രാജ്യത്ത് ജനനനിരക്ക് കുറയുന്നത് തടയാൻ 'മിനിസ്ട്രി ഓഫ് സെക്സ്'; ആദ്യ രാത്രി ഹോട്ടലിലാഘോഷിക്കാനും പണം നൽകും; വ്യത്യസ്ത നയവുമായി റഷ്യ

12 November, 2024


മോസ്‌കോ: രാജ്യത്ത് ജനനനിരക്ക് കുറയുന്നത് തടയാൻ  'മിനിസ്ട്രി ഓഫ് സെക്സ്' എന്ന പുതിയ മന്ത്രാലയം രൂപീകരിക്കുമെന്ന്  റഷ്യ. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷൻ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണെന്ന് യുകെ മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തു. ജോലിക്കിടയിലെ ഒഴിവുവേളകളിൽ 'പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന' ആഹ്വാനം പുടിൻ നേരത്തേ നടത്തിയിരുന്നു. മൂന്നാം വർഷത്തിലേക്ക് അടുക്കുന്ന യുക്രൈൻ യുദ്ധത്തിൽ ധാരാളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ, രാജ്യത്തെ ജനന നിരക്കിൽ കാര്യമായ കുറവാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയർത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പുടിൻ ആവശ്യപ്പെട്ടിരുന്നു.

രാത്രി 10 മുതൽ പുലർച്ചെ രണ്ടുവരെ ലൈറ്റുകൾ അണച്ചും ഇന്റർനെറ്റ് വിച്ഛേദിച്ചും, പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കണമെന്നാണ് നിർദേശങ്ങളിലൊന്ന്. വീട്ടമ്മമാർക്കു ശമ്പളം നൽകുകയും അതവരുടെ പെൻഷനിലേക്ക് വകയിരുത്തുന്ന രീതിയിലുള്ള പദ്ധതികളും പരിഗണിക്കപ്പെടുന്നു. പങ്കാളികളുടെ ആദ്യ ഡേറ്റിന് സാമ്പത്തിക സഹായമായി 5000 റൂബിൾ (4,395 ഇന്ത്യൻ രൂപ) ധനസഹായം നൽകുക, വിവാഹദിനം രാത്രി ഹോട്ടലിൽ ചെലവഴിക്കുന്നതിന് സർക്കാർ സഹായമായി 26,300 റൂബിൾ (23,122 ഇന്ത്യൻ രൂപ) നൽകുക തുടങ്ങിയവയും പരിഗണിക്കുന്നുണ്ട്.
ഖബാറോവ്സ്‌കിൽ 18നും 23നും ഇടയിൽ പ്രായമുള്ള വിദ്യാർഥിനികൾക്കു കുട്ടികൾ ഉണ്ടായാൽ 900 യൂറോ (97,282 ഇന്ത്യൻ രൂപ) ലഭിക്കും. ചെല്യാബിൻസ്‌കിൽ ആദ്യ കുട്ടിയുണ്ടാകുമ്പോൾ ലഭിക്കുക 8,500 യൂറോയാണ് (9,18,782 ഇന്ത്യൻ രൂപ). ചായ, ഉച്ചഭക്ഷണ ഇടവേളകളിൽ പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാമെന്ന് പ്രാദേശിക ആരോഗ്യമന്ത്രി യെവ്ഗനി ഷെസ്‌തോപാലോവ് പറഞ്ഞു.

ജനനനിരക്ക് വർധിപ്പിക്കുന്നതിനായി സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ഇതിനായി സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒരു ചോദ്യാവലി പൊതുമേഖലയിലെ ജീവനക്കാർക്കു നൽകിയിരുന്നു. ഇതിനു മറുപടി നൽകാതിരുന്നവർ നിർബന്ധമായും ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടി വന്നു.


Comment

Editor Pics

Related News

ഭാര്യ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ചു കൊലപ്പെടുത്തി
ഒരു കുടുംബത്തിലെ മൂന്നുപേർ കുത്തേറ്റുമരിച്ചു
ആറ് പള്ളികളുടെ ഭരണനിർവഹണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി
ഹമാസ് ഇസ്രായേൽ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റ് മുഴുവൻ അനുഭവിക്കേണ്ടി വരുമെന്ന് ഡോണൾഡ് ട്രംപ്