യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.

05 August, 2024

തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയിൽ യുവതിയെ വീട്ടിൽ കയറി വെടിയുതിർത്ത സംഭവത്തിൽ പ്രതിയായ ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പൊലീസ് ദീപ്തിയെ എറണാകുളത്തും കൊല്ലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തും.

കേസിൽ ദീപ്തി വെടിയുതിർത്ത എയർ പിസ്റ്റൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊല്ലത്ത് ഡോക്ടർ താമസിച്ച ക്വാർട്ടേഴ്‌സിലുൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ജൂലൈ 28ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ദീപ്തി വഞ്ചിയൂരിലെ സുജിത്തിന്റെ വീട്ടിലെത്തി ഭാര്യ ഷിനിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഷിനിയുടെ വലത് കൈയ്ക്ക് പരിക്കേറ്റിരുന്നു. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാനെന്ന പേരിൽ മുഖംമൂടി ധരിച്ചെത്തിയാണ് ദീപ്തി ആക്രമണം നടത്തിയത്.

ദീപ്തിയെ വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ക്രിട്ടിക്കൽ കെയർവിഭാഗത്തിലെ പ്രധാന ഡോക്ടറായ ദീപ്തിയെ ഡ്യൂട്ടിക്കിടെ ഉച്ചയ്ക്ക് ആശുപത്രി പരിസരത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവ ദിവസം തന്നെ ആളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നു. കൊല്ലം വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദീപ്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിലായ ദീപ്തിയും ഷിനിയുടെ ഭർത്താവ് സുജിത്തും ഒന്നരവർഷം മുൻപ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒന്നിച്ച് ജോലി ചെയ്തിരുന്നു. കൊവിഡ് കാലത്താണ് ഇരുവരും പരിചയത്തിലാകുന്നത്. അവിടെവച്ച് ഇവർ അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് സുജിത്ത് ഈ ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നു കാലത്ത് സുജിത്ത് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് ദീപ്തി മൊഴി നൽകിയിട്ടുണ്ട്. ഇതിലുള്ള പ്രതികാരമാണ് കൃത്യം നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും ദീപ്തി മൊഴി നൽകിയിട്ടുണ്ട്.

Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി