അമൽ നീരദിന്റെ ബോ​ഗെയ്ൻ വില്ലയിലെ ​ഗാനം സാത്താനികമോ? സമൂഹമാധ്യമത്തിൽ വൻചർച്ച

30 September, 2024


കർത്താവിന് ‘സ്തുതി’ പാടിയത് സാത്താൻ ആണോ? അമൽ നീരദിന്റെ ‘ബോഗയ്ൻവില്ല’, പ്രഖ്യാപിച്ചത് മുതൽ എന്നും ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ്. ബോഗയ്ൻവില്ല എന്ന ടൈറ്റിൽ പോലും പലതും ഒളിപ്പിക്കുന്നതായി സോഷ്യൽ മീഡിയ ചർച്ചകൾ ഉയർന്നിരുന്നു. ബോഗയ്ൻവില്ല എന്ന പേരിലെ ‘6’ എന്ന എഴുത്തും ചുവപ്പ് തീമിൽ എത്തിയ പോസ്റ്ററുകളും ചർച്ചകളിൽ ഇടം നേടിയിരുന്നു.

ഇതിന് പിന്നാലെയാണ് സിനിമയിലെ ആദ്യ ഗാനം പുറത്തെത്തിയത്. ‘ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി’ എന്ന ഗാനം ഒറ്റ ദിവസം കൊണ്ട് തന്നെ വൈറലാവുകയും ചെയ്തു. 2 മില്യണിലേറെ വ്യൂസ് നേടിയ ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ മൂന്നാമതായി തുടരുകയാണ്. ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും സംഗീതസംവിധായകൻ സുഷിൻ ശ്യാമുമാണ് ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിൽ ജ്യോതിർമയി ധരിച്ചിരിക്കുന്ന വേഷവും ബ്ലാക്ക് തീമും വിവാദമായിരിക്കുകയാണ്.

ഇത്രയും കാലം ജ്യോതിർമയി എവിടെയായിരുന്നു, ഈ ആറ്റിറ്റിയൂഡും ഡാൻസും മേക്കിംഗുമെല്ലാം പൊളി എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ, കർത്താവിന് സ്തുതി പാടുന്നത് സാത്താൻ ആണോ എന്നാണ് മറ്റൊരു വിഭാഗം പേർ ചർച്ചയാക്കുന്നത്. സാത്താന്റെ കൊമ്പുകൾ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള വസ്ത്രമാണ് ജ്യോതിർമയി അണിഞ്ഞിരിക്കുന്നത്. ഒരു സാധാ സ്തുതി ഗീതമല്ല ഈ ഗാനം എന്നതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

ഗാനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സീറോ മലബാർ സഭ അൽമായ ഫോറം. ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി എന്ന ഗാനം ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നു എന്നാണ് ആരോപണം. ഗാനം സെൻസർ ചെയ്യണമെന്നും വേണ്ടി വന്നാൽ സിനിമ തന്നെ സെൻസർ ചെയ്യണമെന്നാണ് ആവശ്യം. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് മെയിൽ അയച്ചാണ് സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പരാതി നൽകിയിരിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്ന ഗാനങ്ങൾ കടുത്ത നിയമങ്ങൾ ഉപയോഗിച്ച് തടയണമെന്നും പരാതിയിൽ പറയുന്നുണ്ട്.

സുഷിൻ ശ്യാമും മേരി ആൻ അലക്‌സാണ്ടറും ചേർന്ന് ആലപിച്ച ഗാനത്തിന് വിനായക് ശശികുമാർ ആണ് വരികൾ ഒരുക്കിയത്. സുഷിൻ തന്നെയാണ് ഗാനത്തിന് സംഗീതം ഒരുക്കിയതും. ‘ഭീഷ്മപർവ്വം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അമൽ നീരദ് ഒരുക്കുന്ന സിനിമയാണ് ബോഗയ്ൻവില്ല. തികഞ്ഞ സ്‌റ്റൈലിഷ് ആക്ഷൻ സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് വിവരം. ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്ന സിനിമകൾക്ക് ശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണിത്.

ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒന്നിക്കുന്നത്. ജ്യോതിർമയിയും ഷറഫുദ്ദീനുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ എന്നീ താരങ്ങളും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത് എന്നാണ് സൂചന. ഒക്ടോബർ 17ന് ആണ് സിനിമ റിലീസ് ചെയ്യുന്നത്.

Comment

Related News

ഷൈൻ ടോം ചാക്കോയെ സിനിമയിൽ നിന്ന് വിലക്കിയേക്കും
ഷൈൻ ടോം ചാക്കോയേയും മേക്കപ്പ് ആർട്ടിസ്റ്റിനെയും തിങ്കളാഴ്ച ചോദ്യം ചെയ്യേണ്ടെന്ന് പോലീസ്
'നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം കല്ലെറിയട്ടെ; ഷൈൻ ടോം ചാക്കോയുടെ സിനിമയുടെ പോസ്റ്റർ പുറത്ത്
നടൻ ഷൈൻ ടോം ചാക്കോ ഉപയോ​ഗിക്കുന്നത് മെത്താംഫെറ്റാമൈനും കഞ്ചാവും