ഐസ്വാൾ: മിസോറാമിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച 66 കാരനാണ് മരിച്ചത്. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിന് മുകളിലായപ്പോൾ മിസോറാമിൽ ഇതുവരെ 2,600 പേർക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്.
കോവിഡ് വ്യാപനം നിരീക്ഷിക്കാൻ മിസോറമിലെ തലസ്ഥാനമായ ഐസ്വാളിൽ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഒരാഴ്ചത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
ഡയറക്ടറേറ്റ് ഓഫ് ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് ആദ്യ കോവിഡ് മരണമുണ്ടായതായി ട്വീറ്റ് ചെയ്തത്. ആദ്യ കോവിഡ് മരണം സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും ഇസ്ഡ്എംസിയിൽ അദേഹം 10 ദിവസത്തോളം ചികിത്സയിലായിരുന്നതായും രോഗബാധിതന് മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നതായും ട്വീറ്റിലുണ്ട്.
ബുധനാഴ്ച രാവിലെ വരെ മിസോറാമിൽ 2,607 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 2,233 പേരും രോഗമുക്തായി. നിലവിൽ 374 പേരാണ് ചികിത്സയിൽ കഴിയുന്നത്.