പതിമൂന്നുകാരി വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

0
877

കന്യകാത്വം സംരക്ഷിക്കുന്നതിനായി രക്തസാക്ഷിയാകേണ്ടിവന്ന ബ്രസീലിലെ പതിമൂന്നുകാരിയെ ഒക്ടോബർ 24-ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. ബെനിഗ്‌നാ കാർഡോസോ ഡാ സിൽവായെയാണ് സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ചേർക്കുന്നത്. ബലാത്സംഗം ചെയ്യാനുള്ള സഹപാഠിയുടെ ശ്രമത്തെ ചെറുക്കുന്നതിനിടയിലാണ് ബെനിഗ്‌നാ കാർഡോസോ കൊല്ലപ്പെടുന്നത്. ബ്രസീലിലെ സിയാര സംസ്ഥാനത്തിൽ നിന്നും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെടുന്ന ആദ്യ വ്യക്തിയാണ് ബെനിഗ്‌നാ. ക്രാറ്റോയിലെ നോസാ സെൻഹോര ഡാ പെൻഹാ കത്തീഡ്രൽ സ്‌ക്വയറിൽവെച്ചായിരിക്കും വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം നടക്കുക.

1928 ഒക്ടോബർ 15 ന് ഒയിറ്റിയിൽ ജോസ് കാർഡോസോ ഡാ സിൽവയുടെയും തെരേസ മരിയ ഡാ സിൽവയുടെയും നാല് മക്കളിൽ ഇളയവളയാണ് ബെനിഗ്‌നയുടെ ജനനം. ഒക്ടോബർ 21-ന് അവൾക്ക് ജ്ഞാനസ്‌നാനം നല്കി. ബെനിഗ്‌നയുടെ ജനനത്തിനുമുമ്പ് തന്നെ അവളുടെ പിതാവ് മരിച്ചു, ഒരു വയസ്സുള്ളപ്പോൾ അമ്മയെയും നഷ്ടപ്പെട്ടു. അവളെയും അനാഥരായ മറ്റ് സഹോദരങ്ങളെയും സിസ്റ്റർ റോസയും ഹോണോറിന സിസ്നാൻഡോ ലെയ്റ്റും ചേർന്ന് ദത്തെടുത്തു, ആത്മീയ ജീവിതത്തിന് വലിയ പ്രാധാന്യം കൊടുത്തിരിന്ന അവൾ ചിട്ടയായ ജീവിതം നയിച്ചുവരികയായിരിന്നു.

വിശുദ്ധ കുർബാനയിലും ഇടവകയുടെ പ്രവർത്തനങ്ങളിലും അവൾ സജീവമായിരിന്നു. പന്ത്രണ്ടാം വയസ്സിൽ, റാവുൾ ആൽവ്‌സ് എന്ന കൗമാരക്കാരൻ അവളെ സമീപിച്ചു. ചെറുപ്പത്തിൽ തന്നെ ഒരു ബന്ധം തുടങ്ങാൻ താൽപര്യമില്ലായെന്ന് അവൾ റാവുളിനെ അറിയിച്ചുവെങ്കിലും ശല്യം തുടർന്നുക്കൊണ്ടേയിരിന്നു. ഇതിനിടെ തന്റെ ആത്മീയ ഗുരുവിൽ നിന്ന് അവൾ മാർഗനിർദേശം തേടി. ബൈബിൾ കഥകളെക്കുറിച്ചുള്ള ഒരു ചിത്രീകരിച്ച പുസ്തകം അവന് നല്കുകയും ചെയ്തു. എന്നിരുന്നാലും, ഇയാൾ അവളുടെ പിന്നാലേ തന്നെ കൂടുകയായിരിന്നു.

1941 ഒക്ടോബർ 24-നാണ് ബെനിഗ്‌നാ കാർഡോസോ കൊല്ലപ്പെടുന്നത്. ഉച്ചക്കഴിഞ്ഞ് നാലു മണിയോടെ വീട്ടിലേക്കാവശ്യമായ വെള്ളം എടുക്കുവാൻ പോയ വഴിക്ക് റാവുൾ, അവളെ സമീപിക്കുകയും ലൈംഗീക ബന്ധത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു. ബെനിഗ്‌നാ ശക്തിയുക്തം ഇത് നിരസിച്ചതിനെ തുടർന്ന് അവളെ കയ്യിലിരുന്ന അരിവാൾ കൊണ്ട് റാവുൾ, വെട്ടിക്കൊല്ലുകയായിരുന്നു. മരണത്തിന് പിന്നാലെ ബെനിഗ്‌നായുടെ ജീവിത നൈർമല്യത ആളുകൾ തിരിച്ചറിയുകയും മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കുവാനും ആരംഭിച്ചു.