1. പാപമോചനം നല്കുന്നു
  പാപമോചനത്തിനായി വിഭജിക്കപ്പെടുന്ന ശരീരവും ചിന്തപ്പെടുന്ന രക്തവുമാണു വി. കുര്‍ബാനയിലൂടെ നല്കപ്പെടുന്നത്. ‘ഇതു ഞങ്ങള്‍ക്കു കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ’ എ ന്ന് റൂഹാക്ഷണപ്രാര്‍ത്ഥനയില്‍ കാണുന്നു. വി. അംബ്രോസ് (De Sacramentum 4/6) ഇങ്ങനെ എഴുതുന്നു: ‘നിങ്ങള്‍ വി. കുര്‍ബാന സ്വീകരിക്കുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. മരണമാണെങ്കില്‍ പാപങ്ങളുടെ മോചനം ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. രക്തം ചൊരിയപ്പെടുന്നതു പാപങ്ങളുടെ മോചനത്തിനുവേണ്ടിയാണ്. എന്റെ പാപങ്ങളെ ഇല്ലാതാക്കാന്‍ ഞാന്‍ എല്ലായ്‌പ്പോഴും അവിടുത്തെ സ്വീകരിക്കണം. എല്ലായ്‌പ്പോഴും പാപം ചെയ്യുന്ന എനിക്ക് എപ്പോഴും പാപമോചനവും ആവശ്യമുണ്ട്.’
 2. ദൈവീകരിക്കുന്നു
  ജനത്തിന്റെ പാപങ്ങള്‍ക്കുവേണ്ടി തന്നെത്തന്നെ എന്നേയ്ക്കുമായി ഈശോ ഒരിക്കല്‍ ബലിയര്‍പ്പിച്ചു (ഹെബ്രാ. 7:27). പാപമോചകമായ ബലിവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു (10:10). വിശുദ്ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലി സമര്‍പ്പണം വഴി എന്നേയ്ക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു (10:12). പാപമോചനം ദൈവീകരണത്തിന്റെ ആദ്യപടിയാണ്. ദൈവീകരണം പാപമോചനം പ്രാപിച്ചവര്‍ക്കുള്ള ഭാവാത്മകമായ വളര്‍ച്ചയാണ്. പാപമോചനം വഴി തായ്ത്തണ്ടിനോടു കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ദൈവീകരണമാകട്ടെ തായ്ത്തണ്ടില്‍ നിന്നു ജീവരസം സ്വീകരിച്ചുള്ള വളര്‍ച്ചയാണ്.
 3. ശക്തരാക്കപ്പെടുന്നു
  ശാരീരികഭക്ഷണം ഒരുവനെ ശാരീരികമായി ശാക്തീകരിക്കുന്നതുപോലെ ആത്മീയഭക്ഷണമായ വി. കുര്‍ബാന ഒരുവനെ ആത്മീയമായി ശക്തനാക്കുന്നു (CCC 1394). മരുഭൂമിയില്‍ തളര്‍ന്നു വിശ്രമിച്ചിരുന്ന ഏലിയാ പ്രവാചകനെ അപ്പവും ജലവും ദൈവത്തിന്റെ മലയിലേക്കു യാത്ര ചെയ്യാന്‍ ശക്തനാക്കിയതുപോലെ വി. കുര്‍ബാന നമ്മെ ശക്തരാക്കുന്നു. മരുഭൂമിയില്‍ ഇസ്രായേല്‍ ജനത്തിനു മന്നയും ജലവും ലക്ഷ്യത്തിലേക്കുള്ള തീര്‍ത്ഥാടനത്തിനു ശക്തിയായി ഭവിച്ചതുപോലെയാണു സ്വര്‍ഗത്തെ ലക്ഷ്യമാക്കിയുള്ള മനുഷ്യന്റെ ഈ ലോകതീര്‍ത്ഥാടനത്തില്‍ വി. കുര്‍ബാന. കുര്‍ബാന സ്വീകരണശേഷമുള്ള പ്രാര്‍ത്ഥനകളില്‍ ഈ ആശയം കൂടുതല്‍ കാണാവുന്നതാണ്. ജീവദായകമായ ദിവ്യരഹസ്യങ്ങളെന്നു കുര്‍ബാനയെ വിളിക്കുന്നത് ഇക്കാരണത്താലാണ്. മാമ്മോദീസായില്‍ ലഭിച്ച ദൈവികജീവന്‍ ഇവിടെ വളര്‍ച്ച പ്രാപിക്കുന്നു. വി. അംബ്രോസ് എഴുതുന്നു: ‘യഹൂദര്‍ക്കു ദൈവം മന്നയും കാടപ്പക്ഷിയും നല്കി. എന്നാല്‍ അവിടുത്തെ വാത്സല്യഭാജനമായ സഭയ്ക്ക് ഇവയെല്ലാം അവിടുന്നുതന്നെ ഒരുക്കി.’ ഇതിനെക്കുറിച്ച് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: ‘ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കു സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല’ (1. കോറി. 2:9). അതിനാല്‍ സഭയുടെ കൂദാശകള്‍ സിനഗോഗിന്റേതിനേക്കാള്‍ പ്രാചീനവും മന്നയേക്കാള്‍ ഉത്കൃഷ്ടവുമാണെന്നു തെളിയിക്കുവാന്‍ നാം തീവ്രമായി ആഗ്രഹിക്കുന്നു. മറിച്ച് ആരും പറയാതിരിക്കട്ടെ’ (De Mysterium 82).
 4. സഭയെ നിര്‍മിക്കുന്നു
  വി. ഗ്രന്ഥത്തിന്റെയും ആദിമസഭാചരിത്രത്തിന്റെയും വെളിച്ചത്തില്‍ ദൈവശാസ്ത്രപണ്ഡിതരെല്ലാം ഒന്നുപോലെ സമ്മതിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണു വി. കുര്‍ബാന സഭയെ പണിതുയര്‍ത്തുന്നു എന്ന്. സഭയുടെ ശിരസ്സും സഭയാകുന്ന മുന്തിരിച്ചെടിയുടെ തായ്ത്തണ്ടുമായ മിശിഹായിലേക്കു സഭയ്ക്ക് ഒന്നുചേരുവാനുള്ള അനന്യവേദിയാണ് വി. കുര്‍ ബാന. സഭ ഇത്രയും പൂര്‍ണതയില്‍ പ്രകാശിതമാകുന്ന മറ്റൊരു വേദിയുമില്ല. സഭ വി. കുര്‍ബാന അര്‍പ്പിക്കുന്നു. സഭയിലാണ് കൂദാശ. എന്നാല്‍ അതോടൊപ്പം വി. കുര്‍ബാന സഭയെ വളര്‍ത്തുന്നു. സഭയുടെ കൗദാശികതയും ദൗത്യവും എല്ലാ ശുശ്രൂഷാവേദികളും ഒന്നുചേരുന്ന ഇടമാണു പരി. കുര്‍ബാന.

സഭാതനയരുടെ പാപമോചനം വിശുദ്ധീകരണം, ശാക്തീകരണം ഇവയെല്ലാം നടക്കുന്ന വി. കുര്‍ബാനയുടെ വേദിയില്ലാതെ മറ്റൊരിടത്തുനിന്നും സഭയ്ക്കു വളരുവാന്‍ കഴിയുകയില്ല.