Or copy link
നിങ്ങളുടെ പങ്കാളിയെ നിങ്ങൾക്ക് തന്നത് ദൈവമാണ്. ദൈവത്തിന് ഒരിക്കലും തെറ്റുപറ്റില്ലല്ലോ. ജീവിതത്തിൽ സഹനങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ ഭാര്യയുടെയോ ഭർത്താവിന്റെയോ മേൽ പഴിചാരി പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയല്ല ചെയ്യേണ്ടത്. മറിച്ച് ആ സമയത്ത് നിങ്ങൾ ധ്യാനപൂർവ്വം ബൈബിൾ തുറന്ന് ദൈവം എന്താണ് പറയുന്നതെന്ന് വായിക്കുക. അത്ഭുതപ്രാർത്ഥന ചൊല്ലുക. ഭാര്യയെ ഉപേക്ഷിച്ച്, ഭർത്താവിനെ ഉപേക്ഷിച്ച് വീണ്ടും വിവാഹം ചെയ്യുന്നവരിൽ മിക്കവരുടെയും ജീവിതം പരാജയം തന്നെയാണ്. ചിലർ കുടുംബ പ്രശ്‌നങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്യും എന്ന് വരെ പറയാറുണ്ട്. അവരോട് ഒരു കാര്യം മാത്രം പറയുന്നു. പ്രശ്‌നങ്ങളുണ്ടാകുമ്പോൾ പ്രശ്‌നങ്ങളിലേക്ക് നോക്കാതെ കർത്താവിലേക്ക് നോക്കുക. വചനം വായിക്കുക. തിരുത്താനുള്ളത് അനുതാപത്തോടെ തിരുത്തുക. അത്ഭുത പ്രാർഥന ചൊല്ലുക. ദൈവം ഇടപെടും.
ദമ്പതിമാരിൽ ആരും പരസ്പരം ഉപേക്ഷിക്കരുത്. അത് ദൈവഹിതത്തിനെതിരാണ്. നിങ്ങളിൽ കുറവുള്ളവർ മറ്റാളുടെ പ്രാർഥന മൂലം വിശുദ്ധീകരിക്കപ്പെടണമെന്നാണ് ദൈവഹിതം. നിങ്ങൾക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല പങ്കാളിയെ അല്ല, നിങ്ങൾക്ക് വേണ്ടി അനാദികാലം മുതൽ ദൈവം തീരുമാനിച്ചതാണ് നിങ്ങളുടെ പങ്കാളി. ദൈവം തിരഞ്ഞെടുത്ത് തന്നതിനെ നിരാകരിക്കുമ്പോൾ നാം പാപം ചെയ്യുന്നു. പ്രശ്‌നങ്ങൾ എല്ലാവരുടെയും ജീവിതത്തിലുണ്ട്. അവ സൗമ്യമായി പരിഹരിക്കാൻ ശ്രദ്ധിക്കുക. വിട്ടുവീഴ്ച ചെയ്യുക. വിട്ടുവീഴ്ച ചെയ്യുമ്പോൾ നിങ്ങൾ തന്നെയാണ് ജയിക്കുന്നതെന്നുള്ള സത്യം നിങ്ങൾ മനസിലാക്കുക. ഇനി ദമ്പതിമാരിലാർക്കെങ്കിലും ഗുരുതരമായ മാനസിക പ്രശ്നമോ സംശയരോഗമോ ഉണ്ടെങ്കിൽ നിങ്ങളെ അവർ ഉപദ്രവിക്കുന്നുണ്ടെങ്കിൽ അക്കാര്യം സഭയേയും കുടുംബത്തെയും അറിയിച്ച് വിവാഹമോചനം നേടാനും അവസരമുണ്ട്. അല്ലാതെ ആത്മഹത്യയിലോ കൊലപാതകത്തിലോ അഭയം പ്രാപിക്കുകയല്ല വേണ്ടത്.
സുവിശേഷ വേല ചെയ്യുന്നവരുടെയും ജീവിതത്തിൽ പ്രശ്‌നങ്ങളും പ്രയാസങ്ങളുമുണ്ട്. ഓരോ ദിവസവും സാത്താൻ അലറുന്ന സിംഹത്തെപ്പോലെ ഈ ഗ്രൂപ്പിനെ നശിപ്പിക്കാൻ ഓടിനടക്കുകയാണ്. കർത്താവിനോടുള്ള സ്‌നേഹം അത് മാത്രമാണ് എന്നെ പിടിച്ചുനിർത്തുന്നത്. മത്തായിയുടെ സുവിശേഷം 24:13 ഇങ്ങനെ പറയുന്നു. അവസാനം വരെ പിടിച്ചുനിൽക്കുന്നവൻ രക്ഷ പ്രാപിക്കും. അത് കുടുംബജീവിത്തിലും അങ്ങനെ തന്നെയാണ്.
പങ്കാളികളിൽ ഒരാൾ ദേഷ്യപ്പെട്ടിരിക്കുകയാണെങ്കിൽ വീണ്ടും അവരെ എന്തെങ്കിലും പറഞ്ഞ് പ്രകോപിപ്പിക്കരുത്. കുടുംബപ്രശ്‌നങ്ങൾ തീർക്കാൻ മനുഷ്യർക്ക് സാധ്യമല്ല. ആരും അവർ പറയാതെ അവരുടെ കുടുംബപ്രശ്‌നത്തിൽ ഇടപെടുകയും അരുത്. മറിച്ച് അങ്ങനെയൊരു പ്രശ്‌നമുണ്ടെന്ന് നിങ്ങളറിഞ്ഞാൽ അവർക്ക് വേണ്ടി പ്രാർത്ഥിക്കുക. നിങ്ങൾ പതിമൂന്ന് ദിവസം അവർക്ക് വേണ്ടി ബൈബിൾ വായിക്കുക. അവരുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാകും.
ഒരു തരത്തിലും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ ദൈവം നിയോഗിച്ചവരുടെ അടുത്തു പോകുക. അത് കൃപയുള്ള ദൈവദികനോ കന്യാസ്ത്രീയോ ആകാം. അവരോട് കാര്യങ്ങൾ പറയുക. അവരത് ദൈവേഷ്ടപ്രകാരം പരിഹരിക്കും. അല്ലാതെ എല്ലാവർക്കും കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയണമെന്നില്ല. അവരത് കൂടുതൽ വഷളാക്കുകയേയുളളൂ. കുടുംബം സൃഷ്ടിച്ചത് ദൈവമാണ്. സൃഷ്ടാവിനെ സൃഷ്ടിയുടെ പ്രശ്‌നങ്ങൾ വ്യക്തമായി മനസിലാകൂ. അതിനാൽ കർത്താവിനോട് പ്രശ്‌നങ്ങളെല്ലാം ഏറ്റുപറയുക. പറ്റിപ്പോയ പിഴകളെ പ്രതി പങ്കാളിയോടും ദൈവത്തോടും മാപ്പ് ചോദിക്കുക. ബൈബിൾ വായിക്കുക. അവനെ കേൾക്കുക. പരിശുദ്ധ അമ്മ പറഞ്ഞതുപോലെ അവൻ പറയുന്നത് ചെയ്യുക. നിങ്ങളുടെ കുടുംബത്തിലും സന്തോഷത്തിന്റെ വീഞ്ഞ് സമൃദ്ധമാകും. കുടുംബം കൂടുമ്പോൾ ഇമ്പമുള്ളതാകും.
ബ്ര. ഷിബു കിഴക്കേക്കുറ്റ്, Br Shibu Kizhakkekuttu Canada
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്