ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ

02 November, 2024


നമ്മിൽ നിന്ന് വിട്ടുപിരിഞ്ഞ ആത്മാക്കളുടെ ഓർമ്മയ്ക്കായാണ് സകല മരിച്ചവരുടെയും ഓർമ്മ ദിവസം ആചരിക്കുന്നത്. മരിച്ചു പോയവർക്കു വേണ്ടിയുള്ള പ്രാർത്ഥനകൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഓരോ സംസ്‌കാരത്തിലും വ്യത്യസ്ത രീതികളിൽ മരിച്ചു പോയവർക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ ആചരിക്കപ്പെട്ടിരുന്നു. ജറുസലേമിലെ വിശുദ്ധ സിറിലും വിശുദ്ധ ജോൺ ക്രിസോസ്റ്റവുമാണ് മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ ആദ്യമായി തയ്യാറാക്കിയതെന്നു കരുതപ്പെടുന്നു. കുടുംബങ്ങളിൽ നിന്നും മരിച്ചവരെ അനുസ്മരിക്കാനാണ് ഈ പ്രാർത്ഥനകൾ എഴുതപ്പെട്ടത്.

ഒൻപതാം നൂറ്റാണ്ടോടു കൂടി വിശുദ്ധ ഒഡിലോ ഓഫ് ക്ലൂണി ആണ് ആദ്യമായി നവംബർ മാസം രണ്ടാം തിയതി മരിച്ചവർക്കു വേണ്ടിയുള്ള പ്രത്യേക ഓർമ്മ ദിവസമായി ആചരിക്കുവാൻ ആരംഭിച്ചത്. അതിന് കാരണമായി അദ്ദേഹം പറഞ്ഞത് ഒന്നാം തിയതി സകല വിശുദ്ധരുടെയും തിരുനാൾ ദിനമാണ് എന്നതാണ്. കാരണം വിശുദ്ധരുടെ ജീവിതത്തെ കൂടുതൽ അടുത്തനുകരിക്കാനും മാധ്യസ്ഥ്യം വഹിക്കാനുമുള്ള അവസരമാണിത്.

ഇതേ തുടർന്ന് ബെനഡിക്ടൈൻ, കർത്തൂസിയൻ സമൂഹാംഗങ്ങൾ അവരുടെ ആശ്രമങ്ങളിൽ മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനാ ദിനം ആചരിച്ചു തുടങ്ങി. പോപ്പ് സിൽവെസ്റ്റർ രണ്ടാമൻ ഇത് അംഗീകരിക്കുകയും പിന്നീട് തിരുസഭയുടെ തിരുനാളായി സകല മരിച്ചവരുടെയും തിരുനാൾ മാറുകയും ചെയ്തു. അങ്ങനെ നവംബർ മാസം രണ്ടാം തീയതി സകല മരിച്ചവരുടെയും തിരുനാൾ സഭയിൽ കൊണ്ടാടുന്നു. ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കൾക്ക് വേണ്ടി ദണ്ഡ വിമോചനം ഈ ദിവസം അനുവദനീയമാണ്. വിശ്വാസികൾക്ക് ഈ ദിവസം സിമിത്തേരിയിൽ പോയി നമ്മെ വിട്ടുപിരിഞ്ഞവരുടെ സമ്പൂർണ ദണ്ഡ വിമോചനത്തിനായി അപേക്ഷിക്കാം.

വർഷത്തിൽ നവംബർ ഒന്നുമുതൽ എട്ട് വരെ പൂർണ ദണ്ഡ വിമോചനത്തിനും അല്ലാത്ത ദിവസങ്ങളിൽ ഭാഗിക ദണ്ഡ വിമോചനത്തിനും അപേക്ഷിക്കാവുന്നതാണ്. സഭയുടെ പൂർണ ദണ്ഡ വിമോചന പ്രാർത്ഥന ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കൾക്ക് വേണ്ടി മാത്രമാണ്. വിട്ടു പിരിഞ്ഞ ആത്മാക്കൾക്ക് വേണ്ടി നവംബർ രണ്ടിന് കല്ലറകളിൽ പോവുകയും 'സ്വർഗ്ഗസ്ഥനായ പിതാവും', 'വിശ്വാസപ്രമാണവും' ചൊല്ലേണ്ടതുമാണ്. സമ്പൂർണ പാപ മോചനത്തിനായി മൂന്ന് കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്: ആരാധനക്രമം അനുസരിച്ചുള്ള കുമ്പസാരം, കുർബ്ബാന സ്വീകരണം, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന. സിമിത്തേരി സന്ദർശനത്തിന് മുമ്പോ പിമ്പോ പല ദിവസങ്ങളിലായി മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളും ചെയ്യാവുന്നതാണ്.

എന്നിരുന്നാലും പരിശുദ്ധ കുർബ്ബാന കൈകൊള്ളുന്ന ദിവസം തന്നെ പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന ചൊല്ലുന്നതും സിമിത്തേരി സന്ദർശനം നടത്തുന്നതും ഉത്തമമായിരിക്കും. തിരുസഭ തന്നിൽ നിന്നും വിട്ടുപിരിഞ്ഞ് ഇതിനോടകം തന്നെ സ്വർഗീയ ഗൃഹത്തിൽ താമസമാക്കിയവരുടെ പേരിൽ ഇന്നലെ (നവംബർ 01) സന്തോഷിക്കുകയും മറ്റ് വിശുദ്ധർക്കൊപ്പം ചേരുന്നതിനായി ശുദ്ധീകരണ സ്ഥലത്ത് സഹനങ്ങളാൽ കാത്തിരിക്കുന്നവർക്ക് വേണ്ടി ഇന്ന് (നവംബർ 02) പ്രാർത്ഥിക്കുകയും ചെയ്യുന്നു. 

Comment

Related News

ഇന്ന് പതിമൂന്നാം തീയതി, ദൈവാനു​ഗ്രഹം സമൃദ്ധമാകുന്ന ദിനം.
താല്പര്യമുള്ളവർക്ക് പ്രയർ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ബ്രദർ ഷിബു കിഴക്കേക്കുറ്റ് കാനഡ
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ