666 നാശം വിതയ്ക്കുന്ന മൃഗത്തിന്റെ സംഖ്യ,ലോകത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ സോണിക് കമ്പ്യൂട്ടര്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു

0
1802

ഷിബു കിഴക്കേകുറ്റ്

വെളിപാടിന്റെ പുസ്തകം പതിമൂന്നാം അദ്ധ്യായത്തില്‍ അപ്പസ്‌തോലനായ യോഹന്നാനു ലഭിക്കുന്ന വെളിപ്പെടുത്തല്‍, എല്ലാ മനുഷ്യരും ശ്രദ്ധിച്ചിരിക്കേണ്ടത് അനിവാര്യമാണ്. വചനം ഇങ്ങനെയാണ് മുന്നറിയിപ്പു നല്‍കുന്നത്: ‘ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്'(വെളിപാട്:13;18).

തിന്മയുടെ മൂര്‍ത്തീഭാവമായി ഭൂമിയില്‍ പ്രത്യക്ഷപ്പെടാനിരിക്കുന്ന അന്തിക്രിസ്തുവിനെയും അവന്റെ സമകാലിക രൂപമായ, ആദിമ ക്രിസ്ത്യാനികളെ അതിനിഷ്ഠൂരമായി പീഡിപ്പിച്ച നീറോചക്രവര്‍ത്തിയെയും പ്രതീകാത്മകമായി ഉപയോഗിച്ച സംഖൃയാണ് ‘666’. അതാണ് ഈ സംഖ്യ ഒരു മനുഷ്യന്റെ സംഖ്യയാണെന്ന് പറയാന്‍ കാരണം. എ.ഡി.54-68 വരെ ക്രിസ്ത്യാനികളെ പീഡിപ്പിച്ച നീറോ ചക്രവര്‍ത്തിയെ ക്രൂരതയുടെ മൂര്‍ത്തീഭാവമായി വെളിപാടില്‍ അവതരിപ്പിക്കുന്നു.

പലരും ഈ വചനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നില്ല. മനുഷ്യരെ സ്‌നേഹിക്കുന്ന ദൈവം ഇക്കാര്യം വളരെ മുന്‍കൂട്ടി അറിയിച്ചിരിക്കുകയാണ്. എതിര്‍ക്രിസ്തുവെന്ന അരാജകത്തിന്റെ മനുഷ്യനെക്കുറിച്ചാണ് പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിരിക്കുന്നത്. വളരെ തന്ത്രപൂര്‍വ്വം സാത്താന്‍(എതിര്‍ക്രിസ്തു) അവന്റെ അടയാളം മനുഷ്യരില്‍ പതിപ്പിക്കാന്‍ ശ്രമിക്കുന്നത് ഈ കാലഘട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നു.

ലോകത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ സോണിക് കമ്പ്യൂട്ടര്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മൂലം മനുഷ്യനേക്കാള്‍ അനേകമടങ്ങ് ബുദ്ധിയുള്ള റോബോട്ടുകളും ഇന്ന് നമ്മുടെ ലോകത്തുണ്ട്. സോഫിയ എന്ന റോബോട്ടൊക്ക അവരില്‍ ഒന്നുമാത്രം. എന്തും ഏതും ചെയ്യാന്‍ ശേഷിയുള്ള കമ്പ്യൂട്ടറാകാം ഒരു പക്ഷെ ഈ മൃഗം. കാരണം വെളിപാട് പതിമൂന്നാം അധ്യായം ഇത് അടിവരയിട്ട് പറയുന്നു.

‘വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദേശിച്ചു. മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്. ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു. മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്. ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂ റ്റിയറുപത്തിയാറ്.’

വാളുകൊണ്ട് മാരകമായി മുറിവേറ്റാല്‍ തീര്‍ച്ചയായും ഏതൊരു മൃഗവും മരിക്കും. അതുകൊണ്ട് തന്നെ വെളിപാടില്‍ പറയുന്നത് ഒരു സാധാരണ മൃഗത്തെപ്പറ്റിയല്ല. മറിച്ച് മൃഗത്തിന്റെ പ്രതിമയെ പറ്റിയാണ്. അതിനുള്ള ജീവശ്വാസം എന്നത് എന്തും ചെയ്യാന്‍ കഴിവുള്ള സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറുമാകാം. ഇന്ന് ലോകത്തെ എല്ലാ കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും മെഡിക്കല്‍ രംഗത്തുള്‍പ്പടെയുള്ള മെഷീനറികളും പ്രവര്‍ത്തിക്കുന്നത് സോഫ്റ്റ് വെയര്‍ മൂലമാണ്. പൈലറ്റില്ലാതെ ഓടുന്ന കാറുകളും ട്രാഫിക് നിയമലംഘനം കണ്ടുപിടിക്കുന്ന എ.ഐ കാമറകളും പ്രവര്‍ത്തിക്കുന്നത് ഇതേ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തന്നെയാണ്.

അപ്പോള്‍ പ്രതിമ എന്നത് അത്യുഗ്രശേഷിയുള്ള റോബോട്ടും ജീവശ്വാസം സോഫ്റ്റ് വെയറുമാകാം. അത്തരമൊരു റോബോട്ടിനെ വാളുകൊണ്ട് വധിക്കുക സാധ്യവുമല്ല. അതിനാല്‍ തന്നെ ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടാകാനും സാധ്യതയുണ്ട്.

ഇതു സാത്താന്റെ നാമം ആയിരിക്കുന്നതുകൊണ്ട്; അവ പതിക്കപ്പെട്ടിരിക്കുന്നിടത്ത് അവന്‍ കടന്നുകൂടി നശിപ്പിക്കും. ‘666’ എന്ന സംഖ്യയെക്കുറിച്ച് ബോധ്യമുള്ളവര്‍ അത് സ്വീകരിക്കില്ലെന്ന് സാത്താന് കൃത്യമായി അറിയാവുന്നതുകൊണ്ട് മറ്റു രൂപങ്ങളിലൂടെയാണ് അവയെ നമ്മിലേക്കു കടത്തിവിടുന്നത്. അതിനു ചെറിയൊരു ഉദാഹരണം ശ്രദ്ധിക്കാം.

ഉദാഹരണത്തിന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ആസ്ഥാനമായ ഇന്ന് ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന ഒരു പ്രശസ്ത കമ്പനി തങ്ങളുടെ സ്ഥാപനത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരുപങ്ക് സാത്താനെ ആരാധിക്കുന്ന സംഘങ്ങളുടെ വളര്‍ച്ചയ്ക്കായി നല്‍കുന്നു. അവര്‍ എതിര്‍ക്രിസ്തുവിന്റെ അടയാളം സ്വീകരിച്ചിരിക്കുന്നത് ആരും പെട്ടന്ന് തിരിച്ചറിയാത്ത വിധത്തിലാണ്. 13; 18 എന്ന രഹസ്യ കോഡ് എന്താണെന്നു മനസ്സിലാക്കുമ്പോള്‍ ഇതിന്റെ പിന്നിലെ ‘666’ തിരിച്ചറിയാന്‍ കഴിയും. എന്താണ് 13; 18? വെളിപാടിന്റെ പുസ്തകം 13; 18-ല്‍ ആണ് 666 എന്താണെന്നു പറഞ്ഞിരിക്കുന്നത്. അതുകൊണ്ട്തന്നെ സാത്താന്‍ വചനം ഉപയോഗിച്ചു കൊണ്ട് ഒളിച്ചുകളി നടത്തുന്നു.

ഇങ്ങനെ പല വിധത്തില്‍ ആത്മീയമനുഷ്യരിലേക്കു പ്രവേശിക്കാന്‍ അവന്‍ ശ്രമിക്കുന്നു. അക്കാരണത്താലാണ് ദൈവം പറയുന്നത്; ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെയെന്ന്. കണക്കിലെ കള്ളക്കളികളിലൂടെ അവന്‍ തന്ത്രപൂര്‍വ്വം നമ്മെ കബളിപ്പിക്കുകയാണ്. ഏതു വിധത്തിലെങ്കിലും മൂന്ന് ‘6’കളെ സംയോജിപ്പിക്കുകയാണ് സാത്താന്റെ നിഗൂഢമായ പദ്ധതി. പല കമ്പനികളും സാത്താന്റെ ഊര്‍ജ്ജസ്രോതസുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. നാം അവരുടെ ഉത്പന്നങ്ങള്‍ക്കായി പണം മുടക്കുമ്പോള്‍ അറിയാതെതന്നെ സാത്താന്റെ പള്ളികള്‍ക്ക് സമ്പത്ത് കൈമാറുന്നു.

പൗലോസ് അപ്പസ്‌തോലന്‍ തെസലോനിക്കര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: ‘എന്തെന്നാല്‍, ആ ദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു'(2തെസലോ:2;3).

ഇവയെല്ലാം തെറ്റാണെന്നു പ്രചരിപ്പിക്കാന്‍ അനേകര്‍ കടന്നുവന്നേക്കാം. ഇതിനക്കുറിച്ചും വചനം മുന്നറിയിപ്പു തരുന്നുണ്ട്. യേശുവിന്റെ പ്രത്യാഗമനവും അതിനു മുന്‍പ് വരാനിരിക്കുന്ന അരാജകത്വത്തിന്റെ മനുഷ്യനും വെറും സങ്കല്‍പമാണെന്ന് ഇക്കൂട്ടര്‍ പഠിപ്പിക്കുമെന്നാണ് വചനം പറയുന്നത്. ‘അധമവികാരങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്ന നിന്ദകര്‍ നിങ്ങളെ പരിഹസിച്ചുകൊണ്ട് അവസാനനാളുകളില്‍ പ്രത്യക്ഷപ്പെടും. അവര്‍ പറയും: അവന്റെ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനം എവിടെ? എന്തെന്നാല്‍, പിതാക്കന്മാര്‍ നിദ്രപ്രാപിച്ച നാള്‍ മുതല്‍ സകല കാര്യങ്ങളും സൃഷ്ടിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്ഥിതിയില്‍തന്നെ തുടരുന്നല്ലോ'(1പത്രോ:3,4).

എസക്കിയേല്‍ പ്രവാചകന്റെ പുസ്തകത്തിലും ദാനിയേല്‍ പ്രവാചകന്റെ പ്രവചനത്തിലും ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയിച്ചിട്ടുണ്ട്. ‘കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും'(മത്താ:24;24).

തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കുവാന്‍ ഉതകുന്ന ശക്തിയോടെയാണ് അവന്റെ വരവെന്ന് യേശു നേരിട്ടു പറയുമ്പോള്‍ സാത്താന്റെ ശക്തിയെ കുറച്ചു കാണിക്കുന്നവരുടെ ഉദ്ദേശം എന്തെന്നു വ്യക്തമാണ്! നാം ജാഗ്രതയോടെ ഇരുന്നാല്‍ ‘എതിര്‍ക്രിസ്തുവിന്റെ’ പദ്ധതികള്‍ നടപ്പിലാവുകയില്ല. അതുകൊണ്ട് അവന്റെ ശുശ്രൂഷകര്‍ നമുക്കിടയിലേക്ക് ഇറങ്ങിയിരിക്കുന്നു.

‘അദ്ഭുതപ്പെടേണ്ടാ, പിശാചുക്കള്‍പോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍ അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?'(2കോറി:11;14,15).

‘എതിര്‍ക്രിസ്തു’വിനെക്കുറിച്ച് അപ്പസ്‌തോലനായ യോഹന്നാന്‍ തന്റെ ലേഖനത്തില്‍ രണ്ടു ഭാഗങ്ങളില്‍ എഴുതിയിട്ടുണ്ട്. ‘യേശുവിനെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ് അത്. ഇപ്പോള്‍തന്നെ അതു ലോകത്തുണ്ട്'(1യോഹ:4;3). എതിര്‍ക്രിസ്തുവിന്റെ ആത്മാവ് ഇപ്പോള്‍തന്നെ പ്രവര്‍ത്തിക്കുന്നുവെന്ന് ഈ വചനത്തില്‍നിന്ന് മനസ്സിലാക്കാം. അപ്പസ്‌തോലന്‍ തന്നെ വീണ്ടും പറയുന്നു: ‘വളരെയധികം വഞ്ചകര്‍ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേശു മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ് അവര്‍. ഇങ്ങനെയുള്ളവനാണു വഞ്ചകനും എതിര്‍ക്രിസ്തുവും'(2യോഹ:1;7).

പല മതവിഭാഗങ്ങളും ദൈവത്തിന് എന്നരീതിയില്‍ പ്രാര്‍ത്ഥനകളും പൂജകളും ചെയ്യാറുണ്ട്. എന്നാല്‍, ദൈവവചനം വ്യക്തമാക്കുന്നത് മറ്റൊന്നാണ്. ‘ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്ക്കുന്നവനു പിതാവും പുത്രനും ഉണ്ട്. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവര്‍ത്തികളില്‍ പങ്കുചേരുകയാണ്'(2യോഹ:1;9-11).

മനുഷ്യരെ മുഴുവന്‍ സാത്താന്റെ അനുയായികളാക്കുവാന്‍ അവന്റെ അനുയായികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് മനസ്സിലാക്കണമെങ്കില്‍ ആത്മീയജ്ഞാനം അത്യാവശ്യമാണ്. ആദ്യം സൂചിപ്പിച്ചതുപോലെ വളരെ തന്ത്രപൂര്‍വ്വം ദൈവമക്കളില്‍ അവന്റെ മുദ്രകള്‍ പതിപ്പിക്കുവാന്‍ ഇറങ്ങിയിട്ടുണ്ട്. അവന്റെ മുദ്രപതിക്കാത്തവര്‍ക്ക് കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കുമെന്നാണ് വചനത്തില്‍ മുന്നറിയിപ്പു തരുന്നത്(വെളി:13;17).

നാം നമ്മുടെ മക്കള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുവാന്‍ മത്സരിക്കുമ്പോള്‍ ശ്രദ്ധിക്കുക! ഊണിലും ഉറക്കത്തിലും യാത്രകളിലും അവരുടെ ചെവിയില്‍ തിരുകി വച്ചിരിക്കുന്ന സംഗീത സംവീധാനം, സാത്താനെ സ്തുതിക്കുന്ന വാക്കുകള്‍ തിരിച്ചും മറിച്ചും ക്രമീകരിച്ചിരിക്കുന്ന വാക്കുകളാണെന്ന്. സങ്കീര്‍ത്തനങ്ങള്‍ക്കു പകരം സാത്താന്റെ കീര്‍ത്തനങ്ങള്‍! അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ഒരു കുഞ്ഞിനെ, അമ്മയുടെ ചിന്തകള്‍ പോലും സ്വാധീനിക്കുമെന്ന് ആധുനിക ശാസ്ത്രം കണ്ടുപിടിച്ചു കഴിഞ്ഞിട്ടും; രാവും പകലും കേട്ടുകൊണ്ടിരിക്കുന്ന ഈ തിന്മയുടെ കീര്‍ത്തനങ്ങള്‍ അവരുടെ ഹൃദയത്തിലും ഇന്ദ്രിയങ്ങളിലും മുദ്ര പതിപ്പിക്കുമെന്നു ചിന്തിക്കുന്നില്ല !

സാത്താന്‍ വളരെ തന്ത്രപൂര്‍വ്വം കൊണ്ടുവന്നിരിക്കുന്ന അനേകം സംവീധാനങ്ങളുണ്ട്. ഒറ്റനോട്ടത്തില്‍ പലര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്തതും, അഥവാ തിരിച്ചറിഞ്ഞാലും അത്ര ഗൗനിക്കാത്തതുമായ നിരവധി മുദ്രകള്‍!

എതിര്‍ക്രിസ്തുവിന്റെ മുദ്ര എല്ലാവരിലും പതിപ്പിക്കുകയാണ് അവന്റെ ലക്ഷ്യം! ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്തവിധം നിഗൂഡമായ പദ്ധതിയിലൂടെ അവന്‍ അത് പതിപ്പിക്കുന്നു. ഇവ തിരിച്ചറിയണമെങ്കില്‍ ദൈവത്തിന്റെ ജ്ഞാനം അത്യാവശ്യമാണ്. ‘മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ, ആരാധിക്കുകയും നെറ്റിയിലും കൈയിലും അതിന്റെ മുദ്ര സ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം ക്രിസ്തുവിനോടുകൂടി വാഴുകയും ചെയ്തു'(വെളി:20 ;4). തന്ത്രപൂര്‍വമുള്ള ഒരു മുദ്രണം ശ്രദ്ധിക്കുക. ‘ത്രിബ്ള്‍ എക്‌സ്’ എന്ന് വസ്ത്രങ്ങളിലും മറ്റും എഴുതി ചേര്‍ക്കുന്നത് നാം കണ്ടിട്ടുണ്ട്. ‘എക്‌സ്’ ഇംഗ്ലീഷ് അക്ഷരമാലയിലെ ഇരുപത്തിനാലാമത്തെ അക്ഷരമാണ്. രണ്ടും നാലും ചേര്‍ന്നാല്‍ ആറാകും. ഇത്തരത്തിലും ‘666 ‘ പതിക്കും എന്നതുകൊണ്ടാണ് ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ എന്ന് പറഞ്ഞിരിക്കുന്നത്.

ഭൂമിയില്‍ ഇന്നോളം ജനിച്ചിട്ടുള്ളവരില്‍ വച്ച് ഏറ്റവും ജ്ഞാനിയെന്നു ബൈബിള്‍ പരിചയപ്പെടുത്തുന്നത് സോളമനെയാണ്. സര്‍വ്വ മഹത്വങ്ങളും സോളമന് ദൈവം നല്‍കി. എന്നാല്‍, 666 എന്ന അടയാളം അവനില്‍ പതിക്കപ്പെട്ടപ്പോഴുള്ള അവസ്ഥ ദൈവവചനത്തില്‍ നമുക്കു കാണാം. ഷേബാരാജ്ഞി സോളമനെ സന്ദര്‍ശിക്കുന്നതും, പിന്നീടുള്ള ഭാഗങ്ങളില്‍ സോളമന്‍ രാജാവിന് 666 താലന്ത് സ്വര്‍ണ്ണം ലഭിച്ചിരുന്നതായും വിവരിക്കുന്നുണ്ട് (2ദിനവൃത്താന്തം:9;13)(1രാജാക്കന്മാര്‍:10;14). അടുത്ത അദ്ധ്യായത്തിന്റെ ശീര്‍ഷകം ഭസോളമന്റെ പതനം എന്നാണ്. ലോകത്തിലെ ഏറ്റവും വിജ്ഞാനിയായ സോളമനെപ്പോലും 666 തകര്‍ക്കുന്നു. സോളമന്‍ പണികഴിപ്പിച്ച ജറുസലേം ദൈവാലയം കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ക്കപ്പെട്ടു.

സോളമനുശേഷം ഭരണമേറ്റ പുത്രന്‍ റഹോബോവാമിനെക്കുറിച്ച് ബൈബിളില്‍ പറയുന്നത്; ‘വിഡ്ഢിത്തത്തില്‍ ഒന്നാമനും വിവേകത്തില്‍ ഒടുവിലത്തവനും ആയ റഹോബോവാം'(പ്രഭാ:47;23)എന്നാണ്. നോക്കുക, ജ്ഞാനികളില്‍ ഒന്നാമനായിരുന്ന സോളമനു ജനിച്ചത് ബുദ്ധിശൂന്യനായ പുത്രനായിരുന്നു. സോളമന്റെമേല്‍ പതിച്ച 666 തലമുറകളിലേക്കുപോലും കടന്നുപോകുന്നു.

ഒരു പക്ഷെ ‘ബ്ലാക്ക് മാസ്സി’നെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകാം. പിശാചിനു ബലിയര്‍പ്പിക്കുന്ന സംഘങ്ങള്‍! ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും അധികം ശ്രദ്ധകൊടുക്കുന്നത് ‘666ന്റെ പ്രചാരണത്തിനാണ്. സാത്താന്‍ അവന്റെ രാജ്യം വളര്‍ത്തുവാന്‍ അക്ഷീണം പ്രവര്‍ത്തിക്കുമ്പോള്‍ ദൈവമക്കളായ നാം അലസരായിരുന്നാല്‍ എന്തായിരിക്കും സംഭവിക്കുകയെന്നു ചിന്തിക്കുന്നതു നല്ലതാണ്. സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെകൂടി വഴിതെറ്റിക്കുകയാണ് അവന്റെ പദ്ധതിയെന്നു വചനത്തിലൂടെ നമ്മള്‍ അറിഞ്ഞുകഴിഞ്ഞു. വചനം നമ്മുടെ ജീവിതത്തിനു ഒരു ‘പരചയായി’ മാറണമെങ്കില്‍, നാം യഥാര്‍ത്ഥ വിശ്വാസികളായി മാറണം. തിന്മയ്‌ക്കെതിരെ പടപൊരുതാനുള്ള വാളാണ് ദൈവവചനം.

അന്യദേവന്മാര്‍ എതിര്‍ക്രിസ്തുവിനെ സഹായിക്കുമെന്നു ദൈവവചനത്തില്‍ അറിയിക്കുന്നുണ്ട്(ദാനി:12;39). അതുകൊണ്ടുതന്നെ വിജാതീയമായ ആരാധനയിലൂടെ സാത്താന്റെ ചിഹ്നം പതിക്കപ്പെടും. ചില ദൈവ ശാസ്ത്രങ്ങള്‍പോലും അവനെ സഹായിക്കുന്നതിനായി, അവന്‍ തന്നെ രൂപപ്പെടുത്തിയിരിക്കുന്നതാണ്. ഈ കഴിഞ്ഞ നാളുകളില്‍ ഒരു വൈദികന്റെ നേതൃത്വത്തില്‍ മാവേലിയെ സ്വീകരിക്കാന്‍ പാട്ടുകുര്‍ബ്ബാന നടത്തി. ജര്‍മ്മനിയിലെ പ്രവാസികള്‍ക്കിടയില്‍ നടന്ന കാര്യമാണിത്. അതിനും കുറേ മാസങ്ങള്‍ക്കുമുമ്പാണ് ജര്‍മ്മനിയില്‍ തന്നെ ഒരു ദൈവാലയത്തോടുചേര്‍ന്നു ഈസ്റ്ററും വിഷുവും ഒരുമിച്ച് ആഘോഷിച്ചത്. കുരുടന്മാര്‍ നയിക്കുന്ന നേതൃത്വങ്ങള്‍ വലിയ അപകടം വിളിച്ചു വരുത്തും.

‘666 എന്ന പൈശാചിക ശക്തിക്കെതിരെ പോരാടുന്നവര്‍ ഒരുതരത്തിലും ഭയപ്പെടേണ്ടതില്ല. അവര്‍ പ്രധാന ദൈവദൂതനായ വിശുദ്ധ മിഖായേലിന്റെ സംരക്ഷണത്തിലാണ്. ദൈവജനത്തിന്റെ ചുമതലവഹിക്കുന്നവന്‍, മഹാപ്രഭുവായ മിഖായേലാണെന്നു വചനം പറയുന്നു(ദാനി:11;39). ദാനിയേല്‍ പ്രവാചകന്‍ അന്യദേവന്മാര്‍ക്കെതിരെ പ്രവര്‍ത്തിച്ചപ്പോള്‍, പ്രവാചകനെ സഹയിക്കുവാനെത്തുന്നത് മിഖായേല്‍ ദൂതനാണ്(ദാനി:10;13), (ദാനി:10;21). മിഖായേലും അവന്റെ ദൂതന്മാരുമാണ് സാത്തനെ യുദ്ധത്തില്‍ തോല്‍പ്പിക്കുന്നതെന്ന് വെളിപാടിന്റെ പുസ്തകം പറയുന്നു(വെളി:12;7). മിഖായേല്‍ ദൂതനോട് ഒരിക്കല്‍ പരാജിതനായി ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടവനാണ് വഞ്ചകനായ സാത്താന്‍(വെളി:12;9). നാം ദൈവത്തിന്റെ പക്ഷത്താണെങ്കില്‍ മിഖായേല്‍ നമ്മുടെ കൂടെയുണ്ടാകും. കാരണം ദൈവത്തിന്റെ ജനത്തിന്റെ ചുമതല വഹിക്കുന്നവന്‍ മിഖായേലാണല്ലോ!?

എന്നാല്‍, താല്ക്കാലിക സുഖങ്ങള്‍ക്കുവേണ്ടി എതിര്‍ക്രിസ്തുവിനോടും അവന്റെ കൂട്ടാളികളോടും ഒപ്പംചേരുന്നവര്‍ക്ക് വലിയദുരന്തമാണ് വരുവാനിരിക്കുന്നത്. ‘ആരെങ്കിലും മൃഗത്തെയോ അതിന്റെ പ്രതിമയോ ആരാധിക്കുകയോ നെറ്റിയിലോ കയ്യിലോ മുദ്ര സ്വീകരിക്കുകയോ ചെയ്താല്‍ അവന്‍ ദൈവകോപത്തിന്റെ പാത്രത്തില്‍ അവിടുത്തെ ക്രോധത്തിന്റെ വീഞ്ഞ് കലര്‍പ്പില്ലാതെ പകര്‍ന്നുകുടിക്കും'(വെളി:14;9,10). വീണ്ടും പറയുന്നു: ‘മൃഗത്തെയും അതിന്റെ പ്രതിമയെയും ആരാധിക്കുന്നവര്‍ക്കും അതിന്റെ നാമമുദ്ര സ്വീകരിക്കുന്നവര്‍ക്കും രാപകല്‍ ഒരാശ്വാസവും ഉണ്ടായിരിക്കയില്ല. ഇവിടെയാണ് ദൈവത്തിന്റെ കല്പനകള്‍ പാലിക്കുന്ന വിശുദ്ധരുടെ സഹനശക്തിയും യേശുവിലുള്ള വിശ്വാസവും വേണ്ടത്'(വെളി:14;11,12).

ബൈബിൾ ശരിക്കിനും വായിച്ചു മനസ്സിലാക്കിയാൽ ബൈബിളിൽ പറഞ്ഞിരിക്കുന്നത് പോലെയാണ് ഇന്ന് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്

താല്പര്യമുള്ളവർക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്തു പ്രാർത്ഥിക്കാൻ തുടങ്ങാം. പുതിയതായിട്ട് ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ മാത്രമേ ഇവിടെ ചെയ്യാവൂ .ഇതിനുമുമ്പ് ചെയ്തവർ ആരും ഈ ഗ്രൂപ്പിൽ ചേരരുത്

https://chat.whatsapp.com/Jh95X67jBdvJAJyqxQfRVY

ഇനി വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായി പറഞ്ഞിരിക്കുന്നത് വെളിപാട് പുസ്തകം പതിമൂന്നാം അധ്യായമാണ് അതുകൊണ്ടാണ് നിങ്ങൾ ജാഗരൂകരായിരിക്കണം എന്ന് പറയുന്നത്. വലിയ കാര്യങ്ങളിലേക്ക് ലോകത്ത് സംഭവിക്കാൻ പോകുന്നത് അതായത് ഏക ലോക ഭരണവും ഏക മതവും പ്രത്യക്ഷപ്പെടാൻ പോകുന്ന കാര്യങ്ങളിലേക്ക് ആണ് കടന്നു ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും നടക്കാൻ പോകുന്നതും .കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ അറിയുവാൻ ആഗ്രഹമുള്ളവൻ അറിയട്ടെ കർത്താവായ ഈശോയുടെ രണ്ടാം വരവ് സമീപത്ത് എത്തിക്കൊണ്ടിരിക്കുകയാണ് ജാതി ജാതിയോട് എതിർത്തു തുടങ്ങി നമ്മുടെ ചുറ്റുവട്ടത്തുള്ള വിശ്വാസവും വിശ്വാസ സമൂഹം അങ്ങോട്ടുമിങ്ങോട്ടും തർക്കിച്ചു കൊണ്ടിരിക്കുന്നു അതുപോലെ പല സഭകളിലും പണ്ടൊരിക്കലും കാണാത്ത പ്രതിസന്ധികൾ ഉടലെടുത്തിരിക്കുന്നു.
നമ്മുടെ ചുറ്റുവട്ടത്തുള്ള ലോകത്ത് ഇന്ന് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾ അറിയണം നിങ്ങടെ തല അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് ചെരിച്ച് നോക്കിയിട്ട് നിങ്ങൾ തന്നെ വിലയിരുത്തുക ഇതെല്ലാം ബൈബിളിൽ എഴുതിവെച്ചിട്ടുണ്ടോ എന്ന് വായിച്ചു നോക്കുക ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാൻ സൂക്ഷിച്ചു കൊള്ളുക

പതിമൂന്നാം നമ്പറിൽ അത്ഭുതം നടക്കുന്നതിന്റെ കാരണം? Br Shibu KM