വംശീയ പരാമർശം യു.കെ ആരോ​ഗ്യമന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി

10 February, 2025


വംശീയ പരാമർശം നടത്തിയ ആരോഗ്യമന്ത്രി ആൻഡ്രൂ ഗ്വയ്‌നെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ആൻഡ്രൂവിന്റെ വംശീയ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ നടപടി. ലേബർ പാർട്ടിയിൽ നിന്നും ഇദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്. വംശീയത കലർന്ന അഭിപ്രായവും ജൂതവിരുദ്ധ പരാമർശവും നടത്തിയതിന്റെ പേരിലാണ് ഇദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം തന്റെ പരാമർശത്തിൽ ക്ഷമ ചോദിച്ച് ആൻഡ്രൂ ഗ്വയ്‌നും രംഗത്തെത്തി. തന്റെ പരാമർശത്തിൽ ഖേദിക്കുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.’’ പ്രധാനമന്ത്രിയും പാർട്ടിയും കൈകൊണ്ട നടപടികളെപ്പറ്റി ഞാൻ മനസിലാക്കുന്നു,’’ എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

ലേബർ പാർട്ടി കൗൺസിലർമാരും പാർട്ടി ഭാരവാഹികളും അടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ആൻഡ്രൂ വംശീയത കലർന്ന തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. ഒരു ജനപ്രതിനിധിയെപ്പറ്റി അദ്ദേഹം പറഞ്ഞ അഭിപ്രായവും വലിയ രീതിയിൽ ചർച്ചയായി. കൂടാതെ മാലിന്യശേഖരണത്തെക്കുറിച്ച് തന്റെ സഹപ്രവർത്തകനോട് ചോദിച്ച 72കാരിയായ സ്ത്രീ മരണമടഞ്ഞിരുന്നെങ്കിൽ എന്ന് താൻ ആശിക്കുന്നതായും ഇദ്ദേഹം വാട്‌സ് ആപ്പ് ചാറ്റിൽ പറഞ്ഞു.

’’ സർക്കാർ പ്രതിനിധികൾ ഉന്നത നിലവാരത്തിലുള്ള പെരുമാറ്റം കാഴ്ച വെയ്ക്കണമെന്നും ജനസേവനത്തിന് പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും പ്രധാനമന്ത്രിയ്ക്ക് നിർബന്ധമുണ്ട്,‘‘സർക്കാർ വക്താവ് അറിയിച്ചു. ഈ നിലവാരം പാലിക്കാത്ത ഏതൊരു മന്ത്രിയ്‌ക്കെതിരെയും നടപടിയെടുക്കാൻ അദ്ദേഹം മടിക്കില്ലെന്നും സർക്കാർ വക്താവ് അറിയിച്ചു.

Related News

കനേഡിയൻ മന്ത്രിസഭയിൽ ഇന്ത്യൻ വനിതകളും
മാതാപിതാക്കളെയും ഇനി കാനഡയിലെത്തിക്കാം; 10,000 അപേക്ഷകൾ സ്വീകരിക്കുമെന്ന് കാനഡ
കാനഡക്കാർ ഒരുമാസത്തിൽ കൂടുതൽ യു.എസിൽ താമസിക്കാൻ സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്ന് നിയമം
കാനഡയെ കുട്ടിച്ചോറാക്കുന്നു; ഇലോൺ മസ്‌കിന്റെ കനേഡിയൻ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നരലക്ഷം കനേഡിയൻ പൗരൻമാർ ഹർജിയിൽ ഒപ്പിട്ടു