ജി സുരേഷ് കുമാറിനെ പിന്തുണച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; ജൂൺ ഒന്നുമുതൽ സിനിമാസമരം

14 February, 2025


കൊച്ചി: സിനിമാ നിർമാതാക്കളുടെ തർക്കത്തിൽ ജി സുരേഷ് കുമാറിനെ പിന്തുണച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സംഘടനാകാര്യങ്ങൾ സുരേഷ് കുമാർ പരസ്യമായി പറഞ്ഞത് ഭരണസമിതിയെടുത്ത തീരുമാന പ്രകാരം. പ്രസിഡൻ്റ് ആൻ്റോ ജോസഫ് അവധിയിലായതിനാൽ ചുമതല വൈസ് പ്രസിഡന്റുമാർക്ക് നൽകിയിട്ടുണ്ട്.ആൻ്റണി പെരുമ്പാവൂരിനെ ക്ഷണിച്ചിട്ടും പങ്കെടുക്കാതെ പരസ്യനിലപാട് സ്വീകരിച്ചത് അനുചിതമാണെന്നും ‌ ‌സംഘടനയ്ക്കെതിരായും വ്യക്തിപരമായുമുള്ള നീക്കങ്ങൾ പ്രതിരോധിക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർ‌ത്താക്കുറിപ്പിൽ വ്യക്തമാക്കി.

ജൂൺ ഒന്നുമുതൽ സമരവുമായി മുന്നോട്ടുപോകുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഫെബ്രുവരി ആറാം തീയതി ഫിയോക്, ഫിലിം ഡിസ്ട്രിബ്യുട്ടേഴ്‌സ് ആസോസിയേഷൻ, ഫെഫ്ക, നിർമാതാക്കളുടെ സംഘടനകളും ചേർന്നാണ് ജൂൺ ഒന്നുമുതൽ തീയറ്റർ അടച്ചിട്ടുള്ള അനിശ്ചിതകാല സമരം തീരുമാനിച്ചത്. യോഗത്തിന് ശേഷം പ്രസിഡന്റായ ആന്റോ ജോസഫിന്റെ അഭാവത്തിലാണ് ജി സുരേഷ് മാധ്യമങ്ങളെ കണ്ടതും യോഗതീരുമാനം അറിയിച്ചതും. യോഗത്തിന് ക്ഷണിച്ചിട്ടും പോലും വരാതിരുന്ന ആന്റണി പെരുമ്പാവൂർ സാമൂഹിക മാധ്യമം വഴി ജി സുരേഷ് കുമാറിനെതിരെ ആക്രമണം നടത്തിയ് തീർത്തും തെറ്റായി പോയി. ആന്റണി പെരുമ്പാവൂരിന്റെ നിലപാട് അംഗീകരിക്കാനാകില്ല. ഒരു സംഘടനയെന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ പുറത്തുനിന്നുള്ള ഏത് ആക്രമണങ്ങളെയും ചെറുക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ജൂൺ ഒന്നുമുതൽ ചിത്രീകരണം നിർത്തിവച്ച് സമരം നടത്താനുള്ള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തിൽ അംഗങ്ങളുടെ ഭിന്നത പരസ്യമാക്കി നിർമാതാവ് ആന്റണി പെരുമ്പാവൂർ ഇന്നലെയാണ് രംഗത്തെത്തിയത്. സ്‌തംഭനസമരം സിനിമയ്‌ക്ക് ഗുണമാകില്ലെന്ന് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു. തിയേറ്ററുകൾ അടച്ചിടുകയും ചിത്രീകരണം നിറുത്തുകയും ചെയ്യുമെന്ന് വ്യക്തികളല്ല തീരുമാനിക്കേണ്ടത്,സംഘടന ആലോചിച്ചു പ്രഖ്യാപിക്കേണ്ടതാണ്. മറ്റാരെങ്കിലും പറഞ്ഞതുകേട്ടാണെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്വവും പക്വതയും സുരേഷ് കുമാർ കാണിക്കണം. തെറ്റുതിരുത്തിക്കാൻ പ്രസിഡന്റ് ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ തയ്യാറാകണമെന്നും ആന്റണി പറഞ്ഞു.

നൂറുകോടി ക്ലബ്ബിലെത്തിയ സിനിമകളെ പരിഹസിച്ചും വെല്ലുവിളിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. കോടി ക്ളബ്ബുകളിൽ കയറുന്നത് തിയേറ്ററിലെയും മറ്റു വരുമാനങ്ങളും കൂട്ടിച്ചേർത്താണ്. നടൻ സിനിമ നിർമ്മിച്ചാൽ പ്രദർശിപ്പിക്കില്ലെന്ന് സുരേഷ് കുമാർ പറഞ്ഞത് നടപ്പാക്കാവുന്ന കാര്യമല്ല. താൻ നിർമ്മിക്കുന്ന എമ്പുരാന്റെ ബജറ്റിനെക്കുറിച്ച് സംസാരിച്ചതും ഉചിതല്ലെന്നും ആന്റണി പറഞ്ഞിരുന്നു.


Related News

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം അവസാനിപ്പിച്ചു
ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാർത്ഥിനി മരിച്ചു
കണ്ണാടിയിലേക്ക് എന്നെത്തന്നെ നോക്കാൻ ഞാൻ ഭയപ്പെട്ടിരുന്ന ദിവസങ്ങൾ; ആ ദിവസങ്ങളെപ്പറ്റി വീണ മുകുന്ദൻ
ആദിത്യൻ പോയി; ഉള്ളുലയ്ക്കുന്ന കുറിപ്പുമായി ഗായകൻ ജി വേണുഗോപാൽ