കണ്ണൂർ: കണ്ണൂരിൽ നഴ്സായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. കോട്ടക്കുന്ന് സ്വദേശിയായ അഖിലയെയാണ് ഇന്നലെ രാത്രി കണ്ണൂർ പുതിയ തെരുവിലെ രാജ് റെസിഡൻസിയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ജോലിക്കുള്ള അഭിമുഖം ഉണ്ടെന്ന് പറഞ്ഞാണ് യുവതി ഹോട്ടലിൽ മുറിയെടുത്തത്. ബുധനാഴ്ച വൈകുന്നേരം മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വളരെക്കാലത്തിന് ശേഷം കണ്ണൂരിലെത്തിയ അഖില ചില ബന്ധുവീടുകളൊക്കെ സന്ദർശിച്ചശേഷമാണ് ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയത്.
കണ്ണൂർ കോട്ടക്കുന്ന് പാറയിൽ വീട്ടിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ എം. മുകുന്ദന്റെ മകളായ അഖില ഉയർന്ന മാർക്കോടെയാണ് എസ്.എസ്.എൽ.സി. പാസായത്. പ്ലസ്ടുവിന് ശേഷം ബി.എസ്സി. നഴ്സിങ്ങും പൂർത്തിയാക്കി. തുടർന്ന് രണ്ടുവിവാഹം കഴിച്ചെങ്കിലും വിവാഹമോചനം നേടിയിരുന്നു. 2016 ഡിസംബറിൽ രണ്ടാമത്തെ വിവാഹമോചനത്തിനു ശേഷം അഖിലയുടെ പക്കൽ 30 ലക്ഷത്തിലധികം രൂപയും 40 പവനോളം സ്വർണവും കാറും ഉണ്ടായിരുന്നതായി അടുത്ത ബന്ധു വ്യക്തമാക്കി. ഈ പണം എവിടെപോയെന്ന് ആർക്കും ഒരറിവുമില്ല.
പിതാവിന്റെ സ്വത്ത് വിറ്റ പണവും ആദ്യവിവാഹമോചനത്തിൽനിന്ന് ലഭിച്ച പണവും ആഭരണങ്ങളും ഉൾപ്പെടെ അഖിലയുടെ സാമ്പത്തിക നില ഭദ്രമായിരുന്നു. പരിയാരത്തെ ആംബുലൻസ് ഡ്രൈവറുമായിട്ടായിരുന്നു അഖിലയുടെ രണ്ടാം വിവാഹം. മൂന്നുമാസം കൊണ്ട് അയാളുമായി തെറ്റിപ്പിരിഞ്ഞ അഖില വിവാഹമോചനം നേടി വാടകയ്ക്ക് വീടെടുത്തു താമസിക്കുകയായിരുന്നു. പിന്നെ അഖിലയെപ്പറ്റി ഒരു വിവരവുമുണ്ടായിരുന്നില്ല. അഖില എങ്ങനെയാണ് കാസർകോട്ടും തൃക്കരിപ്പൂരിലും കോഴിക്കോട്ടും ആലപ്പുഴയിലും എത്തിയതെന്നും അവിടെ ആരൊക്കൊയിരുന്നു സുഹൃത്തുക്കൾ എന്നും പൊലീസ് അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.