ആരെയും വേദനിപ്പിക്കാനല്ല സുരേഷ്‌കുമാർ പറഞ്ഞത്; ലിസ്റ്റിൻ സ്റ്റീഫൻ

15 February, 2025


കൊച്ചി: നിർമാതാക്കളുടെ സംഘനയ്ക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ആൻറണി പെരുമ്പാവൂർ സംഘടനയ്‌ക്കൊപ്പം നിൽക്കുന്ന ആളാണ്. മാത്രമല്ല, ഒരു ഇൻഡസ്ട്രിയെ മോശമാക്കാനോ അല്ലെങ്കിൽ ഒരു വ്യക്തിയെ മോശമാക്കാനോ ഉദ്ദേശിച്ചല്ല സുരേഷ് കുമാറും പ്രതികരിച്ചതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. 

''നാളെയൊരു സിനിമാ സമരമുണ്ടായാൽ അതിൻറെ ഏറ്റവും മുന്നിൽ നിൽക്കുക അസോസിയേഷൻറെ ഏതൊരു തീരുമാനങ്ങൾക്കൊപ്പവും ഉണ്ടാവുന്ന ആളായ ആൻറണി പെരുമ്പാവൂർ ആയിരിക്കും. സുരേഷേട്ടനും ഒരു വ്യക്തിയെ ഉദ്ദേശിച്ച് പറഞ്ഞതല്ല. ആൻറണിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല. പ്രശ്നത്തിനു ശേഷം ആൻറണിയുമായി സംസാരിച്ചിരുന്നു. പ്രശ്നങ്ങൾ പരസ്പരം സംസാരിച്ച് പരിഹരിക്കാമായിരുന്നു. ഒരു ഇൻഡസ്ട്രിയെ മോശമാക്കാനോ അല്ലെങ്കിൽ ഒരു വ്യക്തിയെ മോശമാക്കാനോ വ്യക്തിപരമായി ആരെയെങ്കിലും വേദനിപ്പിക്കാനോ ഒന്നുമല്ല സുരേഷ്‌കുമാർ പറഞ്ഞത്'', ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

‌മലയാള സിനിമയെ സംബന്ധിച്ച് 2024 ഏറ്റവും അധികം ഹിറ്റുണ്ടായ വർഷമാണ്. എന്നാൽ 2025 ആവുമ്പോൾ ബിസിനസ് സാധ്യത കുറഞ്ഞുവരുകയാണ്. ഒടിടി, സാറ്റലൈറ്റ് എന്നിവ ഞങ്ങളെ വേണ്ട രീതിയിൽ കാണുന്നില്ലേ എന്ന സംശയം ഞങ്ങൾക്കുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊഡ്യൂസർക്ക് മിനിമം ഗ്യാരൻറി കിട്ടുന്നതു പോലുള്ള കാര്യങ്ങളാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻറെ സംയുക്ത യോഗത്തിൽ സംസാരിച്ചിരുന്നത്. അതുപോലെ ആർട്ടിസ്റ്റുകളുടെയും ടെക്‌നീഷ്യൻമാരുടെയും പ്രതിഫലം കുറയ്ക്കുന്നതിന് എന്ത് ചെയ്യാൻ പറ്റും എന്നും ചർച്ച ചെയ്തിരുന്നു.

ഇതൊക്കെ അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അമ്മയ്ക്ക് അയച്ചിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലമുള്ള ആർട്ടിസ്റ്റുകൾക്ക് ഷൂട്ടിങ് സമയത്ത് അതിൻറെ 30 ശതമാനവും ഡബ്ബിങ് സമയത്ത് 30 ശതമാനവും റിലീസിനു ശേഷം ബാക്കി 40 ശതമാനവും നൽകാമെന്ന രീതിയിലാണ് പറഞ്ഞിരുന്നത്. ഭൂരിഭാഗവും അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നവരായതിനാൽ ഒരു കമ്മിറ്റിക്ക് മാത്രമായി തീരുമാനം പറയാനാകില്ലെന്നും, ജനറൽ ബോഡി കൂടിക്കഴിഞ്ഞ ശേഷം ഇതിന് മറുപടി തരാമെന്നുമാണ് അമ്മയിൽനിന്ന് അറിയിച്ചതെന്നും ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി.


Related News

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം അവസാനിപ്പിച്ചു
ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാർത്ഥിനി മരിച്ചു
കണ്ണാടിയിലേക്ക് എന്നെത്തന്നെ നോക്കാൻ ഞാൻ ഭയപ്പെട്ടിരുന്ന ദിവസങ്ങൾ; ആ ദിവസങ്ങളെപ്പറ്റി വീണ മുകുന്ദൻ
ആദിത്യൻ പോയി; ഉള്ളുലയ്ക്കുന്ന കുറിപ്പുമായി ഗായകൻ ജി വേണുഗോപാൽ