നിമിഷ പ്രിയയുടെ മോചനം; അമ്മയും ആക്ഷന്‍ കൗണ്‍സില്‍ അംഗവും യമനിലേക്ക്

19 April, 2024

കൊച്ചി: യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി അമ്മ പ്രേമകുമാരി ശനിയാഴ്ച യമനിലേക്ക് തിരിക്കും. പ്രേമകുമാരിക്ക് ഒപ്പം സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവേല്‍ ജെറോമും യമനിലേക്ക് പോകും. 

ശനിയാഴ്ച കൊച്ചിയില്‍ നിന്ന് മുംബൈ വഴിയാണ് ഇരുവരും യമനിലേക്ക് തിരിക്കുന്നത്. മുംബൈയില്‍ നിന്ന് യമനിലെ എഡെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ആദ്യം എത്തുക. അവിടെ നിന്ന് കരമാര്‍ഗം സനയിലേക്ക് പോകും. ഞാറാഴ്ചയോ, തിങ്കളാഴ്ചയോ ഇരുവരും സനയിലെ ജയിലിലെത്തി നിമിഷ പ്രിയയെ സന്ദര്‍ശിച്ചേക്കും.

നിലവില്‍ യമനിലെ സര്‍ക്കാരുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. യമനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സഹചര്യത്തില്‍ സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലാണ് യമനിലെ ചര്‍ച്ചകള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്.

നിമിഷ പ്രിയയയുടെ അമ്മയ്ക്ക് വേണ്ടി ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് നടത്തുകയും വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നത് അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനാണ്. നിമിഷപ്രിയയുടെ കുടുംബം യമന്‍ സന്ദര്‍ശിച്ചാല്‍ അവിടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല എന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍ അമ്മ പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബം വ്യക്തമാക്കുന്നത്.


Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി