ഗാസയിൽ നിന്നുള്ള 2000 ത്തോളം കുട്ടികളെ സ്വീകരിക്കുമെന്ന് ജോർദ്ദാൻ രാജാവ്

13 February, 2025


ഗാസയിൽ നിന്നുള്ള 2000ത്തോളം രോഗികളായ കുട്ടികളെ സ്വീകരിക്കാൻ തയാറായി ജോർദ്ദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ. വൈറ്റ് ഹൗസിൽ നടന്ന യോഗത്തിലാണ് രാജാവ് ഈ സമ്മതം അറിയിച്ചത്. ഗാസയിലെ കുട്ടികളെ സ്വീകരിക്കാൻ വിസമ്മതിച്ചാൽ ജോർദ്ദാനുള്ള യുഎസ് സഹായം നിർത്തലാക്കുമെന്ന അമെരിക്കയുടെ ഭീഷണിക്കു വഴങ്ങിയാണ് ജോർദ്ദാൻ ഈ അനുമതി അറിയിച്ചത്.

ഗാസയുടെ ഉടമസ്ഥാവകാശം തങ്ങൾ ഏറ്റെടുക്കുമെന്ന ആഗ്രഹം യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രകടിപ്പിച്ചപ്പോൾ ആ മിന്നൽ പദ്ധതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആദ്യം അബ്ദുള്ള രാജാവ് വഴങ്ങിയിരുന്നില്ല. മറിച്ച് ഈജിപ്റ്റ് തങ്ങളുടെ നിർദേശം അവതരിപ്പിച്ചു കഴിഞ്ഞാൽ സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന യോഗത്തിൽ ഗാസയുടെ ഭാവിയെ കുറിച്ച് ചർച്ച ചെയ്യുമെന്നാണ് ആദ്യം പറഞ്ഞത്.

ഇസ്രയേൽ ബന്ദികളുടെ സുരക്ഷയെ കുറിച്ച് ഹമാസിനു മുന്നറിയിപ്പു നൽകിയ ട്രംപ് പലസ്തീൻ അഭയാർഥികളെ സ്വീകരിക്കാൻ സമ്മതിക്കാത്ത പക്ഷം ജോർദ്ദാനും ഈജിപ്റ്റിനുമുള്ള സഹായം നിർത്തലാക്കുമെന്ന് കഴിഞ്ഞ തിങ്കളാഴ്ച ഭീഷണിപ്പെടുത്തിയിരുന്നു. ബ്ലൂംബെർഗിൻറെ വിശകലനപ്രകാരം 2023ൽ അമെരിക്കൻ സഹായം ലഭിച്ച രാജ്യങ്ങളിൽ നാലും അഞ്ചും സ്ഥാനത്താണ് ജോർദ്ദാനും ഈജിപ്റ്റും.

എന്തായാലും വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്കു മുമ്പു തന്നെ ജോർദ്ദാൻ രാജാവ് രോഗികളായ പലസ്തീനി കുട്ടികളെ പുനരധിവസിപ്പിക്കാമെന്നു വാഗ്ദാനം ചെയ്യുന്നതാണ് പിന്നെ ലോകം കണ്ടത്. വൈറ്റ് ഹൗസിൽ യോഗം കൂടുന്നതിനു തൊട്ടു മുമ്പേ കാൻസർ രോഗികളോ "വളരെ രോഗാവസ്ഥയിലുള്ളവരോ" ആയ കുട്ടികളെ "എത്രയും വേഗം" ജോർദാനിലേക്ക് കൊണ്ടുപോകുമെന്നാണ് അബ്ദുള്ള രാജാവ് പറഞ്ഞത്.

യുഎസ് പ്രസിഡൻറ് ആ വാഗ്ദാനത്തെ മനോഹരമായ നടപടിയെന്നു വിശേഷിപ്പിച്ച് ജോർദ്ദാൻ രാജാവിനെ പ്രശംസിച്ചു. ഇതോടെ മറ്റ് അറബ് നേതാക്കൾ ആകെ വിഷണ്ണരായിരിക്കുകയാണ്.

ഗാസ കൂടാതെ ഇസ്രയേൽ ലബനനിൽ ആക്രമണം നടത്തിയതും സിറിയയിൽ അസദ് ഭരണം തകർന്നതും ഈജിപ്റ്റ്, ജോർദ്ദാൻ രാജ്യങ്ങൾ നേരിടുന്ന ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങളും സൗദി അറേബ്യ വീണ്ടും ഇസ്രയേലുമായി ഒരു സാധാരണ വത്കരണ കരാറിനെ കുറിച്ച് ആലോചിക്കുന്നതുമെല്ലാം അറബ് നേതാക്കൾക്ക് ശക്തനായ യുഎസ് പ്രസിഡൻറിനെ അനുസരിച്ചേ തീരൂ എന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചിരിക്കുകയാണിപ്പോൾ.

Related News

ജനുവരി മുതൽ യു.എസ് നാടുകടത്തിയത് 388 ഇന്ത്യൻ പൗരന്മാരെ
ഹമാസ് അനുകൂല പ്രചാരണം; ഇന്ത്യൻ വിദ്യാർഥി യുഎസിൽ അറസ്റ്റിൽ
തടവുകാരെ പരസ്പരം കൈമാറി റഷ്യയും ഉക്രെയ്‌നും
ഷിക്കാഗോയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപിക അറസ്റ്റിലായി