തിരുവനന്തപുരം: എട്ടുവർഷത്തിനിടയിൽ സംസ്ഥാനത്ത് അയ്യായിരത്തിലധികം അവയവ തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ച്. നിർധനരായ ജനങ്ങളെ സർക്കാർ പദ്ധതി ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അവയവ മാഫിയ കോടികളുടെ തട്ടിപ്പ് നടത്തുന്നത് എന്നും സംശയം ഉയർന്നുവന്നിട്ടുണ്ട്.
അവയവസ്വീകർത്താക്കളിൽ നിന്ന് 60 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ഈടാക്കിയ സംഘം അവയവ ദാതാക്കൾക്ക് 10 ലക്ഷം രൂപ മാത്രമാണ് നൽകുന്നതെന്നും, ബാക്കി തുക സ്വന്തമാക്കുന്നതാണ് എന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ചില ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, ഏജന്റുമാർ എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാ ജില്ലകളിലും ഏജന്റുമാർ നിരീക്ഷണത്തിലാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
വൃക്ക, കരൾ, പാൻക്രിയാസ്, ചെറുകുടൽ എന്നിവയുടെ പേരിലാണ് മിക്ക നിയമവിരുദ്ധ അവയവ മാറ്റവും നടക്കുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ ഇതുവരെ നടന്നിരിക്കുന്നത്. തൃശ്ശൂർ ഡിഐജി എസ് സുരേന്ദ്രൻറെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് എസ് പി കെ എസ് സുദർശൻ ആണ് കേസ് അന്വേഷിക്കുന്നത്.