കേരളസർക്കാരിന് കേന്ദ്രം പ്രളയമുന്നറിയിപ്പ് നൽകിയിരുന്നു, കേരളം എന്ത് ചെയ്തു; ആഭ്യന്തര മന്ത്രി അമിത് ഷാ

31 July, 2024

ജൂലൈ 23ന് കേരള സർക്കാരിന് പ്രളയ മുന്നറിയിപ്പ് നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. വയനാട് ചൊവ്വാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ 200 ഓളം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ  മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ ശേഷമായിരുന്നു അമിത് ഷായുടെ പ്രതികരണം. വിഷയത്തിൽ രാഷ്ട്രീയം പാടില്ലെന്നും അമിത് ഷാ പറഞ്ഞു.

“2014 മുതൽ മുൻകൂർ മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കുന്നതിനായി കേന്ദ്രം 2,000 കോടി രൂപ ചെലവഴിച്ചു. സംഭവത്തിന് ഏഴ് ദിവസം മുമ്പ് ജൂലൈ 23 ന് കേന്ദ്രം കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, തുടർന്ന് ജൂലൈ 24, 25, 26 തീയതികളിലും ഞങ്ങൾ അവർക്ക് വീണ്ടും മുന്നറിയിപ്പ് നൽകിയിരുന്നു, 20 സെൻ്റിമീറ്ററിൽ കൂടുതൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി’, അമിത് ഷാ പറഞ്ഞു.

മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്ത് ചെയ്തു എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. മുന്നറിയിപ്പിൻറെ അടിസ്ഥാനത്തിൽ കൃത്യമായ നടപടിയെടത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അമിത് ഷാ  രാജ്യസഭയിൽ പറഞ്ഞു. ഈ ദുരന്തത്തിൽ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകുമെന്നും രാഷ്ട്രീയ ഭിന്നത മറന്ന് കേരളത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധ്യമായ എല്ലാ സഹായവും തുടക്കം മുതൽ കേന്ദ്രം നൽകി വരുന്നുവെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായും അറിയിച്ചു.

കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച വയനാട്ടിൽ നാല് മണിക്കൂറിനുള്ളിൽ മൂന്ന് ഉരുൾപൊട്ടലുകൾ ഉണ്ടായി,  ചാലിയാർ പുഴയിൽ നിരവധി പേർ ഒഴുക്കിൽപ്പെട്ടു. ജില്ലയിൽ 45 ദുരിതാശ്വാസ ക്യാമ്പുകളിലായി 3069 പേരെ പാർപ്പിച്ചിട്ടുണ്ട്. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

Comment

Editor Pics

Related News

കാസ്റ്റിംഗ് കൗച്ച് തടഞ്ഞത് കൊണ്ട് സിനിമകൾ നഷ്ടപ്പെട്ടതായി നടൻ ഗോകുൽ സുരേഷ്
സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം, ഒരു മാസത്തേക്ക് അറസ്റ്റ് തടഞ്ഞു
നിവിൻ പോളിക്കെതിരെ ലൈംഗിക പീഡന പരാതി; യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ട യൂട്യൂബർമാർക്കെതിരെ കേസ്
ആപ്പിളിന്റെ പുതിയ ഐഫോൺ 16 ഇന്ന് ലോഞ്ച് ചെയ്യും