യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് റെസിപ്രോക്കൽ താരിഫ് ഏർപ്പെടുത്തുമെന്ന് വൈറ്റ്ഹൗസ്

13 February, 2025


വാഷിങ്ടൺ: യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം റെസിപ്രോക്കൽ താരിഫ് ഏർപ്പെടുത്തുമെന്ന് വൈറ്റ്ഹൗസ്. ഇത് സംബന്ധിച്ച ഉത്തരവിൽ ട്രംപ് ഉടൻ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്തുന്ന രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയും നികുതി ഏർപ്പെടുത്തുമെന്നതാണ് റെസിപ്രോക്കൽ താരിഫ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇത് ഇന്ത്യയ്ക്കും വൻ തിരിച്ചടിയായി മാറിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനു തൊട്ടുമുൻപാണ് ഇന്ത്യയെ ഉൾപ്പെടെ ബാധിക്കുന്ന ഈ നിർണായക നീക്കം. ചില യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ കനത്ത തീരുവയാണു ചുമത്തുന്നതെന്നും അതേ മട്ടിൽ തീരുവ ചുമത്തി തിരിച്ചടിക്കാനറിയാമെന്നും ഡോണൾഡ് ട്രംപ് ഡിസംബറിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പു നൽകിയിരുന്നു.

'ഇന്ത്യയും ബ്രസീലുമാണ് യുഎസ് ഉൽപന്നങ്ങൾക്ക് ഏറ്റവുമധികം തീരുവ ചുമത്തുന്നത്. തീരുവ ചുമത്താൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുഴപ്പമില്ല, പക്ഷേ തിരിച്ച് ഞങ്ങളും അതു തന്നെയാണു ചെയ്യാൻ പോകുന്നത്' ട്രംപ് ഡിസംബറിൽ പറഞ്ഞു. അതിനിടെ രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി.

ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിലാണ് മോദിക്ക് താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. സന്ദർശനത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചു മണിക്കാകും മോദി - ട്രംപ് കൂടിക്കാഴ്ച.

Related News

ജനുവരി മുതൽ യു.എസ് നാടുകടത്തിയത് 388 ഇന്ത്യൻ പൗരന്മാരെ
ഹമാസ് അനുകൂല പ്രചാരണം; ഇന്ത്യൻ വിദ്യാർഥി യുഎസിൽ അറസ്റ്റിൽ
തടവുകാരെ പരസ്പരം കൈമാറി റഷ്യയും ഉക്രെയ്‌നും
ഷിക്കാഗോയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപിക അറസ്റ്റിലായി