കാനഡയിലെ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം; ഇന്ത്യക്കാരനെത്തിയത് സ്റ്റുഡന്റ് വിസയില്‍

09 May, 2024


കാനഡയില്‍  ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ ഇന്ത്യന്‍ പൗരന്‍ സ്റ്റുഡന്റ് വിസയിലാണ് കാനഡയില്‍ എത്തിയതെന്ന് റിപ്പോര്‍ട്ട്. 

മെയ് 3 ന് മറ്റ് രണ്ട് പേര്‍ക്കൊപ്പം അറസ്റ്റിലായ കരണ്‍ ബ്രാര്‍, 2019 ല്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പഞ്ചാബിലെ ബതിന്ഡയിലെ എത്തിക് വര്‍ക്ക്‌സ് ഇമിഗ്രേഷന്‍ സര്‍വീസസ് വഴി സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിച്ചതായും ദിവസങ്ങള്‍ക്കുള്ളില്‍ വിസ ലഭിച്ചതായും പറഞ്ഞു. കാനഡയില്‍ സ്റ്റാന്‍ഡേര്‍ഡ് സ്റ്റുഡന്റ് വിസ പ്രോസസ്സിംഗ് സമയം ഏകദേശം 7-9 ആഴ്ചയാണ്. കാനഡ ആസ്ഥാനമായുള്ള ഗ്ലോബല്‍ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇമിഗ്രേഷന്‍ സര്‍വീസസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വ്യക്തമാക്കി ഒരു പ്രൊമോഷണല്‍ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. അതില്‍ കനേഡിയന്‍ സ്റ്റഡി പെര്‍മിറ്റുള്ള പാസ്പോര്‍ട്ട് കൈവശം വച്ചിരിക്കുന്ന ബ്രാറിന്റെ ഫോട്ടോയുണ്ട്. എന്നാല്‍, വീഡിയോ ഇപ്പോള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. 'കാനഡ സ്റ്റഡി വിസയ്ക്ക് അഭിനന്ദനങ്ങള്‍ കരണ്‍ ബ്രാര്‍... കോട്കപുരയില്‍ നിന്നുള്ള ഒരു ക്ലൈന്റ്,' എന്നായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്.

നേരത്തെ നിജ്ജാര്‍ കൊല്ലപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കൊലപാതകം നടന്ന് ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. 2020-ല്‍ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച നിജ്ജാര്‍, 2023 ജൂണ്‍ 18-ന് വൈകുന്നേരം ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ച് വെടിയേറ്റാണ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. സിബിഎസ് നെറ്റ്വര്‍ക്കിന്റെ സംപ്രേക്ഷണം ചെയ്യുന്ന കനേഡിയന്‍ അന്വേഷണാത്മക ഡോക്യുമെന്ററി പരമ്പരയായ 'ദി ഫിഫ്ത്ത് എസ്റ്റേറ്റ്'-ല്‍ നിന്ന് സിബിഎസ് ന്യൂസിന് വീഡിയോ ലഭിക്കുകയായിരുന്നു. ഒന്നിലധികം ഉറവിടങ്ങള്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ചാരനിറത്തിലുള്ള ഡോഡ്ജ് റാം പിക്കപ്പ് ട്രക്കില്‍ ഗുരുദ്വാരയുടെ പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് നിജ്ജാര്‍ ഇറങ്ങിപ്പോകുന്നത് വീഡിയോയില്‍ കാണാം. ഒരു വെളുത്ത സെഡാന്‍ അടുത്തുള്ള റോഡിലൂടെ പോകുന്നതും പിന്നീട് എക്‌സിറ്റിനടുത്തെത്തുമ്പോള്‍ കാര്‍ നിജ്ജാറിന്റെ മുന്നില്‍ വന്ന് ട്രക്ക് തടയുന്നതും വ്യക്തമാണ്. തുടര്‍ന്ന്, രണ്ട് പേര്‍ ട്രക്കിലേക്ക് ഓടിക്കയറി നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തി. ഇവര്‍ പിന്നീട് സില്‍വര്‍ ടൊയോട്ട കാമ്രി കാറില്‍ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.



Comment

Related News

മാലിയിൽ സ്വർണ്ണ ഖനി തകർന്ന് നാൽപ്പത്തിമൂന്ന് പേർ മരിച്ചു
800 പേരെ നാടുകടത്തിയതായി യു.കെ; ആശങ്കയോടെ ഇന്ത്യൻ വിദ്യാർത്ഥികൾ
വംശീയ പരാമർശം യു.കെ ആരോ​ഗ്യമന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി
ലൈംഗികാരോപണം: ആം​ഗ്ലിക്കൻ മലയാളി ബിഷപ്പ് രാജിവെച്ചു